Connect with us

EDUCATION

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.21%. 5,289 പേര്‍ക്ക് ടോപ് പ്ലസ്

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്

Published

on

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,771 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,44,888 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,40,405 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 13,298 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 13,163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പരീക്ഷക്ക് രജിസ്തര്‍ ചെയ്ത 60 വിദ്യാര്‍ത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്‍ത്ഥികളില്‍ 595 പേരും വിജിയിച്ചു.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്‍ 1,13,279 പേര്‍ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 93,104 കുട്ടികളില്‍ 92,771 പേര്‍ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,470 കുട്ടികളില്‍ 40,843 പേര്‍ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്‍ 7,330 പേര്‍ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്‍ഡ്ക്ലാസും ലഭിച്ചു.

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 162 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 151 പേരും, ഏഴാം ക്ലാസില്‍ 127 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 126 പേരും, പ്ലസ്ടു ക്ലാസില്‍ 35 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസയില്‍ നിന്നാണ്. 60 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 50 പേര്‍ വിജയിച്ചു.

സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്കൂള്‍ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 250 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 238 പേരും, ഏഴാം ക്ലാസില്‍ 245 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 240 പേരും വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 161 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 160 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പുന്നക്കാട് ദാറുന്നജാത്ത് മദ്റസയില്‍ നിന്നാണ്. രജിസ്തര്‍ ചെയ്ത 8 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്‍ത്ഥികള്‍.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.

EDUCATION

അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍

നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Published

on

അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading

EDUCATION

വിദ്യാഭ്യാസത്തിന്റെ പവിത്രത നശിപ്പിക്കരുത്

Published

on

വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്‍ നിന്നുണ്ടാകുന്നത്. പിണറായി സര്‍ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഒന്നിനും ഒരു വ്യവസ്ഥയില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇയ്യിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യ ക്കടലാസുകളാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. എന്നാല്‍ അതിനെ ന്യായീകരിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും വകുപ്പില്‍ നിന്നുമുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. വളരെ ലാഘവത്തോടെയായിരുന്നു സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് സമീപിച്ചത്. എന്നാല്‍ ഇന്നലെ ഹൈക്കോടതിക്കുതന്നെ വകുപ്പിനെതിരെ വടി എടുക്കേണ്ടി വന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നത് പരീക്ഷാ പ്രക്രിയയിലും വിദ്യാര്‍ഥികളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വിദ്യാഭ്യാസ വകുപ്പിന് പാഠമാകേണ്ടതുണ്ട്. പരീക്ഷയുടെ പവിത്രത നിലനിര്‍ത്തണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഉറവിടം കണ്ടു പിടിക്കണമെന്നും എം.എസ് സൊല്യൂഷന്‍ സി.ഇ.ഒയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി പറഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്.

പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പറുകള്‍ ചോരുന്ന സംഭവം ഗൗരവത്തോടെയാണ് കാണേണ്ടത്. ചോദ്യക്കടലാസ് ചോര്‍ത്തിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിന്റെ അറസ്റ്റോടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എം.എസ് സൊലൂഷന്‍സ് സി.ഇ.ഒ ഷുഹൈബ് കീഴടങ്ങുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് നാസര്‍ ചോര്‍ത്തി നല്‍കിയത്. മുന്‍വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയതായി നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന തെളിവുകളായുള്ളത്. കഴിഞ്ഞ ഓണ പരീക്ഷയില്‍ മുന്‍ പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്‍ ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എം.എസ് സൊല്യൂഷന്‍ പ്രവചിച്ചിരുന്നു. ഇതേ പരീക്ഷയില്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന 25ാമത്തെ ചോദ്യവും എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചതാണ്. ഇക്കഴിഞ്ഞ അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പത്താംക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുള്ള എല്ല ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സ പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇക്കുറി ആറ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യപേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍നിന്ന് തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതായി വ്യക്തമായിരുന്നു.

ചോദ്യക്കടലാസ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കിയതും മറ്റൊരു പ്രഹസനമാണ്. അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെതിരെ സര്‍ക്കാര്‍ തലത്തില്‍ എന്ത് വകുപ്പുതല നടപടിയാണ് സ്വീകരിക്കാനാകുകയെന്നത് കണ്ടറിയണം.

നമ്മുടെ പവിത്രമായ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി കഷ്ടത്തിലാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണം.

 

Continue Reading

EDUCATION

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടങ്ങും

സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

Published

on

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ ഒൻ‌പത് കേന്ദ്രങ്ങളും ​ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് പരീക്ഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. എപ്രിൽ 3നാണ് മൂല്യനിർണയം.

ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ്‌ പരീക്ഷയ്ക്കിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ്‌ വിദ്യാർഥികൾ, 1893 പേർ.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ ഗവ. സംസ്കൃതം എച്ച്എസാണ് കുറവ് വിദ്യാർഥികളുള്ള കേന്ദ്രം.

രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. 1.30ന് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകളും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 26ന് അവസാനിക്കും. മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷകൾ 29നും അവസാനിക്കും.

പരീക്ഷാ നടത്തിപ്പ് സു​ഗമമാക്കുന്നതിനും ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പരീക്ഷാ ഹാളുകളിൽ കുടിവെള്ള സംവിധാനവുമുണ്ടാകും.

Continue Reading

Trending