Connect with us

Article

അണിയറ നീക്കങ്ങളുടെ അലയൊലികള്‍

EDITORIAL

Published

on

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായ സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ അലയൊലികള്‍ വിവിധ തലങ്ങളില്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രസ്താവനകളും പ്രസംഗങ്ങളും ഇരു നേതാക്കളും തരാതരം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉന്നത നേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും മറുഭാഗത്തും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും ഡല്‍ഹിയില്‍ വെച്ച് നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ഇന്നലെ രമേശ് ചെന്നിത്തല നിയമസഭയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കുന്നതിനുപകരം അടിയന്തരാവസ്ഥയിലും മറ്റും ചാരി പിണറായി വിജയന്‍ രക്ഷപ്പെടുകയായിരുന്നു. ‘കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പും കേന്ദ്രമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്.

ഞങ്ങള്‍ അതിനനെയല്ല വിമര്‍ശിച്ചത്. എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണമെന്നും കേന്ദ്ര സര്‍ക്കാറിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ആര്‍.എസ്.എ സും ബി.ജെ.പിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ലൈനായി മാറിയെന്നും’ ചെന്നിത്തല ആരോപിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിച്ച് തടിയൂരുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആശയപരമായി ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് വിളിക്കാന്‍ കഴിയില്ലെന്നാണ് മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയാറാക്കിയ രാഷ്ട്രീയ രേഖയില്‍ പോളിറ്റ്ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സി.പി.എമ്മിന്റെ സ്വന്തമായി അറിയപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ റിപ്പോര്‍ട്ട് പിണറായി വിജയന്റെ ആശീര്‍വാദത്തോട് കൂടിയുള്ളതായിരിക്കുമെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടംപോലുമില്ല.

സംസ്ഥാനത്തെ അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ ഒരുഘട്ടത്തില്‍പോലും തയാറായിട്ടില്ലാത്ത പിണറായി വിജയന്‍ തന്റെ നാവ്‌കൊണ്ട് മോദിക്കും കൂട്ടര്‍ക്കും അബദ്ധത്തില്‍ പോലും മുറിവേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയും കൃത്യമായി പുലര്‍ത്തിപ്പോരുന്നുണ്ട്. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാനത്ത് വെച്ച് വലിയ വായില്‍ സംസാരിക്കുന്ന അദ്ദേഹത്തോട്, രാഷ്ട്രീയ നെറികേടിനും ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ ഡല്‍ഹിയിലെത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷം പലവുരു ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ പേരിനുമാത്രമായി നടത്തിയ പ്രതിഷേധത്തിലാകട്ടേ മോദി സര്‍ക്കാറിനെതിരെ കാര്യമായ വിമര്‍ശനങ്ങളുമൊന്നുമുയര്‍ത്താതെ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതിന് പകരം യാചനാ സ്വരത്തിലായിരുന്നു പിണറായിയുടെ സംസാരമത്രയും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇതേ വേദിയില്‍വെച്ചുതന്നെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുമ്പോഴായിരുന്നു കേരള മുഖ്യമന്ത്രിയുടെ ഈ തണുപ്പന്‍ പ്രതികരണമെന്നോര്‍ക്കണം.

മുസ്ലിം ന്യൂനപക്ഷങ്ങളെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് ശക്തികളെ സന്തോഷിപ്പിക്കുന്ന ഏര്‍പ്പാടിലേക്ക് ഇപ്പോള്‍ സി.പി.എമ്മും അവരുടെ ദല്ലാളുകളും നീങ്ങിയിരിക്കുകയാണ്. സി.പി.എമ്മിന്റെ എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഇടംവലം നോക്കാതെ തലവെച്ചുകൊടുക്കേണ്ട ഉത്തരവാദിത്തമുള്ള കെ.ടി ജലീല്‍ തന്നെയാണ് ഈ ദൗത്യത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.

മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എം.ഡി.എം.എ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന നിരീക്ഷണമാണ് അദ്ദേഹത്തിന്റെതായി വന്നിരിക്കുന്നത്. സംസ്ഥാനത്തെ ലഹരി മാഫിയയുടെ കൈയ്യിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത സര്‍ക്കാര്‍ സമീപനത്തെ മറച്ചുവെക്കാന്‍ വേണ്ടിയുള്ള ജലീലിന്റെ ചെപ്പടി വിദ്യയാണ് ആരോപണത്തിന് പിന്നിലെങ്കിലും അതിന് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ പി.സി ജോര്‍ജിനെപോലെയുള്ള വര്‍ഗീയതയുടെ തണലില്‍ ജീവിക്കുന്നവര്‍ അതേറ്റെടുക്കുകയാണ്.

ഒരു ഇടതു സഹയാത്രികന്റെറെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘ്പരിവാര്‍ സഹയാത്രികന് കുടപിടിച്ചു കൊടുക്കാന്‍ ഒരു തടസ്സവുമില്ലാത്ത ഈ സാഹചര്യം തന്നെയാണ് സി.ജെ.പിയുടെ പുതിയ പരീക്ഷണങ്ങളുടെ ഏറ്റവും മികച്ച തെളിവ്. അപകടകരമായ ഈ പ്രസ്താവനകളെ ചോട്ടാ നേതാക്കളും വ്യാപകമായി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളെല്ലാം സുവ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Trending