Connect with us

kerala

സാദിഖലി തങ്ങള്‍ക്ക് അനുഗ്രഹവുമായെത്തിയ ചിത്രന്‍ നമ്പൂതിരിപ്പാട്

ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു.

Published

on

കെ.എ മുരളീധരന്‍

തൃശൂര്‍: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റ സമയം. എല്ലാ ജില്ലകളിലെയും വിവിധ മേഖലകളില്‍ പ്രമുഖരായവരെ കാണാന്‍ തങ്ങളെത്തുന്നു. 2022 ജൂണ്‍ 8ന് തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്ന സൗഹൃദ സംഗമത്തില്‍ സാദിഖലി തങ്ങളെ കാണാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 102 വയസായ പി. ചിത്രന്‍ നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.
ആമുഖ പ്രഭാഷണത്തില്‍ സാദിഖലി തങ്ങള്‍ ഇടശേരി ഗോവിന്ദന്‍നായരുടെ പ്രശസ്തമായ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി കഥാസന്ദര്‍ഭം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നൂറു ശതമാനം ഞാനൊരാര്യ കൂറും കുടുമയുമുള്ള ഹിന്ദു. മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയിട്ട് നടന്നുകൊള്ളൂ എന്നു തുടങ്ങുന്ന കവിതയുടെ കഥാ സാരം ഇങ്ങിനെയാണ്. കവിയുടെ അലവി എന്ന സ്‌കൂള്‍കാല കൂട്ടുകാരനാണ് കവിതയിലെ കഥാപാത്രം. പിതാവിന്റെ ചായക്കടയില്‍ നിന്നാണ് അലവി ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നത്. അന്നേരമെല്ലാം മറ്റൊരു കഥാപാത്രമായ കവി കാഴ്ചകള്‍ കണ്ട് വിശന്നുവലഞ്ഞ് മരചുവട്ടിലിരിക്കും. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആരും കാണാതെ പിതാവിന്റെ കടയില്‍ നിന്ന് അലവി ഉടുമുണ്ടില്‍ ഒരു പഴം പൊതിഞ്ഞുകൊണ്ടുവന്ന് കവിക്ക് നല്‍കും. ഇതു കഴിച്ചാണ് കവി വിശപ്പടക്കുന്നത്. ഒരുനാള്‍ ഈ കുഞ്ഞു കള്ളം കയ്യോടെ പിടിക്കപ്പെട്ടു. ബാപ്പ പൊതിരെ തല്ലിയിട്ടും വേദന സഹിച്ചതല്ലാതെ അലവി കവിയുടെ പേരു പറയുന്നില്ല. ഹിന്ദു സ്‌നേഹിതന്റെ അഭിമാനം സംരക്ഷിക്കുന്ന അലവിയിലൂടെ കവി ഇസ്‌ലാമിലെ വന്‍മല കാണുകയാണ്. തന്റെ അഭിമാനം സംരക്ഷിക്കാന്‍ അലവി എന്ന മാപ്പിള സ്‌നേഹിതന്‍ സഹിച്ച ത്യാഗം ഭാവനയില്‍ കണ്ടാണ് കവി ഈ കവിതയെഴുതുന്നത്. ജാതിക്കും മതങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യസ്‌നേഹത്തിന്റെ എല്ലാകാലത്തേക്കുമുള്ള ഹിന്ദു മുസ്‌ലിം ബന്ധത്തിന്റെ വലിയ ഓര്‍മപ്പെടുത്തലായി കവിത മാറുന്നുണ്ട്.
സാദിഖലി തങ്ങളുടെ പ്രസംഗം കഴിഞ്ഞ് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും എഴുന്നേറ്റു. ഞാനൊരു മലപ്പുറംകാരനാണെന്ന് പറയുന്നതില്‍ എനിക്കെന്നും അഭിമാനമുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ചിത്രന്‍ നമ്പൂതിരിപ്പാട് ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും സാദിഖലി തങ്ങളെ കാണാനും അനുഗ്രഹിക്കാനും കൂടിയാണ് ഞാന്‍ വന്നതെന്നും പറഞ്ഞാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഹ്രസ്വ പ്രസംഗം അവസാനിപ്പിച്ചത്.
പി.ചിത്രന്‍ നമ്പൂതിരിപ്പാട് എന്ന വലിയ മനുഷ്യന്‍ അങ്ങിനെയൊരാളായിരുന്നു. മലപ്പുറത്തിന്റെ നന്മ എന്നും ജീവിതത്തില്‍ കൂടെ കൊണ്ടുനടന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം അതുകൊണ്ടുകൂടിയാണ് എല്ലാവരിലും വേദനയുണര്‍ത്തുന്നത്.
1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചെറുപ്രായം മുതല്‍ തന്നെ ഹിമാലയത്തോട് വലിയ പ്രിയമായിരുന്നെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഹിമാലയം സന്ദര്‍ശിച്ച, വീടിനടുത്തുണ്ടായിരുന്ന ഒരു വ്യക്തി നിരന്തരം ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള കഥകള്‍ പറയുമായിരുന്നു. 1952ലായിരുന്നു ആദ്യ ഹിമാലയന്‍ യാത്ര. എന്നാല്‍ സുഹൃത്തുമൊത്തുള്ള ആ യാത്ര രുദ്രപ്രയാഗില്‍ വെച്ച് ഫുഡ് പോയ്‌സണ്‍ വന്നതോടെ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1956-ല്‍ നടത്തിയ ഹിമാലയന്‍ യാത്ര വിജയകരമായി. പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ഈ യാത്രക്കിടയില്‍ ഉത്താരാഖണ്ഡില്‍ ഭൂകമ്പത്തില്‍ അച്ഛനും അമ്മയും മരിച്ചുപോയൊരു കുട്ടിയ്ക്ക് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. പഠനാവശ്യത്തിനുള്ള പണമെല്ലാം അയച്ചുകൊടുത്തിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് എല്ലാ യാത്രയിലും അവനെപോയി കണ്ടിരുന്നു.
ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരുമായി നല്ല ബന്ധം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനുണ്ടായിരുന്നു. ഇ.എം.എസ്, സി.എച്ച് മുഹമ്മദ്കായ, കെ. കരുണാകരന്‍, സി.അച്യുതമേനോന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി നല്ല അടുപ്പമുണ്ടായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് തൃശൂരിലെ എല്ലാ സാസ്ംകാരിക പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു. നൂറ്റിമൂന്നാം വയസില്‍ എല്ലാ യാത്രകളും അവസാനിപ്പിച്ച് ചിത്രന്‍ നമ്പൂതിരിപ്പാട് മടങ്ങുമ്പോള്‍ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഒരു നല്ല മനുഷ്യന്റെ അഭാവം സാസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടം തന്നെയാകും.

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending