ആര്‍.എസ്.എസ് എന്തിനാണ് നിലകൊള്ളുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. രൂപീകരണ കാലംതൊട്ട് ഇന്നേവരെ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യ ഹിന്ദു രാജ്യമാണെന്നും മറ്റുള്ളവര്‍ അക്രമകാരികളായി ഇന്ത്യയിലേക്ക് കടന്നുവന്നവരാണെന്നും അവര്‍ നമ്മുടെ ശത്രുക്കളാണെന്നും അവരെ നാടുകടത്തിയോ രണ്ടാം പൗരന്മാരാക്കിയോ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നുമാണ്. എന്നാല്‍ ഈയാവശ്യം ഇവിടെ ആരുമംഗീകരിച്ചിട്ടില്ല. കാരണം ഇന്ത്യയുടെ പാരമ്പര്യമതല്ല. എന്നും ബഹുസ്വരമാണിന്ത്യ. ഒരു ആര്‍.എസ്.എസുകാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. പ്രസിഡന്റും വൈസ് പ്രസിഡന്റും ഏറ്റവും വലിയ നാല് സംസ്ഥാനങ്ങളില്‍ മൂന്നിന്റേയും മുഖ്യമന്ത്രിമാരും ആര്‍.എസ്.എസുകാര് തന്നെയാണ്. ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 35-40 ശതമാനം വരുന്ന അസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആര്‍. എസ്.എസുകാരന്‍ തന്നെ. അദ്ദേഹം മദ്രസ എന്ന വാക്ക് പോലും ഉണ്ടാവാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
അതൊക്കെ ഇന്നത്തെ യാഥാര്‍ഥ്യമാണെങ്കിലും ഇന്ത്യ ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത അതങ്ങനെ തന്നെ നിലനില്‍ക്കണം എന്ന നിര്‍ബന്ധ ബുദ്ധി ഉള്ളവരുമാണ്. നേരത്തെ പറഞ്ഞ സാഹചര്യം സംജാതമായതിന് കാരണക്കാര്‍ ജനങ്ങളല്ല, രാഷ്ട്രീയക്കാരാണ്. അണ്ടിയോ മാങ്ങയോ മൂത്തതെന്ന അവരുടെ കുതര്‍ക്കങ്ങള്‍ നിമിത്തം ആര്‍.എസ്.എസിന്റെ അജണ്ടക്ക് നിന്നുകൊടുക്കേണ്ടി വരികയാണ് ഇന്ത്യക്ക്. അതിന്റെ പരിക്ക് മുഴുവന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ മുസ്‌ലിംകളും. പക്ഷേ അതിന് മറുമരുന്നല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കേട്ട, കാലന്മാര്‍ വരുന്നുണ്ടെന്ന താക്കീത്. നിങ്ങള്‍ക്ക് ആരെയും സംരക്ഷിക്കാന്‍ സാധിക്കില്ല. കൊലക്ക് കൊല പരിഹാരമല്ല. അതിനെ എത്ര ന്യായീകരിച്ചാലും വെളുപ്പിച്ചെടുക്കാന്‍ കഴിയില്ല.
ആര്‍.എസ്.എസിന്റെ രൂപീകരണം തൊട്ട് ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനമാണ് കേരളം. ഇടക്കൊക്കെ ആക്രമം കാണിച്ചുകൊണ്ട് കേരളത്തിന്റെ ആത്മാവിലവര്‍ ആഞ്ഞു കുത്തിയിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തില്‍ പ്രതികള്‍ പിടിക്കപ്പെടാതെ പോയിട്ടുമുണ്ട്. എങ്കിലും കേരളീയ സമൂഹത്തില്‍ അവരുടെ വെറുപ്പിന്റെ കലക്ക് വിലക്കുണ്ട്. ജനമത് തള്ളിയിട്ടുണ്ടെന്നതിന് 66 വര്‍ഷത്തെ കേരള സമൂഹമാണ്, ഇതഃപര്യന്തമുള്ള ചരിത്രമാണ് സാക്ഷി. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന പേരില്‍ എന്‍.ഡി.എഫ് ഉണ്ടായിട്ടുണ്ടെങ്കില്‍, അത് പിന്നീട് പോപ്പുലര്‍ ഫ്രണ്ടായി രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഇവരെ നിലക്ക് നിര്‍ത്തണമെന്ന് കേരളം ഒന്നിച്ചാവശ്യപ്പെടുകയാണ്. ഇങ്ങനെയൊരു തീവ്രവാദ പ്രസ്ഥാനത്തിന്റെ ‘താങ്ങും തണലും’ ഞങ്ങള്‍ക്കാവശ്യമില്ലെന്ന് തീര്‍ത്തുപറയാന്‍ ഓരോ മുസ്‌ലിം സംഘടനക്കും മടിയേതുമില്ല. പോപ്പുലര്‍ ഫ്രണ്ടുമായി ചങ്ങാത്തമോ അടുപ്പമോ കാത്തുസൂക്ഷിക്കുന്ന ഒരൊറ്റ മുസ്‌ലിം മത സംഘടനയും കേരളത്തിലില്ല. ചില പണ്ഡിത വേഷധാരികള്‍ അവരുടെ സമ്മേളനത്തിലും മറ്റും എഴുന്നള്ളുന്നുണ്ടാകാം. അവരുടെ തെറ്റ് അവര്‍ തിരുത്തട്ടെ.
