Connect with us

india

മദ്രസകള്‍ക്ക് ആശ്വാസ വിധി

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി.

Published

on

മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി. മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശിപാര്‍ശ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനുപിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടലെന്നത് ആശ്വാസം പകരുന്നതാണ്. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയിലാണ് നടപടി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ന ടത്തുന്നതിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കമ്മിഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം. മദ്രസകളിലെ വിദ്യാഭ്യാസ രീതി 125 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ മദ്രസകളില്‍ കുട്ടികള്‍ ചൂഷണത്തിനു വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബാലാവകാശ കമ്മിഷന്‍ ഇത്തരത്തിലൊരു വസ്തുതാവിരുദ്ധമായ ശിപാര്‍ശ നല്‍കിയതെന്നു വ്യക്തമാണ്. അടുത്ത വര്‍ഷം ആര്‍.എസ്.എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അവര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കവും. ആര്‍.എസ്.എസിന്റെ ഇന്ത്യയില്‍ മദ്രസകള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ന്യൂനപക്ഷങ്ങള്‍തന്നെ രണ്ടാംകിട പൗരന്മാരായി അവര്‍ക്ക് കീഴ്‌പ്പെട്ട് കഴിയേണ്ടതാണ്. ഇതിനായി അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. അതിലൊന്നു മാത്രമാണ് മദ്രസകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് തികച്ചും ഭരണഘടനാവിരുദ്ധവും കടുത്ത വിവേചനവുമാണ്. രാജ്യത്തെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പഠിപ്പിക്കാനുള്ള അവകാശം ഭരണഘടന വകവച്ചു നല്‍കുന്നുണ്ട്. മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കുന്നുവെന്ന കണ്ടെത്തല്‍ ശുദ്ധ നുണയാണ്. മദ്രസകള്‍ കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ഭരണ ഘടനാ അവകാശത്തെ ഹനിക്കുന്ന രൂപത്തിലുള്ള ഇടപെടലുകളാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ മറവില്‍ നടപ്പിലാക്കാന്‍ ബാലാവകാശ കമ്മിഷന്‍ ശ്രമിച്ചത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസകള്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ വലിയ തോതിലുള്ള പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കം അത്യന്തം ഗൗരവമായി കാണേണ്ടതാണ്. അത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്ന ഇടപെടല്‍ ഏറെ ആശ്വാസകരമാണ്.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ ബാലാവകാശ കമ്മിഷനില്‍നിന്നുണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി സച്ചാര്‍ സമിതി നിര്‍ദേശിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നട പ്പിലാക്കിയിരുന്നുവെങ്കില്‍ അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തെ മദ്രസാ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടാകുമായിരുന്നു. മറുവശത്ത് ആര്‍.എസ്.എസ് നേതാക്കളുടെ കീഴില്‍ രൂപീകൃതമായ വിദ്യാഭാരതിയുടെ കീഴില്‍ നിരവധി സ്‌കൂളുകളും കോളേജുകളും ലക്ഷക്കണക്കിന് കുട്ടികളും ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സാമ്പത്തിക സഹായത്തിലും നടന്നുപോകുന്നതാണ്. അവിടെയൊന്നും കുട്ടികളുടെ ‘പീഡനം’ കാണാത്ത ബാലവകാശ കമ്മിഷന്‍ മദ്രസകള്‍ക്കുനേരെ തിരിഞ്ഞത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തമാണ്. ഇതുതന്നെയാണ് കോടതി തിരുത്തിയത്. സംഘ്പരിവാര ഭരണകുടം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങുമ്പോള്‍ കോടതികള്‍ പലപ്പോഴും രക്ഷക്കെ ത്തുന്നു എന്നതാണ് കെട്ട കാലത്തെ ഏക ആശ്വാസം.

 

india

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ 12കാരന് രണ്ടു കോടി നഷ്ടപരിഹാരം;തുക ഉയര്‍ത്തി ഹൈക്കോടതി

4.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

Published

on

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.തുടര്‍ന്ന് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന് വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ എംഎസിടി കോടതി 2020ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്.

2016 ഡിസംബര്‍ 3ന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ(60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചിരുന്നു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77% വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ കുട്ടിക്ക് 100% വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് ഹൈക്കോടതി നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്.

 

Continue Reading

india

രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി അമ്മ

കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Published

on

ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് കുട്ടി തടസ്സമാണെന്ന് കരുതി അഞ്ചു വയസ്സുള്ള മകളെ അമ്മ കൊലപ്പെടുത്തി. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം.സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചതായിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു.എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചു.ഇതിന്റെ നിരാശയിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

അസുഖമാണെന്നു പറഞ്ഞ് യുവതി തന്നെയാണ് കുട്ടിയെ ദീപ്ചന്ദ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ കഴുത്തിലെ പാടുകള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തിയത്.

 

 

 

 

 

 

 

 

Continue Reading

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

Continue Reading

Trending