കോഴിക്കോട്: രാഷ്ട്രീയ ആതുരസേവന രംഗത്തെ പ്രമുഖ വ്യക്തിത്വവും എഴുത്തുകാരനുമായ ഡോ.കെ മാധവന്‍ കുട്ടി(93) നിര്യാതനായി. കോഴിക്കോട്ടെ ചിന്താവളപ്പിലെ പൂന്താനം വസതിയിയില്‍ രാവിലെ 8.55 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനി രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തില്‍ നടക്കും.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ച അദ്ദേഹം ഐ.എം.എ ഉള്‍പ്പെടെയുള്ള വിവിധ ഡോക്ടര്‍ മാരുടെ സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
ഭാരതീയ വിചാര കേന്ദ്രം സ്ഥാപക അധ്യക്ഷനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. 1979ല്‍ മികച്ച മെഡിക്കല്‍ അദ്ധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1984ല്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പുരസ്‌കാരം, 1986ല്‍ എം.കെ. നമ്പ്യാര്‍ നാഷണല്‍ ഐഎഎഎംഇ അവാര്‍ഡ്, മികച്ച ശസ്ത്രക്രിയ ഗ്രന്ഥത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബയോമെഡിക്കല്‍ സയിന്റിസ്റ്റ്‌സ് ഏര്‍പ്പെടുത്തിയ 2013ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയവയും കരസ്ഥമാക്കിയിട്ടുണ്ട്.
1949ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. കെ. മാധവന്‍കുട്ടി അതേ കോളജില്‍ തന്നെ ഫിസിയോളജി ട്യൂട്ടറായും പ്രവര്‍ത്തിച്ചു. 1953ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദം നേടി. 1953 മുതല്‍ 1957 വരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. 1957 മുതല്‍ 1961 വരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദ്യം പ്രൊഫസറായും പിന്നീട് വകുപ്പ് തലവനായും 1974 മുതല്‍ 1975 വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലും പ്രിന്‍സിപ്പലായും ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് കോളജില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. 1945-1946, 1946-1948 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ സെക്രട്ടറി, പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1977ല്‍ മ്യൂണിക്കില്‍ നടന്ന ലോകഫിസിയോളജി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. കേരള സര്‍വകലാശാല സെനറ്റ് അംഗമായും സിന്റിക്കേറ്റ് അംഗമായും വിവിധ കാലയളവില്‍ പ്രവര്‍ത്തിച്ചു.
കേരള മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് പദവിയില്‍ പതിനഞ്ച് വര്‍ഷവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമായി പത്ത് വര്‍ഷവും ഇന്ത്യന്‍ സെന്റര്‍ കൗണ്‍സില്‍ അംഗമായി 10 വര്‍ഷവും കോഴിക്കോട് ഐഐഎം അക്കാദമിക് കൗണ്‍സില്‍ അംഗമായി പത്തുവര്‍ഷവും പ്രവര്‍ത്തിച്ചു. ഭാരതീയവിചാരകേന്ദ്രം സ്ഥാപക പ്രസിഡന്റായ അദ്ദേഹം മുപ്പത് വര്‍ഷക്കാലം അതേ പദവിയില്‍ തുടര്‍ന്നു. ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട് കേന്ദ്രത്തിന്റെ ചെയര്‍മാനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.
ആരോഗ്യം, ചികിത്സ, ഭാരതീയ ദര്‍ശനം എന്നീ മേഖലയുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലും മലയാളത്തിലുമായി 78 പുസ്തകങ്ങളും 5500 ഓളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മായില്ലീ കനകാക്ഷരങ്ങളാണ് ആത്മകഥ. അക്ഷരശ്ലോകത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം സ്വവസതിയായ പൂന്താനത്തിന്റെ മുറ്റം അക്ഷരശ്ലോകസദസ്സുകള്‍ക്കായി മാറ്റിവെച്ചിരുന്നു. ചിത്രരചനയിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ സംഘടിപ്പിച്ചിരുന്നു.
അപ്പുനെടുങ്ങാടിയുടെ മരുമകന്‍ ടി.എം.കെ നെടുങ്ങാടിയുടെ മകള്‍ പരേതയായ കമലമാണ് ഭാര്യ. മക്കള്‍: മക്കള്‍: സി ജയറാം (റിട്ട. മാനേജിങ് ഡയറക്ടര്‍, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, മുംബൈ), ഡോ.സി ജയശ്രീ (അറ്റ്‌ലാന്റ, യു.എസ്.). മരുമക്കള്‍: ഉഷ, പ്രൊഫ. രാജാറാം വേലിയത്ത്.
പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ്കുമാര്‍ എം.എല്‍.എ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ്, ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, പി.വി ചന്ദ്രന്‍, പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.