1977ല്‍ അലിഗഢില്‍ രൂപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനമാണ് സിമി. പിന്നീടവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴ്ഘടകമായി. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്നതായിരുന്നു മുദ്രാവാക്യം. 1979ല്‍ ഇറാനില്‍ ഇസ്‌ലാമിക വിപ്ലവം വിജയിച്ചതോടെ സമാനമായ സായുധ പോരാട്ടം ഇന്ത്യയിലും നടത്തണമെന്ന് സിമി വാദിച്ചുപോന്നു. യാസര്‍ അറഫാത്ത് എന്ന ഫലസ്തീന്‍ നേതാവിനെ ജമാഅത്ത് അംഗീകരിച്ചിട്ടും അവര്‍ തള്ളിപ്പറഞ്ഞു. അദ്ദേഹം ഇന്ത്യയില്‍ വന്നപ്പോള്‍ കരിങ്കൊടി വീശി. ജമാഅത്ത് നേതൃത്വത്തിന് പോലും സിമിയെ ഉള്‍ക്കൊള്ളാനായില്ല; തിരുത്താനും. ജമാഅത്ത് സിമിയുടെ രക്ഷാകര്‍തൃത്വം 1981ല്‍ ഉപേക്ഷിച്ചു. സിമി സ്വതന്ത്ര വിദ്യാര്‍ഥി പ്രസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കേരളത്തില്‍ സിമിക്ക് ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും രാത്രി ചുമരെഴുത്തും പകല്‍ സെമിനാറുകളും ഒക്കെയായി മുസ്‌ലിം സമൂഹത്തിലെ ഇത്തിള്‍കണ്ണിയായി അവര്‍ ‘സേവനം’ ചെയ്തു. ആയിടക്കാണ് (1987-89 കാലം) വടകര താലൂക്കിലെ നാദാപുരത്തെ സാമൂഹിക അന്തരീക്ഷം വഷളാകുന്നത്. ധനാഢ്യരായ മുസ്‌ലിംകളുടെ മേല്‍ക്കോയ്മയും ദരിദ്രരായ ഈഴവരുടെ വര്‍ഗീയമായ പ്രതികരണവും ചെറിയ ഇടവേളയില്‍ കുറെ അരുംകൊലകള്‍ക്ക് സാക്ഷ്യം വഹിച്ചു. മയ്യത്ത് പോലും മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയുമൊക്കെ പ്രശ്‌നമായി. ഈയവസരം മുതലെടുത്താണ് പ്രാദേശികമായി പ്രതിരോധ സേന രൂപം കൊണ്ടത്. എന്‍.ഡി.എഫ്, അഥവാ നാദാപുരം ഡിഫന്‍സ് ഫോഴ്‌സ്.
മുപ്പത് വയസ് കഴിഞ്ഞ സിമി പ്രവര്‍ത്തകര്‍ക്ക് കയറിനില്‍ക്കാന്‍ അന്നൊരു സംഘടനയുമില്ലായിരുന്നു. അവര്‍ എന്‍.ഡി. എഫിലേക്ക് കൂട്ടത്തോടെ ചേക്കേറി. നേരത്തെയുള്ള അവരുടെ നെറ്റ്‌വര്‍ക്ക് പെട്ടെന്ന് സജീവമാകുകയും മലബാറൊട്ടുക്കും അതീവ രഹസ്യമായി ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു. നേരത്തെ തന്നെ ആര്‍.എസ്.എസിന് ബദലാവാന്‍ അബ്ദുന്നാസര്‍ മഅദനി ഒരു പാര്‍ട്ടിയുണ്ടാക്കിയിരുന്നല്ലോ ഐ.എസ്.എസ്. അതുപിരിച്ചുവിട്ടപ്പോള്‍ അനാഥരായ അണികളും എന്‍. ഡി.എഫില്‍ അഭയം പ്രാപിച്ചു.
