Connect with us

Culture

സ്വന്തം പിഴവുകള്‍ക്ക് ഈജിപ്തുകാര്‍ കൊടുക്കേണ്ടി വന്ന വലിയ വില

Published

on

മുഹമ്മദ് ഷാഫി

റഷ്യ 3 – ഈജിപ്ത് 1

#RUSEGY

സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്‌ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും യൂറോപ്യന്‍ ഫുട്‌ബോള്‍ മാധ്യമങ്ങളിലെ കളിയെഴുത്തുകളെയും വിശ്വസിച്ചതായിരുന്നു കാരണം. പക്ഷേ, ഇന്നലെ ഈജിപ്തിനെതിരായ മത്സരം കഴിഞ്ഞതോടെ ഒരു കാര്യം തീര്‍ച്ചയായി; ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ടീമുകള്‍ക്കെതിരെ വിജയിക്കാനുള്ള ‘മരുന്ന്’ റഷ്യക്കാരുടെ കൈവശമുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പരമാവധി മുന്നേറാനാണ് അവര്‍ ശ്രമിക്കുന്നത്.

മുഹമ്മദ് സലാഹ് മടങ്ങിയെത്തിയത് ആദ്യകളി തലനാരിഴക്ക് തോറ്റ ഈജിപ്തിന് ആത്മവിശ്വാസം പകര്‍ന്നെങ്കില്‍, ഉയരക്കുറവുള്ള അറബികളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നന്നായി ഗൃഹപാഠം ചെയ്താണ് റഷ്യ ഇറങ്ങിയത്. മൂന്ന് കാര്യങ്ങളാണ് റഷ്യയുടെ കളിയില്‍ പ്രകടമായത്. 1. തങ്ങളുടെ ശരീരപ്രകൃതിക്ക് ഇണങ്ങുകയും ഈജിപ്തുകാരെ വിഷമിപ്പിക്കുകയും ചെയ്യുന്നവിധത്തില്‍ അവര്‍ ഹൈബോളുകളെ നിരന്തരം ഉപയോഗിച്ചു. 2. അപകടമേഖലയില്‍ മുഹമ്മദ് സലാഹിനെ സെക്കന്റ് ടച്ചിന് അനുവദിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 3. ഗോള്‍ നേടിയപ്പോള്‍ ആശ്വാസത്തില്‍ ദീര്‍ഘനിശ്വാസം വിടുന്നതിനു പകരം അടുത്ത ഗോള്‍കൂടി നേടാന്‍ വേണ്ടി ആക്രമണം ശക്തമാക്കി.

ഉറുഗ്വേയെ അമ്പരപ്പിച്ച ഈജിപ്തിനെ വെറുതെ പ്രതിരോധിച്ച് സമയം കളയേണ്ടതില്ലെന്നും, ആക്രമണത്തിന് മറുപടി ആക്രമണമാണെന്നുമായിരുന്നു ചെര്‍ചസേവിന്റെ സിദ്ധാന്തം. രണ്ട് സുപ്രധാന മാറ്റങ്ങള്‍ അയാള്‍ ടീമില്‍ വരുത്തിയിരന്നു. ഫ്യൊദോര്‍ സ്‌മോളോവ് എന്ന ‘സാധാരണ’ സ്‌ട്രൈക്കര്‍ക്കു പകരം രണ്ട് മീറ്ററോളം ഉയരവും 91 കിലോ ശരീരഭാരവുമുള്ള ആര്‍തം സ്യൂബക്ക് ആക്രമണ ചുമതല നല്‍കി. വേഗതയും കിട്ടിയ താപ്പിന് ഷോട്ട് തൊടുക്കാന്‍ ശേഷിയുമുള്ള ചെറിഷേവിനെ ആദ്യംമുതല്‍ക്കെ കളിപ്പിച്ച് ഇടതുവിങില്‍ വിന്യസിച്ചു.

ഈജിപ്തുകാര്‍ക്ക് സുരക്ഷിതമായ ശൈലി പുല്‍ത്തകിടിയിലൂടെയുള്ള പാസുകളായിരുന്നു. എന്നാല്‍, മൈതാനത്തിന്റെ തലങ്ങും വിലങ്ങും എയര്‍ബോളുകള്‍ കളിച്ച് റഷ്യ അവരെ അരക്ഷിതരാക്കി. സ്വന്തം ഹാഫിന്റെ പകുതിയില്‍ നിന്ന് ഉയര്‍ന്ന് പറക്കുന്ന പന്തുകള്‍ മിക്കപ്പോഴും ഈജിപ്തിന്റെ ഗോള്‍പരിസരത്താണ് ഇറങ്ങിയത്. സ്യൂബയ്ക്കും വലതുവിങിലെ സമദോവിനും അത് കിട്ടുന്നത് ഒഴിവാക്കാന്‍ ഈജിപ്ത് പ്രതിരോധം വിഷമിച്ചു. സ്യൂബയുടെ വലിയ ശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ അലി ഗ്‌റിനും ഹെഗാസിക്കുമുള്ള അങ്കലാപ്പ് പ്രകടമായിരുന്നു. ഹൈബോളെങ്കില്‍ ഹൈബോള്‍ എന്ന രീതിയില്‍ കളിക്കാന്‍ ഈജിപ്ത് നിര്‍ബന്ധിതരായി.

നിലംവഴി പാസ് ചെയ്യാന്‍ കഴിയുമ്പോഴൊക്കെ ഈജിപ്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മുഹമ്മദ് സലാഹിന് പന്ത് കിട്ടുമ്പോള്‍. എന്നാല്‍, പിന്നില്‍നിന്ന് ഓവര്‍ലാപ്പ് ചെയ്തുവന്ന ഫാത്തിക്കും എല്‍ സയ്ദിനും എല്‍നേനിക്കും പലപ്പോഴും സലാഹിന്റെ വേഗതയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് ലിവര്‍പൂള്‍ താരത്തിന്റെ കളിയെ ബാധിച്ചു. എന്നിട്ടും പന്ത് കാലിലുള്ളപ്പോഴൊക്കെ സലാഹ് റഷ്യക്കാരില്‍ ഭീതിയുണ്ടാക്കി. ബോക്‌സിനുള്ളില്‍ ഇഗ്നാഷെവിച്ചിനെ വെട്ടിയൊഴിഞ്ഞ് 180 ഡിഗ്രി തിരിഞ്ഞ് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് അവിശ്വസനീയ കാഴ്ചയായി. ഈജിപ്തിന്റെ ഒറ്റസ്‌ട്രൈക്കറായിരുന്ന മര്‍വാന്‍ മുഹ്‌സിനെ പ്രതിരോധിക്കുക റഷ്യക്കാര്‍ക്ക് താരത്യേന എളുപ്പമായിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തിലെന്ന പോലെ ട്രെസഗേ ഇടതുഭാഗത്ത് സജീവമായി കളിച്ചു. ഗോളെന്നുറച്ച ഒരു കര്‍ളിങ് ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിനാണ് പുറത്തുപോയത്.

ദൗര്‍ഭാഗ്യമാണ് ഈജിപ്ത് വഴങ്ങിയ ആദ്യ ഗോളിലേക്ക് വഴിതുറന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സെല്‍ഫ് ഗോളടിച്ച ഫാത്തിയെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗൊളോവിന്റെ വോളി ഗോള്‍മുഖത്തേക്കു വരുമ്പോള്‍, തന്റെ തൊട്ടുപിന്നിലുള്ള സ്യൂബക്ക് പന്ത് കിട്ടാതിരിക്കണമെങ്കില്‍ ഫാത്തിക്ക് സാഹസം ചെയ്യണമായിരുന്നു. പക്ഷേ, പന്ത് കാലില്‍ ശരിയായി കൊണ്ടില്ല. യഥാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റിയ പന്ത് ക്ലിയര്‍ ചെയ്യാതെ ബോക്‌സിനു പുറത്ത് ഗൊളോവിന് ഏക്കര്‍ കണക്കിന് സ്‌പേസ് അനുവദിച്ച ഈജിപ്ഷ്യന്‍ ഡിഫന്‍സാണ് ഈ ഗോളിലെ യഥാര്‍ത്ഥ പ്രതികള്‍.

ഗോള്‍വഴങ്ങിയതിനു പിന്നാലെ ഒരു കോര്‍ണര്‍ കിക്ക് റഷ്യന്‍ ഡിഫന്‍സിനിടയിലൂടെ താഴ്ന്നുവന്നത് മുതലാക്കാന്‍ സലാഹിനും മര്‍വാനും കഴിഞ്ഞില്ല. രണ്ടാമത്തെ ഗോള്‍ ഈജിപ്തിന്റെ പ്രതിരോധപ്പിഴവിനും റഷ്യയുടെ ആസൂത്രണത്തിനും മികച്ച തെളിവായിരുന്നു. ഫെര്‍ണാണ്ടസ് ഗോള്‍ലൈനരികില്‍ നിന്ന് പിന്നിലേക്കു നല്‍കിയ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാന്‍ മാത്രം സ്വാതന്ത്ര്യം ബോക്‌സില്‍ ചെറിഷേവിന് കിട്ടി. എല്‍നേനി അനുവദിച്ച സ്‌പേസിലാണ് ചെറിഷേവ് ഓടിയെത്തി ഗോളടിച്ചത്.

രണ്ടുഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചുരവ് ഈജിപ്തിന് ഏറെക്കുറെ അസാധ്യമായിരുന്നു. എങ്കിലും അവര്‍ പൊരുതിനോക്കി. പക്ഷേ, പ്രതിരോധത്തിലെ ആലസ്യത്തിന് വീണ്ടും വിലകൊടുക്കേണ്ടി വന്നു മാത്രം. സ്വന്തം ഹാഫില്‍ നിന്ന് അന്തരീക്ഷത്തിലൂടെ ഉയര്‍ന്നുവന്ന പന്ത് ചെസ്റ്റില്‍ എടുക്കാനും സെക്കന്റ് ടച്ചില്‍ അലി ഗബ്‌റിനെയും ഹെഗാസിയെയും കീഴടക്കാനും സ്യൂബക്ക് നിഷ്പ്രയാസം കഴിഞ്ഞു.

കളിച്ച ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞു എന്നതില്‍ സലാഹിന് ആശ്വസിക്കാം. അകിന്‍ഫീവിനെ കരുത്തുകൊണ്ട് കീഴടക്കിയ പെനാല്‍ട്ടി കിക്ക് മനോഹരമായിരുന്നു. അവസാന ഘട്ടത്തില്‍ പന്ത് റിക്കവര്‍ ചെയ്ത് സലാഹ് തിടുക്കത്തില്‍ തൊടുത്ത ഷോട്ട് പുറത്തുപോയതോടെ ഈജിപ്തിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. റഷ്യക്കാരാകട്ടെ, ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കീഴടക്കിയ ആത്മവിശ്വാസത്തില്‍ ലാറ്റിനമേരിക്കക്കാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രണ്ട് മത്സരത്തില്‍ എട്ട്‌ഗോളുകള്‍ എന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ശരീരം കൊണ്ടും പ്രതിഭ കൊണ്ടും ഒരേപോലെ കളിക്കുന്ന കരുത്തരെ അവര്‍ക്ക് നേരിടാന്‍ കിട്ടിയിട്ടില്ല. ഉറുഗ്വേയേ വിറപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Trending