Connect with us

Video Stories

കര്‍ണാടക മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

Published

on

ബംഗളൂരു: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ താമസത്തിന് മേല്‍നോട്ടം വഹിക്കുന്ന കര്‍ണാടക ഊര്‍ജ മന്ത്രി ഡി.കെ ശിവകുമാറിന്റെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്നലെ പുലര്‍ച്ചെ ആറേകാലോടെയായിരുന്നു ശിവകുമാറിന്റെ സദാശിവശ നഗറിലെ വീടടക്കം 39 ഇടങ്ങളില്‍ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ പിടിച്ചെടുത്തു. ഗുജറാത്തിലെ 42 എം.എല്‍.എമാര്‍ താമസിച്ചിരുന്ന ഈഗ്ള്‍സ്റ്റണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. റിസോര്‍ട്ടിലെ ശിവകുമാറിന്റെ ഓഫീസ് പരിശോധിച്ച ശേഷമാണ് മന്ത്രിയെ ആദായ നികുതി വകുപ്പ് വീട്ടിലെത്തിച്ചത്. സി.ആര്‍. പി.എഫ് സുരക്ഷയോടെ 120 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഒരേസമയം നടന്ന റെയ്ഡില്‍ പങ്കെടുത്തത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചാക്കിട്ടുപിടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലെത്തിച്ചിരുന്നത്. നേരത്തെ, 57 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആറു പേര്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയിരുന്നു. മുതിര്‍ന്ന പാര്‍ട്ടി നേതാവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ സംസ്ഥാനത്തു നിന്ന് ഉപരിസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ എന്ന നിലയിലാണ് എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് മാറ്റിയത്. ഓഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്.
അതിനിടെ, റെയ്ഡിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സി.ബി.ഐ, ആദായ നികുതി വകുപ്പ് പോലുള്ള സ്വതന്ത്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
റെയ്ഡ് നടത്തിയ സമയത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ, കൊണ്ടുപോയത് ഒരു സംസ്ഥാന മന്ത്രിയെ ആണ് എന്ന് ഓര്‍ക്കണമായിരുന്നു എന്നും പറഞ്ഞു. കേന്ദ്രഏജന്‍സികളെ ഭരണകൂടം ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്‌സഭയിലേക്കാണെങ്കിലും രാജ്യസഭയിലേക്കാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ ന്യായവും നീതിപൂര്‍വകമായും നടക്കണമെന്നായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. ഭീഷണിപ്പെടുത്തിയും ബ്ലാക് മെയില്‍ ചെയ്തും നടത്തേണ്ടതല്ല തെരഞ്ഞെടുപ്പ്. 15 കോടി വാഗ്ദാനം നടത്തിയവരുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ റെയ്ഡ് നടത്താന്‍ ഉത്തരവിടുന്നത്- അദ്ദേഹം പരിഹസിച്ചു. ‘ഒരു പ്രത്യേക വ്യക്തി അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവിടെ നിന്ന് കൊണ്ടു പോയി വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു’ എന്നായിരുന്നു ഇതേക്കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. റിസോര്‍ട്ടില്‍ പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവെക്കേണ്ടി വന്നു.
രാജ്യസഭയിലേതു സമാനമായ ബഹളം ലോക്‌സഭയിലുമുണ്ടായി. കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജനാധിപത്യത്തെ ബി.ജെ.പി കശാപ്പു ചെയ്യുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. റെയ്ഡ് നേരത്തെ തീരുമാനിച്ചതായിരുന്നു എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ കൂടാതെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് മത്സരരംഗത്തുള്ളത്. ഈയിടെ കോണ്‍ഗ്രസ് വിട്ടുവന്ന ശങ്കര്‍ സിങ് വഗേലയുടെ ബന്ധു ബല്‍വന്ത് സിങ് രജ്പുതിനെ മത്സരിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending