Connect with us

india

യെച്ചൂരിക്ക് പകരമാര്? ഉത്തരമില്ലാതെ സിപിഎം; കൂട്ടായി ചുമതല വഹിക്കാന്‍ തീരുമാനം

എന്നാല്‍ യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന കാര്യം.

Published

on

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതോടെ സിപിഎമ്മിനെ ഇനി ആര് നയിക്കും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതിന് കൃത്യമായ ഉത്തരമില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. യെച്ചൂരിയുടെ വിടവാങ്ങലിന് പിന്നാലെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയിട്ടുമില്ല. നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വഹിക്കാനാണ് നിലവിലെ തീരുമാനം.

യെച്ചൂരിക്ക് പകരം നേതാക്കളെ തിരഞ്ഞെടുക്കാന്‍ സിപിഎമ്മിന് വളരെ വേഗം സാധിക്കും. എന്നാല്‍ യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന കാര്യം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു നിന്നുകൊണ്ട് ഇന്ത്യാസഖ്യ രൂപീകരണത്തിലടക്കം യെച്ചൂരി പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം തന്നെ നിരവധിതവണ പറയുകയും ചെയ്തിട്ടുണ്ട്.

ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട തീരുമാനം ഈ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നിരുന്നാലും ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നേതാവിനെ കിട്ടുക എന്നതുതന്നെയാണ് സിപിഎം നേരിടുന്ന വെല്ലുവിളി.

പിബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായി. 75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി.

താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം കൂട്ടായ ചുമതല എന്ന തീരുമാനം വന്നത്.

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്നുമാണ് ഒരു ഭീകരനെ വധിച്ചത്.

ഇതിനിടെ അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

Continue Reading

india

നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കാനഡ; ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Published

on

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയോടാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ചത്.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

2023 ജൂണ്‍ 18 നാണ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നും പിടിയിലായ ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.

അതേസമയം ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയരുകയായിരുന്നു. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായാണെന്നാണ് ആരോപണം ഉയര്‍ന്നത്.

Continue Reading

india

മഹാരാഷ്ട്രയില്‍ ബിജെപിക്കു വേണ്ടി പണം ഒഴുകുന്നു: ശരദ് പവാര്‍

പൊലീസ് വാഹനങ്ങള്‍ പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മഹാരാഷ്ട്രയില്‍ ബിജെപിക്കു വേണ്ടി പണം ഒഴുകുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരദ് പവാര്‍. പൊലീസ് വാഹനങ്ങള്‍ പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇതു സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊലീസ് വാഹനങ്ങളും മറ്റും ഭരണകക്ഷി നേതാക്കള്‍ക്ക് പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നാണ് ശരദ് പവാര്‍ ആരോപിച്ചത്. നിരവധി പേരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദ്ബാഗിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

Continue Reading

Trending