Connect with us

crime

വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ചു; സംശയം തോന്നി യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം

സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്

Published

on

ന്യൂഡൽഹി: വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ച യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം. യാത്രക്കിടെ പലപ്പോഴായി നൽകിയ പാനീയങ്ങളും ലഘുഭക്ഷണവും നിരസിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 992 ഫ്ലൈറ്റിലാണ് സംഭവം.

യാത്രക്കാരനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അഞ്ചര മണിക്കൂർ യാത്രക്കിടെ എല്ലാ ലഘുഭക്ഷണങ്ങളും നിരസിച്ചതാണ് ഇയാൾക്ക് വിനയായത്. ഫ്ലൈറ്റ് അറ്റൻഡൻ്റ് ഓരോ യാത്രക്കാർക്കും വെള്ളം നൽകിയപ്പോൾ ഇയാൾ ആദ്യം വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളും വേണ്ടെന്ന് പറഞ്ഞു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫ്ലൈറ്റ് അറ്റൻഡന്റ് ക്യാപ്റ്റനെ വിവരമറിയിക്കുകയും, എയർ ട്രാഫിക് കൺട്രോൾ വഴി യാത്രക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തു.

പിന്നീട്, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പ‌ദമായ യാത്രക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രീൻ കസ്റ്റംസ് ക്ലിയറൻസ് ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇയാളെ ചോദ്യം ചെയ്യാൻ തടഞ്ഞു. ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്.

എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 1096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിന്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. ജിദ്ദയിൽ നിന്ന് സ്വർണം കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി, ഉടൻ സർജറി നടത്തും

എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. 

Published

on

എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

crime

യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കോളേജ് പ്രൊഫസര്‍ പിടിയില്‍

രീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു

Published

on

ലഖ്‌നൗ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത ഉത്തര്‍പ്രദേശിലെ കോളേജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന 59 വീഡിയോകളാണ് ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. ഈ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്.

ഹാത്രാസിലെ സേത്ത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

കൂടാതെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Continue Reading

crime

താടിവടിച്ചില്ല; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Published

on

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Continue Reading

Trending