Connect with us

Sports

കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്‌

Published

on

മുഹമ്മദ് ഷാഫി

സ്വീഡന്‍ 1 – ദക്ഷിണ കൊറിയ 0

#SWEKOR

ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍ വ്യത്യാസം സ്വീഡുകള്‍ക്ക് തുണയായി. രസകരമായ യാഥാര്‍ത്ഥ്യം യോഗ്യതാ മത്സരങ്ങളില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും സ്വീഡന്‍ ഹോളണ്ടിനോട് തോല്‍ക്കുകയായിരുന്നു എന്നതാണ്. ഫുട്‌ബോളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെപ്പറ്റി സംസാരിക്കവെ ആര്‍യന്‍ റോബന്‍ ഇക്കാര്യം പിന്നീട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ 2018-ന് ഓറഞ്ചു വസന്തം നിഷേധിച്ച ടീം എന്ന അപ്രിയം സ്വീഡനോട് എനിക്ക് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നേയുണ്ട്. പ്ലേ ഓഫില്‍ ഇറ്റലിയുടെ കൂടി വഴിമുടക്കിയാണ് അവര്‍ വന്നത്. മാത്രവുമല്ല, ഒരിക്കല്‍ വിരമിച്ച സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കോച്ച് യാനി ആന്റേഴ്‌സണ്‍ ചെവി കൊടുത്തതുമില്ല. ഇന്ന് ഗ്രൂപ്പ് എഫില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍ എനിക്ക് ഏഷ്യന്‍ പക്ഷം പിടിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു.

പക്ഷേ, മത്സരം ഒരു ഘട്ടത്തില്‍പോലും ആകര്‍ഷകമായിരുന്നില്ല. ഇരു ഗോള്‍മുഖങ്ങളിലേക്കും തുടരെത്തുടരെ ആക്രമണങ്ങള്‍ നയിക്കപ്പെട്ടെങ്കിലും സ്വീഡന് തങ്ങള്‍ പിന്നിട്ട പാതകളെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി വി.എ.ആര്‍ റഫറിയുടെ തീരുമാനത്തെ റദ്ദ് ചെയ്തപ്പോള്‍ മത്സരത്തിലെ ഏക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്ടന്‍ ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് സ്വീഡന് ജയം സമ്മാനിച്ചു. കായബലത്തിലും പ്രതിരോധത്തിലും അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, മികവിന്റെ നാലയലത്തു പോലുമല്ലാഞ്ഞിട്ടും ദക്ഷിണ കൊറിയ ഒപ്പത്തിനൊപ്പം നിന്നു. കിട്ടിയ മികച്ച അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് തോന്നുന്നു.

ടോട്ടനം ഹോട്‌സ്പറിന്റെ ഹ്യൂങ് മിന്‍ സോനിനൊപ്പം തുടക്കത്തില്‍ എന്റെ ശ്രദ്ധ കവര്‍ന്നത് കൊറിയയുടെ ഇടതു വിങ്ബാക്ക് ആയി കളിച്ച ജൂ ഹൂ പാര്‍ക്ക് ആയിരുന്നു. ആദ്യ മിനുട്ടുകളില്‍ കൊറിയ നടത്തിയ ആക്രമങ്ങളിലെല്ലാം അയാള്‍ക്ക് പങ്കുണ്ടായിരുന്നു. എതിര്‍ ഗോള്‍മുഖം വരെ കടന്നുചെല്ലുന്ന അയാള്‍ സ്വീഡിഷ് മധ്യനിരക്കും ഡിഫന്‍സിനും തലവേദന സൃഷ്ടിച്ചു. പക്ഷേ, 28-ാം മിനുട്ടില്‍ ഒരു ഹൈബോളിനു വേണ്ടി ഉയര്‍ന്നുചാടിയ അയാളെ ഹാംസ്ട്രിങ് ചതിച്ചു. യൂറോപ്യന്‍മാരുടെ വലിയൊരു തലവേദന ഒഴിയുകയും ചെയ്തു.

