തേഞ്ഞിപ്പലം: മേലെ ചേളാരി എന്‍എച്ചില്‍ ഓട്ടോറിക്ഷ വിലങ്ങിട്ടു കാര്‍ തടഞ്ഞു തോക്ക് ചൂണ്ടി പണം തട്ടിയെടുത്ത കേസില്‍ 6 പേര്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് വീട്ടില്‍ എം.സുജീഷ് (30), സഹോദരന്‍ സുജിത്ത് (26), കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ അച്ചുതൊടിയില്‍ എം. ജോമോന്‍ (34), ചേവയൂര്‍ മലാപ്പറമ്പ് ആനത്താരപ്പറമ്പില്‍ വി.എസ്. പ്രദീപന്‍ (38), ഫാറൂഖ് കോളജ് കാരാട് പുല്ലാലയില്‍ പി. സജിലേഷ് (27), രാമനാട്ടുകര മാളീരി മേത്തല്‍ സുബൈദ മന്‍സിലില്‍ പി.കെ. മുഹമ്മദ് ഇജാസ് (22) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 6.30നു ചേളാരി ഐഒസി എല്‍പിജി ബോട്‌ലിങ് പ്ലാന്റ് പരിസരത്ത് എന്‍എച്ചിലാണു കേസിനാസ്പദമായ സംഭവം. തിരൂര്‍ പുറത്തൂര്‍ എടക്കനാട് അമ്മാത്ത് വീട്ടില്‍ അലി തന്റെ കാറില്‍ സുഹൃത്ത് തെക്കഞ്ചേരി സുധീഷിനൊപ്പം വസ്ത്രം വാങ്ങാനായി കോഴിക്കോട്ടേക്കു പോകവെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ കാര്‍ വിലങ്ങിട്ടു തടയുകയായിരുന്നു. പ്രതികളില്‍ സുജിത്തും സജിലേഷും വാതില്‍ തുറന്നു കാറില്‍ കയറി വണ്ടി മുന്നോട്ടെടുക്കാന്‍ നിര്‍ദേശിച്ചതോടെ വാക്കേറ്റമായി. അലി കീഴ്‌പ്പെടുന്നില്ലെന്നു കണ്ടു സുധീഷിന്റെ കഴുത്തിനു നേരെ തോക്ക് ചൂണ്ടി പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
രാത്രി തന്നെ ചേളാരിയിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസിനു പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യം ലഭിച്ചു. 2 പ്രതികളെ രാമനാട്ടുകരയിലെ ലോഡ്ജില്‍നിന്നും 4 പേരെ അവരവരുടെ വീടുകളില്‍നിന്നുമാണു പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച തോക്കും സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.