ലോക ജനാധിപത്യത്തിന്റെയും മനുഷ്യ-പൗരാവകാശങ്ങളുടെയും രംഗത്ത് പ്രതീക്ഷയുടെ തിരിവെട്ടവുമായി എത്തുന്നുവെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്രീയമായ പൊതുധാരണ. പൗരത്വം നിഷേധിക്കപ്പെട്ട മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ ആ മൂല്യങ്ങളെല്ലാം നമ്മുടെ സമകാലീന ഭരണകര്‍ത്താക്കള്‍ ചവറ്റുകൊട്ടയിലിട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് അവരെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റോഹിങ്ക്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും അവരെ നാടുകടത്താനാണ് തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പാര്‍ലമെന്റിലെ മറുപടി രാജ്യത്തിന്റെ പരമ്പരാഗതവും നൈതികവും ഭരണഘടനാപരവും അന്താരാഷ്ട്രപരവുമായ മൂല്യങ്ങളുടെ തിരസ്‌കാരമായി കണ്ടേ മതിയാകൂ. സ്വന്തം രാജ്യത്തുനിന്ന് സൈനികാധികാരികളുടെ ഹുങ്കിനാല്‍ ആട്ടിയേടിക്കപ്പെട്ട പതിനായിരക്കണക്കിന് നിരാശ്രയരായ ഹതഭാഗ്യരെ വര്‍ഷങ്ങളായി അഭയം നല്‍കി സംരക്ഷിച്ചുവരുന്നതിനെ ഒറ്റയടിക്കാണ് കേന്ദ്രമന്ത്രി പുംഗവന്‍ നിയമവിരുദ്ധ കുടിയേറ്റമായി വിശേഷിപ്പിച്ചത്. ലോകത്തെ മനുഷ്യാവകാശങ്ങളെ അഭിസംബോധന ചെയ്യുകയും വേണ്ടിവന്നാല്‍ സൈന്യത്തെതന്നെ അയക്കുകയും ചെയ്തിട്ടുള്ളതാണ് നമ്മുടെ പാരമ്പര്യം. ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി ടെന്റുകളില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ മതം മാത്രമാണ് മോദി സര്‍ക്കാരിനെ ഇത്തരമൊരു നിലപാടിന് പ്രേരപ്പിച്ചതെന്ന് സുവ്യക്തം. സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങളോടുപോലും രണ്ടാംതരം പൗരന്മാരെ പോലെ പെരുമാറുന്ന ബി.ജെ.പിയിലും അവരുടെ ഭരണകൂടത്തിലും നിന്ന് മ്യാന്മറിലെ ഹതാശരുടെ കാര്യത്തില്‍ മറിച്ച് പ്രതീക്ഷിക്കുകവയ്യല്ലോ.
മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് വീടും ഗ്രാമങ്ങളും വിട്ട് ഭയചകിതരായി ആട്ടിയേടിക്കപ്പെട്ടത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂക്കിയുടെ ഭരണത്തിന്‍കീഴില്‍ ബര്‍മീസ് പട്ടാളവും ശാന്തി മന്ത്രമോതാറുള്ള ബുദ്ധിസ്റ്റുകളുമാണ് വംശീയതയുടെ നഗ്നതാണ്ഡവം റോഹിങ്ക്യകളുടെ മേല്‍ ആടിത്തിമിര്‍ക്കുന്നത്. മറിച്ചൊരു വഴിയുമില്ലാതെയാണ് കിട്ടിയ വസ്തുക്കളുമെടുത്ത് കുഞ്ഞുങ്ങളും സ്ത്രീകളുമായി ജനക്കൂട്ടം അയല്‍നാടുകളിലേക്ക് കടല്‍മാര്‍ഗം പലായനം ചെയ്യുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ ജീവാഭയം തേടിയെത്തുന്നത്. ഇവരെ ഇന്ത്യ എന്നും കാരുണ്യത്തിന്റെ കരംനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സംഘടനാചട്ടങ്ങളുമൊക്കെയാണ് അഭയാര്‍ഥികളുടെ സംരക്ഷണത്തിന് നമ്മുടെ വഴികാട്ടികള്‍. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് രാജ്യത്തെ അഭയാര്‍ഥികളെ മടക്കിയയക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം. ഇതുസംബന്ധിച്ച രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുകയുമാണ്. അതിനിടെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.
നാല്‍പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ഐക്യരാഷ്ട്ര മനുഷ്യാവകാശസംഘടനയുടെ അഭയാര്‍ഥി കാര്‍ഡുമുണ്ട്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കാണ് റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി എത്തുന്നത്. സംസ്ഥാനങ്ങളോട് ഉടന്‍തന്നെ മടക്കിയയക്കലിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. റോഹിങ്ക്യകളുടെ തീരാവേദനക്കൊപ്പം ശരാശരി ഇന്ത്യക്കാരന്റെ കൂടി വേദനയാണ് ഇത്. കഴിഞ്ഞദിവസം മുസ്‌ലിംലീഗ് നേതൃത്വം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നീരസം അറിയിക്കുകയും ഐക്യരാഷ്ട്ര സഭ പ്രതിനിധികളെ നേരില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്തതായി പാര്‍ട്ടി ഒര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിക്കുകയുണ്ടായി. മുമ്പ് ഹരിയാനയിലെയും ഡല്‍ഹിയിലെയും മറ്റും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായമെത്തിച്ച മുസ്്‌ലിംലീഗ്, ഈ പ്രതിസന്ധി ഘട്ടത്തിലും നീട്ടുന്ന സഹായഹസ്തം മനുഷ്യത്വമുള്ള ഏവരാലും പ്രശംസിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ചരിത്രത്തിലെ വലിയ കൂട്ടക്കുരുതിയുടെ കഠിനഭാരം പേറുകയാണ് റോഹിങ്ക്യകള്‍. ആഗസ്റ്റ് 25ന് മ്യാന്മര്‍ സൈന്യം റക്കൈനിലെ 2600 ഓളം ഗ്രാമങ്ങളില്‍ നടത്തിയ സായുധ നരനായാട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് ഇപ്പോള്‍ വനാന്തര്‍ഭാഗങ്ങളിലും മറ്റുമായി കഴിഞ്ഞുകൂടുന്നത്. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് പതിനായിരക്കണക്കിന് വരുന്ന ഇവരിലെ ഒരു വിഭാഗം കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശ് സൈന്യമാകട്ടെ ഇവരെ മയക്കുമരുന്നു ലോബി ദുരുപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞ് ആട്ടിയകറ്റുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്‍ ഐക്യരാഷ്ട്ര സഭാതലവന്‍ കോഫി അന്നന്‍ മ്യാന്മര്‍ സന്ദര്‍ശിച്ച് രോഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയും സൂക്കി സൈന്യത്തെ അതിശക്തമായ ഭാഷയില്‍ താക്കീത് ചെയ്തു. എന്നിട്ടും ഈ ജനത തങ്ങളുടെ നാട്ടില്‍ കാലുകുത്തരുതെന്ന നിലപാടാണ് സൂക്കിയുടെ പട്ടാളത്തിന്റേത്. നൊബേല്‍ സമ്മാനത്തോടുതന്നെയുള്ള അവഹേളനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സുരക്ഷയുടെ കാര്യം മറയാക്കിയാണ് ഭരണകൂടങ്ങള്‍ ഭീകരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അതിന്റെ മറ്റൊരു മുഖമാണ് റോഹിങ്ക്യകളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിറിയയിലെയും സുഡാനിലെയും അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള ഉല്‍കണ്ഠ വെറും പൊള്ളയാണെന്നാണ് മോദി സര്‍ക്കാരിന്റെ ഈ നിലപാട് നല്‍കുന്ന മുന്നറിയിപ്പ്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും മറ്റും പലായനം ചെയ്യപ്പെടുന്നവര്‍ക്കുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങളോട് കരുണാഹസ്തത്തിന് വാദിച്ചവരാണ് നമ്മളെന്നത് സൗകര്യപൂര്‍വം സര്‍ക്കാര്‍ മറക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ വന്‍ശക്തികളുടെ താക്കീതുകളെ തൃണവല്‍ഗണിച്ചാണ് മുന്‍കാലങ്ങളില്‍ ബംഗ്ലാദേശികളടക്കമുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ അതിനിശിതമായ നിലപാടുകളെടുത്തിരുന്നത്. വിഭജനകാലത്ത് പാക്കിസ്താനില്‍നിന്ന് കുടിയേറിവന്നവരുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു ഇന്ത്യക്ക്. അതെല്ലാം ഒറ്റയടിക്ക് കാറ്റില്‍ പറത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. തീവ്രവാദികളായ പാക് നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിലേതുപോലുള്ള സമീപനമല്ല റോഹിങ്ക്യകളുടെ കാര്യത്തില്‍ നാം അനുവര്‍ത്തിക്കേണ്ടത്. രാഷ്ട്രാതിര്‍ത്തികള്‍ക്കും നിയമ സംഹിതകള്‍ക്കും സങ്കുചിത അധികാര താല്‍പര്യങ്ങള്‍ക്കുമൊക്കെ മുകളിലാണ് നൂറ്റാണ്ടുകളായി ഇന്ത്യ പുണര്‍ന്നുവരുന്ന സാര്‍വലൗകികമായ മാനുഷിക മൂല്യങ്ങള്‍. രാഷ്ട്രശില്‍പി പറഞ്ഞതുപോലെ, ഇന്ത്യ എപ്പോഴും അതിന്റെ ജനാലകള്‍ തുറന്നിടും; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിരങ്കുശം നമ്മിലേക്ക് കടന്നുവരട്ടെ. വേദനിക്കുന്ന സര്‍വമനുഷ്യരോടും ഇന്ത്യക്ക് പറയാനുള്ളതും പറയേണ്ടുന്നതും ഇതുതന്നെയാണ്.