X
    Categories: Video Stories

നിപ; ശാസ്ത്രം ജയിച്ചു, കോമാളികൾ തോറ്റു

രഞ്ജിത്ത് ആന്റണി

നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമോ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം. വേറൊന്നും കൊണ്ടല്ല. ആ ഡോക്ടർ തന്റെ ഡിഫ്രൻഷ്യൽ ഡയഗ്നോസിസ്സിൽ എത്തിയ രീതിയെ കുറിച്ച് ആലോചിച്ചിട്ട് പോലും ത്രില്ലടിക്കുന്നു.

വെറും ബാഹ്യമായ ലക്ഷണങ്ങൾ വെച്ച്, ഓരോ സംശയങ്ങളെയും എലിമിനേറ്റ് ചെയ്ത് ചെയ്ത് അവസാനം ഒരു നിഗമനത്തിലെത്തുന്നു. അതിന് അയാൾ മണിക്കൂറുകൾ അദ്ധ്വാനിച്ചിരിക്കണം. രോഗിയോടും, ബന്ധുക്കളെയും മാറി മാറി ഇന്റർവ്യു ചെയ്തിരിക്കണം. അവസാനം എല്ലാ സാദ്ധ്യതകളും പിന്തള്ളി നിപ യിലേയ്ക്ക് എത്തിയിരിക്കണം. നിപയാണെന്ന് ഉറപ്പിക്കാനായി സ്രവങ്ങൾ മണിപ്പാലിലേയ്ക്ക് അയച്ച രാത്രിയിൽ അദ്ദേഹം ഉറങ്ങിക്കാണില്ല. അഥവാ നിപ അല്ലെങ്കിൽ, അനാവശ്യമായി ഭീതി പരത്തി എന്ന പഴി കേൾക്കണ്ടി വരും. ചിലപ്പോൾ ഭാവി കരീർ തന്നെ അവതാളത്തിലാകും. എന്നിട്ടും, തന്റെ ക്ലിനിക്കൽ വൈഭവം നൽകിയ ആത്മവിശ്വാസത്തിൽ ഉറച്ച് നിന്നു.

രഞ്ജിത്ത് ആന്റണി


ഒന്ന് ആലോചിച്ചു നോക്കു. രണ്ട് ദശാബ്ദം മുന്നെ മലേഷ്യയിലെ ഒരു ചെറു പട്ടണത്തിൽ 100 ൽ താഴെ പേരെ ബാധിച്ച അസുഖം. പിന്നീട് ബംഗ്ലാദേശിലുണ്ടായ ചെറില ചില ഔട്ബ്രേക്കുകൾ. ഇത്രയേ ഈ പനിയെ കുറിച്ച് അറിയുമായിരുന്നുള്ളു. ഈ ഡോക്ടർ നിപാ ബാധിച്ച ഒരു രോഗിയെ മുന്നെ കണ്ടിരിക്കില്ല. ഏതൊ മെഡിക്കൽ ജേർണ്ണലിൽ വായിച്ച ഒരു ലേഖനമൊ, സി.ഡി.സി യുടെ ഗൈഡ് ലൈനിലെ നാലു വാചകങ്ങളൊ ഓർത്ത് വെച്ച് തന്റെ രോഗിയുടെ ലക്ഷണങ്ങളുമായി താതാദ്മ്യം ചെയ്യാൻ സാധിച്ച ആ ബുദ്ധിയുണ്ടല്ലൊ. അതിന് കൊടുക്കണം ഒരു കുതിരപ്പവൻ.

ബട്ട് …..

