വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി മറുപടികള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍. സംസ്ഥാന വിവരാവകാശ സെമിനാറിലാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. അപേക്ഷ ലഭിച്ചത് മുതല്‍ 30 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ കഴിവതും നേരത്തേ അപേക്ഷകര്‍ക്ക് മറുപടി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും സെമിനാറില്‍ ഓര്‍മിപ്പിച്ചു.
ഭരണ സംവിധാനങ്ങള്‍ സുതാര്യമാകാന്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വലുതാണെന്നും രാജ്യത്തെ നടുക്കിയ അഴിമതികള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ ഒരുപാട് സഹായകമായിട്ടുണ്ടെന്നും സെമിനാറില്‍ പങ്കുവെച്ചു. വിവരാവകാശ നിയമവും ഉദ്ദേശ ലക്ഷ്യങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ നടന്നത്. നിയമ രൂപീകരണത്തിന്റെ നാള്‍വഴികളും പ്രാധാന്യവും, പൊതുജനങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എല്‍ വിവേകാനന്ദന്‍, കെ.വി സുധാകരന്‍, ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.