X

ശ്രുതി ജീവിതത്തിലേക്ക് മടങ്ങുന്നു; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎല്‍എ

വയനാട് ചൂരല്‍മല ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം ഉറ്റവരും പിന്നീട് വാഹനാപകടത്തില്‍ ഭാവിവരന്‍ ജെന്‍സനെയും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലേക്ക് മടങ്ങിവരുന്നു. അപകടത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കല്‍പറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ശ്രുതിയുടെ കാലില്‍ എക്‌സറ്റണല്‍ ഫിക്ലേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാക്കര്‍ ഉപയോഗിച്ച് നടക്കാമെങ്കിലും ചികിത്സ തുടരണം.

ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ശ്രുതിയെ വീട്ടിലെത്തിച്ചത്. വാടകവീട്ടില്‍ ശ്രുതിക്കായി പ്രത്യേക കിടക്കയും സ്‌ട്രെച്ചറുമൊക്കെയൊരുക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ശ്രുതി ഒരു ലാപ് ടോപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ശനിയാഴ്ച തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മുഖമാണ് ശ്രുതിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ അച്ഛന്റെ രണ്ടു സഹോദരങ്ങളും കുടുംബമടക്കം അപകടത്തില്‍ മരണപ്പെട്ടിരുന്നു.

ശ്രുതിയും പിതൃസഹോദരങ്ങളുടെ മക്കളായ ലാവണ്യ, അനൂപ്, അരുണ്‍ എന്നിവരാണ് ദുരന്തത്തില്‍ അവശേഷിച്ചത്. ഇവരാണ് ശ്രുതിക്കൊപ്പം വാടകവീട്ടില്‍ ഉള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ശേഷിച്ച തുക ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് അടച്ചത്.

webdesk13: