X

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; സി. കൃഷ്ണകുമാറിനെതിരെ മുനി. ചെയർപേഴ്സൺ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാറിനെ നിശ്ചയിച്ചത് ശരിയായിരുന്നില്ലെന്ന് ബിജെപി യുടെ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുറന്നടിച്ചു. ജനവികാരം കൃഷ്ണകുമാറിനെതിരായിരുന്നു. പ്രചാരണത്തിലും അതിനുമുമ്പും ‘നിങ്ങൾക്ക് കൃഷ്ണകുമാറിനെ മാത്രമേ കിട്ടിയുള്ളോ ‘ എന്ന് പല വോട്ടർമാരും ചോദിച്ചു .സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഞങ്ങൾ ഞങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു -പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കൃഷ്ണുകുമാറിനെതിരെ അവരുടെ നഗരസഭയിലെ ചെയർപേഴ്സൺ തന്നെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് പാർട്ടിയിൽ ബിജെപിയുടെ തോൽവി വലിയ ഞെട്ടൽ ഉണ്ടാക്കി എന്നതിന് തെളിവാണ്. ബിജെപിയുടെ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും നേരത്തെ കൃഷ്ണു കുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ വിമർശനം ഉയർത്തിയിരുന്നു.

മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ വിജയ സാധ്യത കൂടുമായിരുന്നു. 1500 ഓളം വോട്ടുകളാണ് നഗരസഭ പരിധിയിൽ ബിജെപിക്ക് കുറഞ്ഞത്. മണ്ഡലത്തിൽ മൊത്തം 10,000 വോട്ടുകളുടെ കുറവാണ് ബിജെപിക്ക് സംഭവിച്ചത്.എല്ലാ തെരഞ്ഞെടുപ്പുകളിലും കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയണികളിലും അനുഭാവികളും വലിയ നിരാശ ഉണ്ടായിരുന്നുവെന്ന് പ്രമീള പറഞ്ഞു. പാർട്ടിയിലെ ശോഭാസുരേന്ദ്രന്റെ ഗ്രൂപ്പാണ് ഇത്തരം ഒരു പരസ്യ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ശോഭാസുരേന്ദ്രനെ പാലക്കാട് തോൽവിയുടെ പേരിൽ ക്രൂശിക്കുന്നത് ശരിയല്ലെന്നും പ്രമീള പറഞ്ഞു.

webdesk13: