X
    Categories: indiaNews

ത്രിപുര ബി.ജെ.പിയില്‍ കലാപം; വിമത നീക്കവുമായി ബിപ്ലബ്‌

അഗര്‍ത്തല: ത്രിപുര ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി. വിശ്വസ്തരുടെ യോഗം വിളിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേബ്. നിയമസാഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ഇന്ന് ബി.ജെ. പി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരാനിരിക്കെയാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി ബിപ്ലബ് ദേബ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് സംസ്ഥാന നിര്‍വാഹക സമിതി ചേരുന്നത്.

എന്നാല്‍ പുറത്തുനിന്നു വന്ന ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ബിപ്ലബിന്റെ ആരോപണം. മുതിര്‍ന്ന നേതാക്കളൊന്നും ബിപ്ലബ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. അദ്ദേഹം തന്നെ നല്‍കിയ നിര്‍ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നില്‍ക്കുന്നതെന്നാണ് വിവരം. അതേസമയം തന്നോട് അനുഭാവം പുലര്‍ത്തുന്ന എം.എല്‍.എമാരെ ഒരുമിച്ചു കൂട്ടി സര്‍ക്കാറിനെതിരെ പടപ്പുറപ്പാടിന് ഒരുങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു പതിറ്റാണ്ടു നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടെത്തിയത് ബിപ്ലബ് ദേബിനെയായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെതുടര്‍ന്ന് 2022ല്‍ ബിപ്ലബിനെ മാറ്റി മണിക് സാഹയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കി. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2016ലാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയതോടെ മണിക് സാഹയെ മാറ്റി കേന്ദ്രമന്ത്രി പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നീക്കം ചരടു വലി നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാരില്‍ ഭൂരിഭാഗം മണിക് സാഹ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കേന്ദ്ര നീക്കം പരാജയപ്പെടുകയായിരുന്നു.
ഇതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള പടനീക്കം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

webdesk11: