Connect with us

local

റസാഖ് വിട പറഞ്ഞത് നിരവധി പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്

ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍  റസാഖ് ജീവിതം അവസാനിപ്പിച്ചു.

Published

on

കൊണ്ടോട്ടി :സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സി.പി.എം ചിന്തകനും മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിന്റെ ഞെട്ടലില്‍ നാടും സാംസ്‌കാരിക ലോകവും. മരണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് നേരെ സമഗ്രാ ന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

വീടിന് സമീപത്തെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരെ റസാഖ് ഏറെ കാലമായി പോരാടുന്നുണ്ട്. മരണവും ഒരു സമരമാണ്, സമയം 7 മണി, ഇതും ഒരു സമരമാണ് എന്ന് രേഖപ്പെടുത്തിയാണ് അവസാനം റസാഖ് തന്റെ പ്രതിഷേധം തുറന്ന് കാട്ടിയത്. മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും നല്‍കിയ പരാതികളുടെ കോപ്പികളും കേസ് നടത്തിയ ഫയലുകളുമൊക്കെ ഒരു സഞ്ചിയിലാക്കി നെഞ്ചില്‍ ചേര്‍ത്തു വെച്ചായിരുന്നു ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച റസാഖ് ജീവിതം നിര്‍ത്തിയത്. സഞ്ചിയില്‍ ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്ത് ഭരണ സമിതിക്കും കരിപ്പൂര്‍ പൊലീസിനെതിരേയും രൂക്ഷ വിമര്‍ശനമുണ്ട്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്ര ഉടമകളെ കരിപ്പൂര്‍ പൊലീസ് അന്യായമായി സഹായിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാപന ഉടമയോട് സി.പി.എം ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വലിയ തുക വാങ്ങിച്ച തായും ഇതിന് പ്രത്യുപകാരമാണ് കമ്പനിക്ക് കൂടെ നില്‍ക്കുന്നതെന്നും റസാഖ്് പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തുറന്ന് പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ബഷീര്‍ സ്ഥാപനകാരണം ഐ.എല്‍.ഡി ബാധിച്ച് മരണപ്പെട്ടിട്ടും പരാതി കേള്‍ക്കുവാന്‍ പോയിട്ട് ഒരാശ്വാസം പകരുവാന്‍ പോലും പഞ്ചായത്തധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് റസാഖ് നിരന്തരം സങ്കടപ്പെട്ടിരുന്നു. പാര്‍ട്ടിക്കുവേണ്ടി സ്വന്തം വീടും സ്വത്തും നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി അവഗണിച്ചതോടെ വീട് ഇ.എം.എസ് ഭവന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന പേരില്‍ സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരുന്നു. നിര്‍ധനരായ ഒട്ടേറെ കുട്ടികളെ റസാഖ് ദത്തെടുത്ത് പഠിപ്പിക്കുന്നുണ്ട്. ഇവരുടെ തുടര്‍ പഠനം, ലൈബ്രറി എന്നിവ പദ്ധതികളുണ്ടായിരുന്നു. കൂടാതെ മരണപ്പെട്ട അനുജന്‍ അഷ്‌റഫിന്റെ കുടുംബത്തിന് വീടിന് സമീപം വീട് വെച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തറയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു.

എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ എല്ലാം ബാക്കി വെച്ചാണ് റസാഖ് വിട പറഞ്ഞത്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ റസാഖ് വായിക്കാന്‍ എടുത്തിരുന്നു. ഇത് തിരിച്ച് ഏല്‍പിച്ച ശേഷം എത്തിയ പിറ്റേന്നാണ് മരിക്കുന്നത്. ടിപ്പു സുല്‍ത്താനെ പറ്റി ഒരു ബൃഹത് ഗ്രന്ഥത്തിന്റെ പണി പുരയിലായിരുന്നു. ഇതിന് വേണ്ടി ഒട്ടേറെ തവണ മൈസൂര്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍  റസാഖ് ജീവിതം അവസാനിപ്പിച്ചു.

kerala

343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന എന്‍.എസ്.എസ് ക്യാമ്പുകളില്‍ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതി പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ അവബോധ പ്രവര്‍ത്തനം നടത്തും. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Continue Reading

kerala

മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു

അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു. എടക്കര വയലിലാണ് അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സ്വദേശികളാണ് അപകടത്തിൽപെട്ടത്.

മണ്ണ് സംരക്ഷണ വകുപ്പ് കൃഷി ആവശ്യത്തിനായി കുഴിച്ചുനൽകുന്ന കിണറാണ് ഇടിഞ്ഞത്. ജെസിബി ഉപയോഗിച്ചായിരുന്നു കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു അപകടം.

അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

Published

on

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending