Connect with us

News

റിയല്‍ ചാമ്പ്യന്‍-കമാല്‍ വരദൂര്‍

ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ് സ്വന്തമാക്കിയ വെള്ളിയുടെ വലിയ വില.

Published

on

സ്വര്‍ണം തന്നെ അമേരിക്കയില്‍ നിന്നും നീരജ് ചോപ്ര കൊണ്ടുവരുമെന്ന് എല്ലാവരും കരുതിയത് ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരം സ്വര്‍ണം സ്വന്തമാക്കിയത് കൊണ്ടായിരുന്നു. ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ് സ്വന്തമാക്കിയ വെള്ളിയുടെ വലിയ വില.

സമ്മര്‍ദ്ദമല്ല നീരജ്-ക്രമാനുഗതമായ ആത്മവിശ്വാസ സ്‌ക്കെയിലാണ് . ആ കരിയര്‍ നോക്കുക. 2015 ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ അദ്ദേഹമുണ്ടായിരുന്നു-ഫിനിഷ് ചെയ്തത് അഞ്ചാമനായി. പിന്നെ ദേശീയ ക്യാമ്പിലെത്തി. 2016 ലെ സാഫ് ഗെയിംസില്‍ സ്വര്‍ണം. 2016 ലെ പോളണ്ട് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണത്തിലുടെയാണ് ഇന്ത്യയും ലോകവും നീരജിനെ അറിയുന്നത്. 86.48 മീറ്ററായിരുന്നു ആ ദൂരം. ജൂനിയര്‍ തലത്തില്‍ നിന്ന് പതുക്കെ സീനിയര്‍ തലത്തിലേക്ക്. വലിയ വേദിയില്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടാതെ വിദേശ പരിശീലനത്തിന് പ്രാമുഖ്യം നല്‍കി. റിയോ ഒളിംപിക്‌സ് യോഗ്യതക്ക് മുമ്പ് പരുക്കില്‍ പിന്മാറി. 2017 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം (86.47 മീറ്റര്‍). ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം. കോവിഡില്‍ ടോക്കിയോ ഒളിംപിക്‌സ് ദീര്‍ഘിച്ചെങ്കിലും നീരജ് ചരിത്രമെഴുതി- ആദ്യമായി അത്‌ലറ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കുന്ന ഇന്ത്യക്കാരന്‍.

ഇപ്പോഴിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. ഈ സ്ഥിരതയിലുടെ സഞ്ചരിക്കുമ്പോഴാണ് നീരജിന്റെ നേട്ടം ഇന്ത്യന്‍ കായിക ലോകത്തിനുണ്ടക്കുന്ന മാറ്റം പ്രസക്തമാവുന്നത്. മേല്‍പ്പറഞ്ഞ രാജ്യാന്തര മീറ്റുകളിലെല്ലാം മെഡല്‍ നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ കുറവാണ് എന്നത് ചരിത്ര സത്യം. രണ്ട് ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയ പി.വി സിന്ധുവിനെ മറക്കുന്നില്ല. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയ അഭിനവ് ബിന്ദ്ര റിയോ ഒളിംപിക്‌സിലെത്തുമ്പോഴേക്കും വലിയ സമ്മര്‍ദ്ദത്തില്‍ പതറി. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം നമ്മള്‍ തന്നെ നല്‍കുമ്പോള്‍ താരങ്ങള്‍ മാനസികമായി തകരുകയാണെങ്കില്‍ നീരജില്‍ അത് പ്രകടമല്ല. അവിടെയാണ് അദ്ദേഹത്തിന്റെ സ്ഥിരതയും കരുത്തും. ഇന്നലെ നേടിയ വെളളി ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ മാറ്റമാണ്. ഒരു നിരാശ പോലും പ്രകടിപ്പിക്കാതെ ആ മെഡല്‍ നീരജ് രാജ്യത്തിന് സമര്‍പ്പിച്ചു. ലോക വേദിയില്‍ നമ്മുടെ ദേശീയ പതാക ഉയര്‍ന്നു. ദേശീയ ഗാനത്തിന്റെ അയൊലികള്‍ കേട്ടു.

ഒരു ക്വാളിറ്റി ചാമ്പ്യന്‍ വേണ്ടതെല്ലാം നീരജിലുണ്ട്. അതില്‍ പ്രധാനം സ്ഥിരത തന്നെ. വെറുതെ അദ്ദേഹം സംസാരിക്കുന്നില്ല. വിവാദങ്ങളില്‍ തല വെക്കുന്നില്ല. ശ്രദ്ധ സ്വന്തം ആരോഗ്യത്തിലും മല്‍സരങ്ങളിലും പ്രതിയോഗികളെ പഠിക്കുന്നതിലുമാണ്. സഭാ കമ്പമെന്നത് നീരജിനില്ല. അദ്ദേഹത്തിന്റെ തന്ത്രം വ്യക്തം. ഏത് മല്‍സരങ്ങളാണെങ്കിലും ആദ്യ ത്രോകളില്‍ തന്നെ മികച്ച ദൂരം കണ്ടെത്തുക. എന്നിട്ട് പ്രതിയോഗികളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുക. അതില്‍ പാവോ നൂര്‍മി ഗെയിംസ് ഉള്‍പ്പടെ അദ്ദേഹം പങ്കെടുത്ത ഒട്ടുമിക്ക ചാമ്പ്യന്‍ഷിപ്പുകളിലും വിജയിക്കാനായി. ഇന്നലെ പക്ഷേ പ്രധാന പ്രതിയോഗി ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആദ്യ ത്രോയില്‍ തന്നെ 90 മറികടന്നു. പന്ത്രണ്ട് പേര്‍ പങ്കെടുത്ത ഫൈനലില്‍ ആദ്യ ത്രോ തന്നെ പായിച്ച നീരജിനാവട്ടെ ഫൗളില്‍ കുരുങ്ങുകയും ചെയ്തു. അത് അദ്ദേഹത്തെ ബാധിച്ചില്ല എന്നതിന് തെളിവായിരുന്നു നാലാമത്തെ ത്രോ. അപ്പോഴും ആന്‍ഡേഴ്‌സണ്‍ 90 പ്ലസ് തുടര്‍ന്നപ്പോള്‍ അവസാന രണ്ട് ത്രോകളിലും 90 ലെത്താനുള്ള ശ്രമത്തില്‍ ഫൗളായി. അവിടെയും ആ മുഖത്ത് നിരാശ കണ്ടില്ല. ഒടുവില്‍ വെളളിയായപ്പോഴും വളരെ ഹാപ്പി. ആ സന്തോഷമാണ് ഇനി നമ്മളും ആസ്വദിക്കേണ്ടതും പിന്തുടരേണ്ടതും. നീരജിന് 90 മീറ്റര്‍ മറികടക്കണം. അതാണ് അദ്ദേഹത്തിന്റെ പുതിയ ലക്ഷ്യം. നീരജും സംഘവും പോസിറ്റീവാണ്. ശാസ്ത്രിയമായി തന്നെ കാര്യങ്ങളെ കണ്ട് മുന്നേറുന്നു. ഈ സത്യം മനസിലാക്കുമ്പോഴാണ് ലോക വേദിയിലെ വെളളി നമ്മുടെ കരുത്താവുന്നത്. അതിന് നമ്മള്‍ നീരജിനോട് നന്ദി പറയണം. മുരളി ശ്രീശങ്കറും എല്‍ദോസ് പോളും അബ്ദുള്ള അബുബക്കറും അന്നു റാണിയും രോഹിത് യാദവുമെല്ലാം പുതിയ കായിക ഇന്ത്യയുടെ പ്രതിനിധികളാണ്. ഫൈനലിലെത്തുക എന്നത് നമ്മെ സംബന്ധിച്ച് മെഡലിനു തുല്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കി യതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.

ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്‌കത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി

അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച വരെ മഴ തന്നെയെന്നു സൂചന

ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ തെക്കൻ തമിഴ്‌നാടിനു മുകളിലും ലക്ഷദ്വീപിന്‌ മുകളിലുമായാണ് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ, നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും നവംബർ 16ന് എറണാകുളം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Continue Reading

kerala

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും

Published

on

മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം നാല് മണിയോടെ നട തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണമായും നിറഞ്ഞു. ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കാൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ തിരക്ക് പ്രമാണിച്ച് ഒരു മണിക്കൂർ നേരത്തെ നട തുറക്കാൻ പിന്നീട് തീരുമാനമായി.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തിവിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇത്തവണ 18 മണിക്കൂർ ദർശന സൗകര്യമുണ്ടാകും.

Continue Reading

Trending