X

സംവാദത്തിന് തയാർ, പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തിൽ സംശയം -രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയുമായി സംവാദത്തിന് തയാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തിൽ സംശയമാണെന്നും രാഹുൽ പറഞ്ഞു. ലഖ്‌നോവിൽ സാമൂഹിക സംഘടനയായ സമൃദ്ധ ഭാരത് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

“അദ്ദേഹവുമായി സംവാദത്തിന് 100 ശതമാനം ഞാൻ തയാറാണ്. പക്ഷേ പ്രധാനമന്ത്രിയെ എനിക്കറിയാം. അദ്ദേഹം എന്നോട് സംവാദത്തിന് വരില്ല”-രാഹുൽ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മോദിയുമായി സംവാദത്തിന് തയാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 200-180 സീറ്റുകൾ മാത്രമേ നേടൂവെന്നും ചോദ്യോത്തര വേളയിൽ രാഹുൽ അവകാശപ്പെട്ടു.

തനിക്ക് അധികാരമോഹമില്ല. 15-20 വർഷം ബാക്കിയുണ്ട്. അതിനാൽ രാജ്യത്തെ 90 ശതമാനം വരുന്ന ഒ.ബി.സി, ദലിത്, ആദിവാസി, ഉയർന്ന ജാതികളിലെ ദരിദ്രർ എന്നിങ്ങനെയുള്ളവർക്ക് നല്ലത് ചെയ്യാൻ താൻ ആഗ്രഗിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോകൂർ, മുൻ ഹൈകോടതി ജഡ്‍ജി എ.പി. ഷാ, ‘ദി ഹിന്ദു’ മുൻ പത്രാധിപർ എൻ. റാം എന്നിവരടങ്ങുന്ന സംഘം ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവർക്കും അയച്ച ക്ഷണപത്രത്തിന്റെ കോപ്പി അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

webdesk13: