ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയുടെ മൂല്യം ഡോളറിനെതിരെ 72 രൂപ കടന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 72.11 വരെ എത്തി. രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച തുടരുമ്പോഴും ഇതുവരെ ഇടപെടാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല. മൂല്യത്തകര്‍ച്ചക്ക് പിന്നില്‍ ഇന്ത്യയുടേതായ കാരണങ്ങളല്ലാത്തതിനാല്‍ ഇടപെടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ചൈന, കാനഡ തുടങ്ങി പല രാജ്യങ്ങളുമായും അമേരിക്ക വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ആഗോള നിക്ഷേപകരെ സ്വാധിനിക്കുന്നതാണ് മൂല്യത്തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ ഇവിടങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് രൂപക്ക് തിരിച്ചടിയായത്.