സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.
എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.
ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.
എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.