X
    Categories: Auto

തണ്ടര്‍ബേഡിന് പകരക്കാരനായി എത്തുന്ന മീറ്റിയോറിനെ നവംബര്‍ ആറിന് എന്‍ഫീല്‍ഡ് അവതരിപ്പിക്കും

തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായെത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350 നവംബര്‍ ആറിന് അവതരിപ്പിക്കും. ഈ ബൈക്കിന്റെ ഡിസൈന്‍ ശൈലി മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. വില സംബന്ധിച്ചുള്ള വിവരങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും.

ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും മീറ്റിയോര്‍ 350 നിരത്തുകളിലെത്തുക. ഫയര്‍ബോള്‍ മോഡല്‍ യെല്ലോ, റെഡ് നിറങ്ങളിലും സ്‌റ്റെല്ലാര്‍ മോഡല്‍ മെറ്റാലിക് ഗ്ലോസ് ബ്ലു, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ നിറങ്ങളിലും സൂപ്പര്‍നോവ മോഡല്‍ ബ്രൗണ്‍ബ്ലു ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമായിരിക്കും എത്തുക.

തണ്ടര്‍ബേഡിനെക്കാള്‍ സ്‌റ്റൈലിഷായാണ് പകരക്കാരനെത്തുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്. ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, െ്രെഡവ് മോഡ്, ഗിയര്‍, എബിഎസ് മാല്‍ഫങ്ഷന്‍ ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് മീറ്റിയോര്‍ ഒരുങ്ങുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ഈ വാഹനത്തിന് സുരക്ഷയേകും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350യിലും. ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുക്കുന്നുണ്ട്.

Test User: