ഷംസീര്‍ കേളോത്ത്
കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹി ഗുഡ്ഗാവിലെ ഭോറാകാലാനില്‍ സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് ഒരു സംഘം ഇരച്ച് കയറി ആരാധനയ്‌ക്കെത്തിയവരെ മര്‍ദ്ദിക്കുകയും പള്ളിക്ക് താഴിട്ട് പൂട്ടുകയും ചെയ്തത്. പൊതുസ്ഥലത്തല്ല, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഏറെ കാലമായി നിലകൊള്ളുന്ന ആരാധനാലയമാണ് അക്രമിക്കപ്പെട്ടത്. പള്ളിയില്‍ ആളുകളെകൂട്ടി പ്രദേശത്ത് മുസ്‌ലിം സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വാദമുയര്‍ത്തി യാണ് അക്രമികള്‍ മസ്ജിദ് അക്രമിച്ചത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നില്‍. സംഭവം പരാമര്‍ശിക്കാനുള്ള കാരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും ഉയര്‍ന്ന ഉദ്യോഗങ്ങളില്‍നിന്ന് വിരമിച്ച വരേണ്യപാശ്ചാത്തലമുള്ള ചില മുസ്‌ലിം വ്യക്തികളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ആര്‍.എസ്.എസ് പ്രത്യേകിച്ച് മോഹന്‍ ഭാഗവത് മുസ്‌ലിംകളോട് പുതിയ സമീപനം സ്വീകരിച്ചേക്കുമെന്ന ചിലരുടെ വാദങ്ങള്‍ ദൈനംദിന മുസ്‌ലിംവിരുദ്ധ അതിക്രമങ്ങള്‍ തുടരുമ്പോള്‍ അപഹാസ്യവും പരിഹാസ്യവുമാവുകയാണ്.സ്വകാര്യ വ്യക്തികള്‍ എന്നതിലുപരിമുസ്‌ലിം പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസ് നേതാവിന് മുമ്പാകെ അവതരിപ്പിക്കാനുള്ള സംഘമായി തങ്ങളെ സ്വയം അവരോധിച്ചാണ് അഞ്ചംഗ സംഘം ഈ ഉദ്യമത്തിനിറങ്ങിയത്. ഇവരുടെ സംഘ്പരിവാരവുമായുള്ള സംഭാഷണം ആര്‍.എസ്.എസ് മുസ്‌ലിംകളുമായി അടുക്കുന്നതിന്റെ സൂചനായി പോലും ചിലര്‍ വിലയിരുത്തി. മാറ്റത്തിന്റെ തുടക്കമാണിതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഡയലോഗ് അല്ലാതെ മറ്റെന്ത് ഓപ്ഷനാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കുള്ളതെന്ന, പുറമേ നിരുപദ്രവകരവും എന്നാല്‍ യഥാര്‍ഥ തലത്തില്‍ അപകടകരവുമായ വാദമാണിവര്‍ ഉയര്‍ത്തുന്നത്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മത സംഘടനയുടെ നേതാവ് പറഞ്ഞത്: ‘അല്ലങ്കില്‍ തന്നെ മോഹന്‍ ഭാഗവതിന് മുസ്‌ലിംകളോട് യാതൊരു വിരോധവുമില്ലെന്ന് തനിക്കറിയാമെന്നാണ്’. ആര്‍.എസ്.എസ് തങ്ങളുടെ ഹിന്ദുത്വ അജണ്ടയില്‍നിന്ന് മാറി മതനിരപേക്ഷതയെ സ്വീകരിക്കുകയാണെന്നാണോ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അതല്ല ആര്‍.എസ്.എസിന്റെ മറ്റൊരു രാഷ്ട്രീയ കാപട്യമാണോ നീക്കത്തിന്പിന്നിലുള്ളത്? സംഭാഷണത്തില്‍ ഉയര്‍ത്തപ്പെട്ടതും പരാമര്‍ശിക്കാതെ വിട്ടതുമായ കാര്യങ്ങളും കൂടിക്കാഴ്ചക്ക് ശേഷം ആര്‍.എസ്.എസും മോഹന്‍ഭാഗവത് തന്നെയും എടുത്ത നിലപാടുകളും അവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും സംഘ്പരിവാറിന്റെ മറ്റൊരു കാപട്യം നിറഞ്ഞ തന്ത്രമായി മാത്രമേ ഈ കൂടിക്കാഴ്ചയെ കാണാനാവൂ എന്ന് കൂടുതല്‍ സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്.
