ഇന്ത്യന്‍ സേന പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് ടെലികോം എഞ്ചിനീയര്‍ എന്ന നിലയില്‍ രാജ്യാന്തര പ്രശസ്തന്‍നും രാഹുല്‍ ഗാന്ധിയുടെ ഉപദേശകനുമായ സാം പിത്രോഡ.
ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വധിച്ച ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച പിത്രോഡ. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഇതിന്റെ വസ്തുതയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം,സാം പിത്രോഡ പറഞ്ഞു.
അതേസമയം വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പിത്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവാണിതെന്നും മോദി ആരോപിച്ചു.
എന്നാല്‍ സൈന്യത്തെ അപമാനിച്ചിട്ടില്ലെന്ന മറുപടിയുമായി പിത്രോഡ രംഗത്തെത്തി. താന്‍ സംസാരിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായല്ലെന്നും പൗരന്‍ എന്ന നിലയിലുള്ള താന്‍ അഭിപ്രായം പറഞ്ഞതെന്നും പിത്രോഡ വ്യക്തമാക്കി. പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന ബിജെപിയും മോദിയും വിവാദമാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി പിത്രോഡ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബലാകോട്ടില്‍ എന്ത് നടന്നു എന്നറിയാന്‍ പൗരന്‍ എന്ന നിലയില്‍ തനിക്ക് അവകാശം ഉണ്ട്. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. തന്റെ പ്രസ്താവനയില്‍ വിവാദമായ ഒന്നും ഇല്ല. ബാലിശമായ കാര്യങ്ങള്‍ ഉയര്‍ത്തി തന്റെ പ്രസ്താവനയെ വിവാദമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ശക്തനാണെങ്കില്‍ ഹിറ്റ്ലറും ശക്തനായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനും യുദ്ധം നടത്താമായിരുന്നു. പക്ഷെ, അതല്ല ജനാധിപത്യ സര്‍ക്കാരിന്റെ ശൈലിയെന്നും പിത്രോഡ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിവാദമാക്കി പുല്‍വാമയിലെ സുരക്ഷാവീഴ്ചയെ മറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോഡയെ വസതിയിലേക്ക് വിളിപ്പിച്ചു. ഇരുവരും രാഹുലിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്.