അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ റോബിന്‍ ബസിന് പിഴ ഇട്ട് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബസ് യാത്ര തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ പരിശോധനയുമായി എത്തിയ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. ഇനിയും പരിശോധനയുണ്ടാകുമെന്നും എംവിഡി അറിയിച്ചിട്ടുണ്ട്.
പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്റെ യാത്ര തുടര്‍ന്നത്. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. എംവിഡിയുടെ പിഴ തിങ്കളാഴ്ച തന്നെ കോടതിയില്‍ അടയ്ക്കുമെന്നും സര്‍വീസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബസ് ഉടമ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. തുടര്‍ന്ന് 45 ദിവസങ്ങള്‍ക്ക് ശേഷം ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. പിന്നാലെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനല്‍കിയത്.