ബാബരി മസ്ജിദ് ധ്വംസനം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഉത്തര മലബാറിലെങ്ങും ഇവര്‍ ഡ്രില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. നേതൃത്വം മുഴുവന്‍ മുന്‍ സിമിക്കാരുടെ കയ്യില്‍. അവര്‍ക്ക് ആരോടുമില്ല ഉത്തരവാദിത്വം. തീവ്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തിയ സംഘമാണ് എന്‍.ഡി.എഫുണ്ടാക്കിയത്. ഇസ്‌ലാമികമായ യാതൊരടിസ്ഥാനവും അതിനില്ല. ആര്‍.എസ്.എസ് എപ്രകാരമാണോ അപ്രകാരം തന്നെയാണ് ഇവരും. കേരളീയ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള അടയാളപ്പെടുത്തലുകള്‍ക്ക് നേതൃത്വം കൊടുത്ത നേതാവ് പോലും ഇവര്‍ക്കില്ല. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് പൗരസമൂഹത്തിനിടയില്‍ ഒരു സ്ഥാനമുണ്ട്. അത് പരിണിത പ്രജ്ഞരായ നേതാക്കള്‍ വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. എക്കാലവും അതിന് വിരുദ്ധമായ നിലപാടെടുത്തുവെന്നതാണ് എന്‍.ഡി.എഫ് ഉണ്ടാക്കിയവരുടെ പാരമ്പര്യം.
വലിയ വളര്‍ച്ച നേടിയെന്ന് അവര്‍ അവകാശപ്പെടുന്നുണ്ട്. ഏതാനും വര്‍ഷംകൊണ്ട് കേരളം ഭരിക്കുമെന്ന് വീമ്പ് പറയുന്നുണ്ട്. സ്വഭാവത്തില്‍ ഇവരും ആര്‍.എസ്.എസും വ്യത്യസ്തരല്ല. രണ്ടുകൂട്ടരേയും കേരളം വെറുക്കണം. പൊതുമണ്ഡലത്തില്‍ ഇരുവരെയും ബഹിഷ്‌കരിക്കണം. തെക്കന്‍ കേരളത്തിലെ ചില മുസ്‌ലിം പോക്കറ്റുകളില്‍ ഇവരുടെ സ്വാധീനമാണ്, ഇവരുടെ സംരക്ഷക പരിവേഷമാണ് ക്രിസ്തീയ സമൂഹത്തെ ഒന്നടങ്കം മുസ്‌ലിം വിരുദ്ധരാക്കിയത്. എല്ലാവരും മുസ്‌ലിംകളെ വെറുത്തെങ്കില്‍ മാത്രമേ ഇവര്‍ക്ക് നിലനില്‍പ്പുള്ളൂ. അതാണ് തീവ്രവാദത്തിന്റെ മൗലിക ഘടന. അതിനാല്‍ തന്നെ ആരുമായും ഇവര്‍ നല്ലബന്ധം ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഡോ. ഹാദിയ കേസില്‍ പ്രത്യക്ഷത്തില്‍ അനീതി തോന്നുന്ന ഇടക്കാല വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ ആയിരങ്ങളെ അണിനിരത്തി ഹൈകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് പുതിയൊരു അപഭ്രംശ മാതൃക ഇവര്‍ സൃഷ്ടിച്ചു. നേരത്തെ ലൗ ജിഹാദിന്റെ കയ്പ്പ് ഉള്ളിലുള്ള ക്രിസ്ത്യന്‍ സമൂഹം ഹിന്ദു സമൂഹത്തോടൊപ്പം ചേര്‍ന്ന് അന്നുമുതല്‍ മുസ്‌ലിം വിരുദ്ധ ചേരിയുണ്ടാക്കി. നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് വിടുവായത്തം പറഞ്ഞ പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ബിഷപ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ഇങ്ങനെ കൊണ്ടുംകൊടുത്തും മുന്നേറുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മൂന്നര പതിറ്റാണ്ടിന്റെ മിച്ചമെന്തെന്ന് ചോദിച്ചാല്‍ പൊതുവെ സമാധാന കാംക്ഷികളായ സഭാധ്യക്ഷന്മാരിലടക്കം ഇസ്‌ലാമോഫോബിയ ഉണ്ടാക്കിയെന്നല്ലാതെ ഒരുത്തരവും ലഭിക്കില്ല. ജോസഫ് മാഷിന്റെ കൈവെട്ടിക്കൊണ്ട് പ്രതീകാത്മക ഖിലാഫത്ത് ഭരണം കൊണ്ടുവരാന്‍ ശ്രമിച്ച, റോഡില്‍ വരവരച്ച് ഇതിനപ്പുറം കടക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുന്ന, ചോരക്ക് പകരം ചോരയെന്ന് പരസ്യമായി പ്രസംഗിച്ചുനടക്കുന്ന ഈ വ്യവസ്ഥിതി മറ്റെന്തായാലും അതിസ്‌ലാമല്ല. അവര്‍ക്കൊരു മത നേതൃത്വവുമില്ല. ആരുമവരെ അംഗീകരിക്കുന്നുമില്ല.