കൂടിക്കാഴ്ചയുടെ
പശ്ചാത്തലം
ദീര്‍ഘകാലം സര്‍ക്കാര്‍ സര്‍വീസിലിരുന്ന, ഉന്നതപദവികള്‍ അലങ്കരിച്ചിരുന്നവരാണ് മോഹന്‍ ഭാഗവതിനെ കണ്ടത്. എസ്.വൈ ഖുറേഷി മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. നജീബ് ജംഗ് ജാമിഅ മില്ലിയ വി.സി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തുടങ്ങി പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ജനറല്‍ സമീറുദ്ദീന്‍ഷാ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. മറ്റു രണ്ടു പേരും സമാനമായ രീതിയില്‍ രാജ്യ പുരോഗതിയില്‍ തങ്ങളുടെതായ പങ്ക് വഹിച്ചവരാണ്. ഓഗസ്റ്റ് മാസാവസാനമാണ് കൂടിക്കാഴ്ച നടന്നതെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്‌വന്നത് ആഴ്ചകള്‍ കഴിഞ്ഞാണ്. അതും ചില മാധ്യമ പ്രവര്‍ത്തകര്‍ വിവരം പുറത്ത്‌വിട്ടപ്പോള്‍ മാത്രം. വാര്‍ത്തയായപ്പോള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ രംഗത്തെത്തിയത് എസ്. വൈ ഖുറേഷിയും നജീബ് ജംഗുമാണ്. ഖുറേഷിയേക്കാള്‍ മോഹന്‍ ഭാഗവതിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് നജീബ് ജംഗ് ആണെന്നാണ് അദ്ദേഹം നല്‍കിയ അഭിമുഖങ്ങളില്‍നിന്ന് മനസ്സിലാവുക. ഡല്‍ഹി ഭരണാധികാരിയായിരുന്ന നാളുകളില്‍ ബി.ജെ.പിക്ക് സര്‍വസമ്മതനായിരുന്നു അദ്ദേഹം. ഒന്നാം കെജ്രിവാള്‍ സര്‍ക്കാറിനെതിരെ ആദ്യം വാളോങ്ങിയതും അദ്ദേഹമായിരുന്നു. കൊറോണക്കുമുമ്പ് താനും ഭാഗവതുമായി ചര്‍ച്ച നടന്നിരുന്നുവെന്നും അതിന്റെ തുടര്‍ ചര്‍ച്ചകളില്‍ സുഹൃത്തുക്കളെകൂടി പങ്കെടുപ്പിച്ചതാണെന്നുമാണ് നജീബ് ജംഗിന്റെ വാദം. ആര്‍.എസ്.എസ് പരമോന്നത നേതാവിന്റെ ചിട്ടയായതും ആഢംബര രഹിതവുമായ ജീവിതം തങ്ങളെ ആകര്‍ഷിച്ചെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ പറയുകയുണ്ടായി. കൂടിക്കാഴ്ചാ വാര്‍ത്ത യെ ആര്‍.എസ്.എസ് നിഷേധിച്ചില്ലെന്ന് മാത്രമല്ല നടന്നതായി സൂചനയും നല്‍കി. ഡല്‍ഹി സര്‍വകലാശാല അധ്യാപകനും രാജ്യസഭാംഗവുമായ ഹിന്ദുത്വ ചിന്തകന്‍ രാകേഷ് സിന്‍ഹ പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ സംഘ്പരിവാര്‍ നീക്കത്തെ ശ്ലാഘിച്ചു വിലയിരുത്തിയും മുസ്‌ലിംകളെ ഉപദേശിച്ചും ലേഖനവുമെഴുതി.
ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയിലുന്നയിച്ചതിനേക്കാള്‍ ഗൗരവകരമായ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടാതെ പോയ പല ചോദ്യങ്ങളും. ഒരു യോഗത്തില്‍ എല്ലാം പറയാന്‍ കഴിയില്ലല്ലോ എന്നാണ് അഞ്ചംഗ സംഘം ഇതിന് നല്‍കിയ മറുപടി. രാജ്യത്തെ മുസ്‌ലിംകളെയാകെ ജിഹാദി എന്ന് വിളിക്കുന്നതിനെ പറ്റിയുള്ള സങ്കട ഹരജിയാണ് പ്രധാനമായും അഞ്ചംഗസംഘം ഭാഗവതിനു മുമ്പാകെ വെച്ചത് എന്നാണ് അവരുടെ വാക്കുകളില്‍നിന്ന് മനസ്സിലായത്. ജിഹാദി വിളി ഉടന്‍ അവസാനിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത് അനുകൂലമായി പ്രതികരിച്ചതായി ഇവര്‍ അവകാശപ്പെടുകയും ചെയ്തു. കൂടിക്കാഴ്ച കഴിഞ്ഞ് നാളിത്രയായിട്ടും സര്‍സംഘ് ചാലക് അത്തരമൊരു ആഹ്വാനം അണികളോട് നടത്തിയിട്ടില്ല. പൊതുഇടങ്ങളിലും സൈബറിടങ്ങളിലും സംഘ്പരിവാര്‍ അനുകൂലികളും നേതാക്കളും മുസ്‌ലിംകളെ രാജ്യ വിരുദ്ധരാക്കുന്നത് തുടരുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ പാകിസ്താന്‍ പക്ഷപാതികളും ആഭ്യന്തര ശത്രുവായും ചിത്രീകരിച്ച് അവഹേളിച്ചത് സംഘ്പരിവാരമാണ്. മുന്‍ പരമോന്നത നേതാവും സംഘ ബുദ്ധികേന്ദ്രവുമായിരുന്നഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കി ഭരണഘടനാവകാശങ്ങളെതന്നെ ഇല്ലാതാക്കുന്ന പൗരത്വ ഭേദഗതി നിയമമോ ആള്‍ക്കൂട്ട ആക്രമണങ്ങളോ, ഗ്യാന്‍വാപി പള്ളിയോ ഹിജാബ് വിവാദമോ ഉള്‍ക്കൊള്ളിക്കപ്പെടാത്ത ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്. എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ആ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെടുമെന്നുമാണ് മോഹന്‍ ഭാഗവത് കരുതുന്നതെന്നും അവര്‍ പറയുന്നു. ഭാഗവത് തന്നെ ഇത് ഇതിന് മുമ്പും പറഞ്ഞിരുന്നു. പുണ്യഭൂമിയും പിതൃഭൂമിയും ഇന്ത്യയായിരിക്കുന്നവരാണ് ഇന്ത്യക്കാരെന്നായിരുന്നു സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ജറുസലേമിനേയും മക്കയേയും മദീനയേയും പുണ്യഭൂമിയായി കാണുന്നവരെ ഇന്ത്യക്കാരായി കാണില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചിരുന്നു. സംഘ്പരിവാരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ അതാണ്. എന്നാല്‍ പിന്നീട്‌വന്ന സംഘ ബുദ്ധിജീവി ഗോള്‍വാക്കര്‍ വ്യത്യസ്തവും എന്നാല്‍ കൂടുതല്‍ അപകരവുമായ വ്യാഖ്യാനമാണ് അതിന് നല്‍കിയത്. ഇന്ത്യന്‍ മതവിശ്വാസങ്ങളെ അംഗീകരിച്ച് ദൈവങ്ങളെ അംഗീകരിച്ച് ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളുമായി ഇഴകിച്ചേര്‍ന്ന്(രണ്ടാംകിട പൗരന്മാരെ പോലെ) ജീവിച്ചാല്‍ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്ക്‌രാജ്യത്ത് ജീവിക്കാമെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ചിന്തകരില്‍ പ്രമുഖനായ ബല്‍റാജ്മധോക് എന്നയാളും സമാന ചിന്തയാണ് മുന്നോട്ട്‌വെച്ചത്. ഇന്ത്യന്‍വത്കരണം എന്നത് ഹിന്ദുവത്കരണം എന്നതാണ് ആര്‍.എസ്.എസ് മുന്നോട്ട്‌വെക്കുന്ന ദേശീയത. മോഹന്‍ ഭാഗവതിന്റെ വാക്കുകളും ഈ വാദത്തിന്റെതുടര്‍ച്ച മാത്രമാണ്. അവിശ്വാസി വിശ്വാസി എന്നീ ദ്വന്ദങ്ങളാണ് സെമിറ്റിക് മതങ്ങളുടെ ആശയഘടനയെ രൂപപ്പെടുത്തുന്നതെന്ന് അറിയാത്ത ആളൊന്നുമല്ല ഭാഗവത്. അതറിഞ്ഞിട്ടും അദ്ദേഹത്തിന് കാഫിര്‍ എന്ന പദം മുസ്‌ലിംകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിലപാട്. അതിന് നജീബ് ജംഗ് സര്‍വാത്മനാ സമ്മതം മൂളുകയും ചെയ്തത്രേ. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഏകദൈവത്തിലുള്ള വിശ്വാസമാണ് തീവ്രവാദമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഭാവനയുടെ മതനിരപേക്ഷ ആശയമായിരുന്നു മോഹന്‍ ഭാഗവത് വെച്ച്പുലര്‍ത്തുന്നതെങ്കില്‍ അദ്ദേഹം ബി.ജെ.പി എം.പിയെ തിരുത്തുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പലപ്പോഴും ഇന്ത്യന്‍ മുസ്‌ലിമിനെ അപരവത്കരിച്ച് മാറ്റിനിര്‍ത്താനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളത്. ആര്‍.എസ്.എസിന്റെ ഹിന്ദു എന്ന നിര്‍വചനത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുമെങ്കില്‍ എന്തിനാണ് ചില സമുദായങ്ങള്‍ ജനസംഖ്യാസന്തുലിതാവസ്ഥയെ വെല്ലുവിളിക്കാന്‍ നോക്കുന്നുവെന്ന് മോഹന്‍ ഭാഗവതും ആര്‍.എസ്.എസും വിലപിക്കുന്നത്. കൂടിക്കാഴ്ചക്ക് ശേഷവും ഈ ആരോപണം ഉന്നയിക്കുകവഴി തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് തന്ത്രം
പാര്‍ലമെന്ററി വോട്ട് സമവാക്യത്തില്‍ ഭരണം പിടിക്കാനായെങ്കിലും ഭരണഘടനാമൂല്യങ്ങള്‍ പ്രകാരം ധാര്‍മികമായി യാതൊരു ഔന്നിത്യവുമില്ലാത്ത സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തെ വെള്ളപൂശാന്‍ മാത്രമേ ഇത്തരം ഇടപെടല്‍ കൊണ്ട് സാധിക്കൂ. ഭരണഘടനാസ്ഥാനത്തുള്ളവരോട് സംഭാഷണങ്ങളിലേര്‍പ്പെടുന്നതിന്പകരം വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങളുടെ നീണ്ടകാല ചരിത്രമുള്ള ആര്‍.എസ്.എസിനെ സംസാരിച്ച് നന്നാക്കിയെടുക്കാമെന്ന ചിന്ത ബാലിശമാണ്. ഗാന്ധി പോലും ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണത്. ഫാഷിസത്തിന്റെ വിളയിടങ്ങളില്‍ അവരുടെ പ്രത്യയശാസ്ത്രം വേര് പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം. അല്ലാതെ അവരോട് സംസാരിച്ച് അവര്‍ക്ക് രാജ്യത്തിന്റെ പൊതു മനഃസാക്ഷിയില്‍ ഇതുവരെ ലഭിക്കാത്ത സാധുത നിര്‍മിച്ചുനല്‍കലല്ല. നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്‌തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്‍.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.