ആദ്യപകുതിയിലെ വേഗത രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ കൊറിയ എതിരാളികളെ കളിക്കാന്‍ വിട്ട് ഒരു സമനിലയെപ്പറ്റി ചിന്തിക്കുന്നതായി പോലും തോന്നി. എന്നാല്‍ 65-ാം മിനുട്ടിലെ പെനാല്‍ട്ടി മത്സരത്തിന്റെ ഗതി മാറ്റി. യഥാര്‍ത്ഥത്തില്‍ കിം മിന്‍ വൂവിന്റേത് പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു. ക്ലാസന്റെ സാമര്‍ത്ഥ്യവും അതിനേക്കാള്‍ സ്വീഡന്റെ ഭാഗ്യവുമാണ് അത് പെനാല്‍ട്ടിയായി വിധിക്കപ്പെട്ടത്. പെനാല്‍ട്ടി സ്‌പോട്ടിലെ സമ്മര്‍ദം അതിജയിക്കാന്‍ ഗ്രാന്‍ക്വിസ്റ്റ് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ പരിചയ സമ്പത്ത് മുഴുവന്‍ ഉപയോഗപ്പെടുത്തിക്കാണണം. അത്ര കൂളായിരുന്നു ആ പ്ലേസിങ്. നിരവധി ആക്രമണങ്ങളുടെ മുനയൊടിച്ച 19-ാം നമ്പറുകാരന്‍ ഫുള്‍ബാക്ക് കിം മിന്‍ വൂ ആ പെനാല്‍ട്ടിക്ക് കാരണമായി എന്നതാണ് സങ്കടമായത്.

അവസാന ഘട്ടമായപ്പോള്‍ എല്ലാവരെയും സ്വന്തം ഹാഫിലേക്ക് വിളിച്ചാണ് സ്വീഡന്‍ പ്രതിരോധിച്ചത്. എന്നിട്ടും സുവര്‍ണാവസരങ്ങള്‍ കൊറിയക്ക് ലഭിച്ചിരുന്നു. പക്ഷേ, ഫിനിഷിങിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ അവര്‍ ഏറെക്കുറെ പുറത്താവുകയും ചെയ്തു. മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന തോന്നലാണ് സ്വീഡന്‍ – കൊറിയ മത്സരം എന്നിലുണ്ടാക്കിയത്. അതോ, ഇന്ന് പുറത്തെടുക്കാത്ത വല്ല വജ്രായുധവും സ്വീഡുകളുടെ കൈവശം ഉണ്ടായിരിക്കുമോ?

News

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് പുരുഷന്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

വനിതകളുടെ 66 കിലോ വിഭാഗം ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഇമാനെ ഖലീഫ്.

Published

on

പാരീസ് ഒളിംപിക്സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവായ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. താരം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എകസ്വൈ ക്രോമസോമുകളും ഉണ്ടെന്ന പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തി. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.

2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ ഇമാനെ വിലക്കിയിരുന്നു.

 

 

 

 

 

 

 

 

 

Continue Reading

News

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്.

Published

on

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഈ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കത്തയച്ചു. കഴിഞ്ഞ മാസമാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്. എന്നാല്‍, 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

Continue Reading

Football

സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്‌

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്.

Published

on

മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അൽഹിലാൽ എഫ്.എസ്.സി ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയം നേടിയെങ്കിലും സൂപ്പർതാരം നെയ്മർ ജൂനിയറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ കണ്ണീരിലാഴ്ത്തി.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയും ഒരു വർഷത്തോളം നീണ്ട വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ നെയ്മറിനെ വിടാതെ പിന്തുടരുകയാണ് പരിക്ക്. ഇറാനിയൻ ക്ലബായ എസ്റ്റെഗൽ എഫ്.സിയുമായുള്ള മത്സരത്തിനിടെയാണ് സൂപ്പർ താരത്തിന് വീണ്ടും പരിക്കേറ്റത്. മത്സരത്തിൽ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങിയതെങ്കിലും കളിതീരും മുൻപ് കളംവിടേണ്ടി വന്നു.

മത്സരത്തില 58ാം മിനിറ്റിൽ കളത്തിലെത്തിയ നെയ്മർ 87ാം മിനിറ്റിൽ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിന് ശേഷം അൽഹിലാലിൽ തിരിച്ചെത്തിയുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മർ പരിക്കുമായി മടങ്ങുന്നത്.

അതേസമയം, മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗൽ എഫ്.സിയെ അൽ ഹിലാൽ തോൽപ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടർ മിത്രോവിച്ച് ഗോൾ കണ്ടെത്തിയത്. ജയത്തോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Continue Reading

Trending