Connect with us

Video Stories

റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളും രാജ്യത്തിന്റെ സഞ്ചാരവും

Published

on

വിശാല്‍ ആര്‍

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളായി രേഖപ്പെടുത്തപ്പെട്ടത്. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുക, സ്ഥിതി സമത്വവും അവസര സമത്വവും ഉറപ്പുവരുത്തുക, സമൂഹത്തില്‍ പരസ്പര ഐക്യവും ആദരവും സൃഷ്ടിക്കുക തുടങ്ങിയവയാണ് അതിന്റെ വിവക്ഷ. രാജ്യം 69 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം മുന്നോട്ടുപോയി എന്നു പരിശോധിക്കുമ്പോള്‍ നിരാശയായിരിക്കും ഫലം.
സവര്‍ണ ഫാസിസത്തിന്റെ തേര്‍വാഴ്ചയില്‍ ദലിത്, മുസ്‌ലിം, പിന്നാക്ക സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന സത്യത്തില്‍ നിന്ന് മോചിതരാവാതെയാണ് ഇത്തവണയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പതിവു തെറ്റാതെ ഇന്ദ്രപ്രസ്ഥത്തില്‍ പരേഡും പതാക ഉയര്‍ത്തലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുമെല്ലാം അരങ്ങേറും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് നേതാക്കളാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഡല്‍ഹിയിലെത്തുന്നത്. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്മാര്‍ എത്തുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക് എഴുപതിലേക്കു കടക്കുമ്പോഴും ദലിതരുള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളെ മനുഷ്യരായിപോലും കാണാന്‍ വിസമ്മതിക്കുന്ന ജാതിക്കോമരങ്ങളുടെ മനോഗതി മാറ്റിയെടുക്കാനോ അവരുടെ പരാക്രമത്തില്‍ നിന്ന് രക്ഷ നല്‍കാനോ ഭരണകൂടത്തിന് കഴിയുന്നില്ല. ജാതിഭേദത്തിന്റെ ഭാഗമായി രാജ്യത്ത് ഓരോ 18 മിനിറ്റിലും ഒരു ദലിതന്‍ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ദിനേന മൂന്ന് ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന ്ഇരകളാകുന്നു. 38 ശതമാനം സ്‌കൂളുകളില്‍ ജാതി വിവേചനവും വന്‍തോതില്‍ തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പൊലീസ്‌സ്റ്റേഷനിലും റേഷന്‍ കടകളിലും കയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ ദലിതരുടെ താമസ സ്ഥലത്തു പോകാന്‍ കൂട്ടാക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് പഞ്ചായത്ത് ഓഫീസുകളില്‍ കയറുന്നതിനുപോലും വിലക്കാണ്.
‘ഇന്ത്യ എന്ന ആശയം’ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളിക്കപ്പെടുകയാണ്. ജനാധിപത്യം, നാനാത്വം, വികസനം തുടങ്ങി എല്ലാ മഹത്തായ മൂല്യങ്ങളും ഒരേസമയം ശക്തമായ വെല്ലുവിളി നേരിടുന്നു. ഈ വെല്ലുവിളികള്‍ നാനാത്വത്തോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെ നന്നായി ചുരുക്കുകയും ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടം തടയുകയും വികസന പാതയെ കൂടുതല്‍ വികലമാക്കുകയും ചെയ്തു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയമായി പിടിച്ചെടുത്തു. അഴിമതിക്കെതിരായ ഏജന്‍സികളിലെല്ലാം ഏറാന്‍മൂളികളെ കുത്തിനിറക്കുകയോ, നിലവിലുള്ളവരെ മരവിപ്പിച്ചിരിത്തുകയോ ചെയ്തിരിക്കുന്നു. ഉന്നത നീതിന്യായ പീഠങ്ങളില്‍ ആശ്രിതരെ ഭാഗികമായി അരിച്ചുകടത്തുകയും ഭാഗികമായി അനുസരണയുള്ളവരാക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ ഇയ്യിടെ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കാട്ടിത്തന്നതാണ്. ഇലക്ഷന്‍ കമ്മീഷന്‍ എന്നത്തേതിലുമധികമായി ബലഹീനമാക്കപ്പെട്ടിരിക്കുന്നു. രാജ്യസഭയെ മറികടക്കാനുള്ള കുതന്ത്രങ്ങളും ഭരണക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ദേശീയ സുരക്ഷിതത്വ സംവിധാനം, രഹസ്യാന്വേഷണ വിഭാഗം ഇവയെല്ലാം ഭരണകക്ഷിയുടെ ഇംഗിത പ്രകാരം വരുതിയിലാക്കപ്പെട്ടിരിക്കുന്നു. തെരുവിലെ വിജിലന്റ്റ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകര്‍ത്താക്കളുടെ തണലില്‍ വിലസുകയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി വളര്‍ന്നുവന്ന പാരിസ്ഥിതിക സുരക്ഷാമാനദണ്ഡങ്ങളെ ഒന്നിനുപുറകെ മറ്റൊന്നായി തകിടം മറിച്ചിരിക്കുന്നു. നാനാത്വത്തിന്റെ നഗ്‌നമായ നിരാകരണമാണ് കാണുന്നത്. പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിയമപരമായ സാധുതയില്‍ മാറ്റംവരുത്താതെ തന്നെ മുസ്‌ലിം സമുദായത്തെ രണ്ടാമത്തെ പൗരത്വത്തിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ‘മോദി കള്‍ട്ട് എന്ന അപ്രമാദിത്വ തണല്‍, ആക്രമണാത്മക കൂട്ടായ്മകള്‍, വാര്‍ത്താമാധ്യമങ്ങളുടെ പെരുപ്പിക്കല്‍, സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചരടുവലികള്‍ തുടങ്ങിയവയുടെ ഫലപ്രദമായ പാരസ്പര്യം കൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം സാധിച്ചെടുത്തത്.
യഥാര്‍ത്ഥ വെല്ലുവിളി ഇതിലും ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലംകൂടി തുടരുകയാണെങ്കില്‍ ‘വികലമായ ഇന്ത്യ’യായിരിക്കും നിര്‍മ്മിക്കപ്പെടുക. അത് ‘ഫാസിസം’ ആയിരിക്കണമെന്നില്ല, അതിനേക്കാള്‍ മോശമായ ഒന്നായിരിക്കും. ഈ പരിണാമം സൃഷ്ടിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകള്‍ രൂപകല്‍പ്പന ചെയ്യുന്നത് പ്രയാസമേറിയതാണ്. പക്ഷേ ചില ഘടകങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ’മായിരിക്കാം, അവിടെ പ്രാതിനിധ്യ ജനാധിപത്യവും പാര്‍ട്ടി മത്സരവും തെരഞ്ഞെടുപ്പിന്റെ ഉപകഥകളായി പരിമിതപ്പെടും. തെരഞ്ഞെടുപ്പുകള്‍ ഒറ്റക്കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും ഫലം. തെരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്ട്രപതി ഭരണ മാതൃക ആകാനും സാധ്യതയുണ്ട്. സിവില്‍ സ്വാതന്ത്ര്യങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളുടെ വ്യതിചലനങ്ങള്‍ക്കെതിരെ സഹനത്തിന്റെ പടിവാതില്‍ കുറേക്കൂടി ഉയര്‍ത്തി സ്ഥാപിക്കേണ്ടതായും വരും.
അധികാര കേന്ദ്രീകരണം പല രൂപത്തിലും നടപ്പാകും. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രത്തിലേക്കും, കേന്ദ്രത്തില്‍ നിന്ന് അത് ഭരണ കക്ഷിയിലേക്കും, ഭരണകക്ഷിയില്‍ നിന്ന് ഒരു വ്യക്തിയുടെ കൈയ്യിലേക്കും. ജനത്തിനെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യകള്‍ കാണാമെങ്കിലും ‘വികസനമെന്നത്’ ഫലത്തില്‍ മൂലധന വികസനം തന്നെയാവും. പരിസ്ഥിതിയോട് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ ആധിപത്യ ഭരണവും അതോടൊപ്പം മതേതര നിയമങ്ങളെ ഒതുക്കിയെടുത്തുകൊണ്ട്, വിവിധ മത വിഭാഗങ്ങളെ ഫലപ്രദമായി വേര്‍തിരിച്ചു രേഖപ്പെടുത്തിയുള്ള ഭരണമായിരിക്കും വരുംനാളുകളില്‍. പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ അവകാശ സംരക്ഷണ നിയമങ്ങളില്‍ അനുക്രമമായ കടന്നുകയറ്റങ്ങള്‍ പ്രതീക്ഷിക്കാം. അനൗപചാരിക രീതിയില്‍ തന്നെ മാധ്യമങ്ങളെ പട്ടാളച്ചിട്ടയില്‍ വരുതിക്കു നിര്‍ത്തുക, വിമത ശബ്ദങ്ങളെ ഒതുക്കുക തുടങ്ങി ‘ആഭ്യന്തര ശത്രുക്കള്‍ ‘ക്കെതിരെ യുള്ള ‘കുരിശു യുദ്ധങ്ങള്‍’ സാഹസിക സൈനിക നടപടികള്‍ പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ്കാണാന്‍ പോകുന്നത്.
ഇപ്പോള്‍ മോദി ഭരണകൂടം അബദ്ധങ്ങളുടെ കുന്നുതന്നെ പണിതിരിക്കുകയാണ്. തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങള്‍, അനുകൂല കാലാവസ്ഥയില്‍ പോലും വളര്‍ച്ചാനിരക്കിലെ കൂപ്പുകുത്തലുകള്‍, തൊഴിലവസരങ്ങളുടെ ശുഷ്‌കത, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍, ഉത്പാദന രംഗത്തെ മാന്ദ്യം തുടങ്ങി സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ്. നമ്മുടേത് പോലെയുള്ള കൊളനി വാഴ്ചക്കു ശേഷമുള്ള സമൂഹങ്ങളിലൊക്കെ ദേശീയത മുഖ്യ രാഷ്ട്രീയ നാണയം തന്നെയായി തുടരുകയാണ്. സംഘ്പരിവാര്‍ ദേശീയതയുടെ പ്രതിനിധികളായി വേഷമിട്ടതു തന്നെയാണ് ‘ഇന്ത്യ എന്ന ആശയത്തിന്’ വെല്ലുവിളികള്‍ ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഇന്ത്യന്‍ ദേശീയതയുടെ വ്യക്തവും അക്രമണോല്‍സുകമല്ലാത്തതുമായ ധാരകളോടും കോളനി വാഴ്ചക്കെതിരെ നടന്ന സമരങ്ങളോടുള്ള സമരസപ്പെടലും സര്‍വാധിപത്യവിരുദ്ധ സമരത്തിന്റെ ഹൃദയം തന്നെയാണ്. സാംസ്‌കാരിക പാരമ്പര്യത്തെ ‘അന്ധമായ അക്രമദേശവാദ’കാര്‍ക്കായി വിട്ടുകൊടുക്കുന്നതിനു പകരം, ഇന്ത്യ എന്ന ആശയത്തെ ഇന്ത്യന്‍ ജനതയുടെ ആന്തരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ പരിപോഷിപ്പിക്കേണ്ടതാണ്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending