ഗഫൂര്‍ കോല്‍കളത്തില്‍
അനാവശ്യവും ദുര്‍വിനിയോഗവും കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കളെ വെട്ടിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ട് ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളായ പാവപ്പെട്ട ഗുണഭോക്താക്കളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കഴുത്തിന് പിടിക്കുന്ന തീരുമാനമാണ് ഒടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. 2016 ല്‍ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയുടെ മൊത്തം കുത്തക ഏറ്റെടുത്ത് ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിയിരിന്നു. ഏറെ കഴിയും മുന്നേ പെന്‍ഷന്‍ പദ്ധതിയെതന്നെ തകര്‍ക്കുന്ന സ്ഥിതിയിലേക്കാണിപ്പോള്‍ സംസ്ഥാനത്തിന്റെ പോക്ക്.
2019 ഡിസംബര്‍ 31 വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളും പെന്‍ഷന്‍ അനുവദിച്ച അതത് തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 3,92,755 പേര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരും 29,46,104 പേര്‍ വാര്‍ധക്യകാല പെന്‍ഷന്‍ കൈപ്പറ്റുന്നവരുമാണ്. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 4,18,774 പെന്‍ഷന്‍ ഗുണഭോകതാക്കളും 88,342 അമ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ വനിതാഗുണഭോക്താക്കളുമാണ്. 14,04,709 വിധവാപെന്‍ഷന്‍ കൈപ്പറ്റുന്നവരും ഉള്‍പ്പെടെ സംസ്ഥാനത്ത് 52,50,000 ത്തില്‍ അധികം സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്.
സെപ്തംബര്‍ ഒന്ന് മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 2023 ഫെബ്രുവരി 28 നുള്ളില്‍ നല്‍കിയിരിക്കണം. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്നും ഇത്തരക്കാര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ലന്നുമാണ് സര്‍ക്കാര്‍ കര്‍ശനമായി അറിയിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം തടയപ്പെട്ട കാലത്തെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടാകില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ പെന്‍ഷന്‍ പട്ടികയില്‍നിന്ന് സ്ഥിരമായി ഒഴിവാക്കുകയാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വരുമാനമുള്ള അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഗുണഭോക്തൃ ലിസ്റ്റ് ശുദ്ധീകരിക്കലാണ് ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പരമാവധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഇപ്പോള്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്.
എട്ടു വര്‍ഷം മുമ്പ് 2014 ലാണ് ഒരു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. അന്നത്തെ സാധാരണക്കാരന്റെ വാര്‍ഷിക വരുമാനം ശരാശരി പന്ത്രണ്ടായിരം മുതല്‍ ഇരുപത്തി നാലായിരം രൂപ വരെയാണ് വില്ലേജ് അധികൃതര്‍ കണക്കാക്കിയിരുന്നത്. 2014 ല്‍ 800 രൂപയായിരുന്നു പെന്‍ഷന്‍ തുക. 2013 വരെ 22400 രൂപ വരുമാന പരിധി ഉണ്ടായിരുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയായിന്നു. വാര്‍ധക്യകാല പെന്‍ഷന്‍ പ്രായം 65 എന്നത് 60 ആയി ചുരുക്കിയപ്പോള്‍ വരുമാനപരിധി ഒരു ലക്ഷമാക്കി ഏകീകരിച്ചു. 250 മുതല്‍ 400 രൂപ വരെയായിരുന്നു അന്നത്തെ ദിവസക്കൂലി. അതുകൊണ്ട് തന്നെ ഒരു ലക്ഷം വരുമാനം എന്നത് പാവപ്പെട്ടവര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തതായിരുന്നു. പക്ഷേ ഇന്ന് നിത്യ ജീവിത ചെലവിനൊപ്പം കൂലിയിലും വര്‍ധനവുണ്ടായി. ദിവസക്കൂലി 600 മുതല്‍ 1000 വരെയാണ്. ഒരു തൊഴിലും ഇല്ലാത്തയാള്‍ക്കും മേല്‍കൂലി കണക്കാക്കിയാണ് വരുമാനം നിശ്ചയിച്ചുനല്‍കുന്നത്. ഇക്കാരണത്താല്‍ നിരവധി നിര്‍ധനര്‍ വരുമാനപരിധിക്കുമുകളില്‍ എത്തുമെന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യം നഷ്ടമാവും. തരിശായി കിടക്കുന്നതോ കൃഷി യോഗ്യമല്ലാത്തതും യാതൊരു വരുമാനം ലഭിക്കാത്തതുമായ ഭൂമിയുള്ളവരും പരിധിക്കു പുറത്താകും. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഗുണഭോക്താക്കള്‍. പ്രായമായവരും വിധവകളും വികലാംഗരുമായ പാവപ്പെട്ട ആയിരങ്ങളാണ് അക്ഷയ കേന്ദ്രങ്ങളും വില്ലേജ് ഓഫീസുകളും കയറിയിറങ്ങേണ്ടിവരുന്നത്. മാത്രമല്ല ഓരോ ദിവസവും 200 ല്‍ അധികം അപേക്ഷകകളാണ് ഓരോ വില്ലേജ് ഓഫീസിലും സര്‍ട്ടിഫിക്കറ്റിന് വേണ്ടി ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആവശ്യാര്‍ഥം ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കര്‍ശനമായി പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ വില്ലേജ് അധികൃതര്‍ക്ക് രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഓണ്‍ലൈനായി ലഭിക്കുന്ന ഓരോ അപേക്ഷകളിന്മേലും അന്വേഷണം നടത്തി വരുമാനം നിശ്ചയിക്കാനും അപേക്ഷകളുടെ മുന്‍ഗണന നോക്കി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും കഴിയാത്ത സ്ഥിതിയിലാണ് വില്ലേജ് അധികൃതര്‍.
എട്ടു വര്‍ഷം മുമ്പുള്ള വാര്‍ഷിക വരുമാന പരിധിയില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തയ്യാറാവാതെ രണ്ടര വര്‍ഷം മുമ്പുവരെ പെന്‍ഷന്‍ തുക കൈപ്പറ്റുന്ന ഗുണഭോക്താക്കളെ ഇപ്പോള്‍ ഈ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നത് ക്രൂരതയാണ്. അനധികൃത ഗുണഭോക്താക്കളുണ്ടെങ്കില്‍ അവരെ ഒഴിവാക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും ഒഴിവാക്കാനും സര്‍ക്കാറിനു പ്രായോഗികമായ ഒട്ടേറെ സംവിധാനങ്ങളുണ്ട്. അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്പകരം അവശത നേരിട്ടുകൊണ്ടിരിക്കുന്നവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു. സര്‍ക്കാരിന്റെ ദുരഭിമാനവും രാഷ്ട്രീയ നേട്ടവും സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയില്‍ വലിയ തോതില്‍ അനാവശ്യ ചെലവാണ് വരുത്തികൊണ്ടിരിക്കുന്നത്. എല്ലാ ഇടപാടുകളും നെറ്റ് ബാങ്കിങ് വഴി നടക്കുന്ന കാലത്ത് പെന്‍ഷന്‍ വിതരണം ബാങ്ക് വഴി നടത്തുന്നതാണ് ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുക. എന്നാല്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗിക്കാത്തവരും ബാങ്കുകളില്‍ പോകാന്‍ കഴിയാത്തവരുമായവര്‍ക്ക് വീടുകളില്‍ തുക എത്തിച്ചുനല്‍കുന്നത് സൗകര്യമാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ ഹോം ടു ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിച്ചതോടെ ഈ ഇനത്തില്‍ കോടികളാണ് പെന്‍ഷന്‍ വിതരണത്തിന് മാത്രമായി ഖജനാവില്‍നിന്ന് നഷ്ടമാകുന്നത്. 24, 97,489 പേര്‍ക്കാണ് നിലവില്‍ ഹോം ടു ഡെലിവറി മുഖേന പെന്‍ഷന്‍ വിതരണം നടത്തുന്നത്. ഇങ്ങനെ വിതരണം നടത്തുമ്പോള്‍ ഒരു ഗുണഭോക്താവിന് 40 രൂപ എന്ന നിരക്കില്‍ ഏജന്റിന് ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഒരു തവണ പെന്‍ഷന്‍ വിതരണം നടത്താന്‍ 10 കോടി രൂപയാണ് ചെലവഴിക്കപ്പെടുന്നത്. കൂടാതെ ഓരോ സഹകരണ ബാങ്കുകള്‍ക്കും വിതരണം നടത്തുന്ന തുകയുടെ ഒരു ശതമാനവും ഓദറൈസ്ഡ് ഉദ്യോഗസ്ഥന് രണ്ടു ശതമാനവും കമ്മീഷന്‍ നല്‍കുന്ന ഇനത്തില്‍ പ്രതിമാസം എട്ട് കോടിയും ചെലവഴിക്കപ്പെടുന്നു. രണ്ടോ മൂന്നോ മാസത്തെ തുക ഒന്നിച്ചു വിതരണം ചെയ്താലും പ്രതിമാസ ചെലവ് വരുന്നുണ്ട്. അത്യാവശ്യകാര്‍ക്ക് മാത്രമായി ഹോം ടു ഡെലിവറി പരിമിധിപ്പെടുത്തിയാല്‍ കോടികള്‍ ലാഭിക്കാനാകും. സംസ്ഥാനത്തു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സഹകരണ ബാങ്കുകള്‍ ഉണ്ടെങ്കിലും 90 ശതമാനവും പെന്‍ഷന്‍ വിതരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്കാണ് പെന്‍ഷന്‍ വിതരണ ചുമതല നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് അവകാശമായി സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന്‍തുക സഖാക്കള്‍ ഔദാര്യമായി എത്തിച്ചുകൊടുക്കുന്നതിനും അതുവഴി പാര്‍ട്ടിക്ക് മൈലേജ് ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഹോം ടു ഡെലിവറി എന്നത് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നതാണ്. കൂടാതെ തുക തിരിമറി നടത്തിയ പരാതികളും നിത്യമാണ്.
സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പലപ്പോഴും അനാവശ്യ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിധവ പെന്‍ഷന്‍ സ്‌കീമില്‍ അഗതികളായ വിവാഹ ബന്ധം വേര്‍പെട്ടവര്‍ക്കും ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടു ഏഴു വര്‍ഷം കഴിഞ്ഞവര്‍ക്കും പെന്‍ഷന്‍ നല്‍കിയിരുന്നത് ഒഴിവാക്കപ്പെട്ടതും വിവിധ ക്ഷേമനിധികളില്‍ മാസ തവണകളായി തുകയടച്ചു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റു പെന്‍ഷന്‍ ആനുകൂല്യം നിഷേധിച്ചതും പിണറായി സര്‍ക്കാരാണ്. 60 വയസ്സ് ആവാത്ത വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓരോ വര്‍ഷവും പുനര്‍ വാഹിതയല്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധനയും കൊണ്ട്‌വന്നു.