അലിഗഢ് മലപ്പുറം സെന്ററിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോ. എം.പി സമദാനി. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹരം കാണണമെന്നാവശ്യപ്പെട്ട് ബഹു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാനെ കണ്ട് നിവേദനം നല്‍കി. കേന്ദ്രസഹായം ലഭിക്കാത്തതുകൊണ്ട് യൂണിവേഴ്‌സിറ്റി സെന്ററിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
നിലവിലെ ഡി.പി.ആര്‍ അനുസരിച്ച് സമ്പൂര്‍ണ്ണവും സ്വതന്ത്രവുമായ സര്‍വ്വകലാശാലയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ധനസഹായം അനുവദിക്കുക, പുതിയ വിദ്യാഭ്യാസനയത്തിന്റെ (എന്‍.ഇ.പി 2020) ഭാഗമായി സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനം എന്ന പരിഗണന നല്‍കുക, ഇതിനായി സെന്റര്‍ നിലകൊള്ളുന്ന പ്രദേശം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സോണില്‍ ഉള്‍പെടുത്തുക, സെന്ററിന്റെ വികസനത്തില്‍ അഞ്ചുവര്‍ഷമായി തുടരുന്ന സ്തംഭനാവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, നിലവിലുള്ള ഡി.പി.ആര്‍ പ്രകാരം കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാന്‍ സൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. നിവദേനം സമര്‍പ്പിച്ച ശേഷം മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നിവേദനം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞെന്നും സമദാനി അറിയിച്ചു.