ഇത്രയും വായിക്കുന്ന, ഒരു പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ചിരിച്ചു പോകും. ഒരു വിധം ഡോക്ടർമ്മാർ എല്ലാം “യിതൊക്കെ എന്ത്” എന്ന ഭാവത്തിൽ ഇവിടെ വെച്ച് നിർത്തും. ഒരുവിധം ഡോക്ടർമ്മാരുടെ ദിനചര്യയുടെ ഭാഗമാണിത്. പുതിയ ജേർണ്ണലുകളിലെ ലേഖനങ്ങൾ വായിക്കുകയും, സ്ഥിരമായി അപ്ഡേറ്റഡായും ഇരിക്കുന്നത് കൊണ്ട് അവരൊക്കെ സ്വയം ഒരു ഡിസിപ്ലിൻ ഡെവലപ് ചെയ്തെടുത്തിട്ടുണ്ട്. അതു കൊണ്ടാണ് മാസങ്ങൾക്ക് മുന്നെ വായിച്ച ലേഖനങ്ങളിലെ ഉള്ളടക്കങ്ങൾ പോലും അയൾക്ക് ഓർമ്മ നിൽക്കുന്നത്. ഇത് എവിഡെൻസ് ബേസ്ഡ് മെഡിസിന്റെ ഫ്രെയിംവർക്ക് നൽകുന്ന ഒരു സൌകര്യമാണ്. ഈ നിപ്പ നിർണ്ണയിച്ച ഡോക്ടർ പോലും ഒറ്റയ്ക്കൊരു തീരുമാനം എടുത്തതാകാൻ സാദ്ധ്യത ഇല്ല. പല സ്പെഷിലിസ്റ്റുകളെയും കണ്സൾട്ട് വിളിച്ചിരിക്കണം. നിപ പനിക്ക് മസ്തിഷ്ക ജ്വരം പോലുള്ള ലക്ഷണങ്ങൾ ഉള്ളത് കൊണ്ട്, ഒരു ന്യുറോളജിസ്റ്റിന്റെ കണ്സൾട്ടും സഹായവും എന്തായാലും ലഭിച്ചിരിക്കണം. രോഗിയെ ഐ.സി.യു വിലേയ്ക്ക് മാറ്റിയത് കൊണ്ട്, ഒരു ക്രിട്ടിക്കൽ കെയർ ഫിഷ്യന്റെ സഹായവും കിട്ടിയിരിക്കണം. ഇങ്ങനെ സ്വയം സൄഷ്ടിച്ച ഒരു ഫീഡ്ബാക് ലൂപ്പിന്റെ സഹായവും എവിഡെൻസ് ബേസ്ഡ് ഫ്രെയിംവർക്ക് നൽകുന്നുണ്ട്. അതായത്, നിരന്തരം സ്വയം പീയർ റിവ്യു ചെയ്തു കൊണ്ടാണ് ഡോക്ടർമ്മാർ തങ്ങളുടെ ജോലി ചെയ്യുന്നത്. ഇത് കൊണ്ടൊക്കെയാണ് കേരളത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത രോഗങ്ങൾ പോലും ആത്മവിശ്വാസത്തോടെ ഡയഗ്നോസ് ചെയ്യാൻ ഡോക്ടർക്ക് കഴിയുന്നത്.

ഇനി മോഹനനും, വടക്കഞ്ചേരിയും കാണിക്കുന്ന കോപ്രായങ്ങൾ നോക്കു. ഇവരൊക്കെ ഒറ്റയാൾ പ്രസ്ഥാനങ്ങളാണ്. വവ്വാൽ ചപ്പിയതാണെന്ന് പറഞ്ഞൊരു മാങ്ങ കൊണ്ട് വന്ന് പൂളി തിന്ന് കാണിക്കണ്ട ബാദ്ധ്യതയെ മോഹനന് ഉള്ളു. വടക്കഞ്ചേരീടെ മുഖ്യ ശത്രു പാരസറ്റമോളാണ്. ഏതൊ മെഡിക്കൽ ടെക്സ്റ്റ് ബുക്കിൽ സ്റ്റാർ ഇട്ട് ചുവട്ടിൽ ഫൂട്ട് നോട്ടായി രേഖപ്പെടുത്തിയ ഒരു വരിയാണ് ജേക്കബ് വടക്കഞ്ചേരിയുടെ ആക്ടിവസത്തിന്റെ കാതൽ. അതായത് അമിതമായ പാരസറ്റമോൾ ഉപയോഗം കരൾ തകരാറിലാക്കും എന്ന് ആ ടെക്സ്റ്റ് ബുക്കിലുണ്ടത്രെ. മുഷിഞ്ഞ ഒരു ബുക്കും സ്ഥിരമായി പൊക്കി പിടിക്കാറുണ്ട്. പാരസറ്റമോൾ മാത്രമല്ല, എല്ലാ മരുന്നുകൾക്കും സൈഡ് ഇഫക്ടുകളും അടങ്ങിയതാണ് ഒരു ഫാർമ്മക്കോളജി ടെക്സ്റ്റ് ബുക്. പ്രകൄതി ചികിത്സ നടത്തി ആളു തട്ടിപ്പോയ കേസിൽ വരെ വടക്കഞ്ചേരി വിദഗ്ദ്ധമായി ഊരി. മോഹനനായാലും വടക്കഞ്ചേരിക്കായാലും തങ്ങളുടെ ചികിത്സകളുടെ ഔട്കം ആരെയും ബോധിപ്പിക്കണ്ട ബാദ്ധ്യതയില്ല. ഇവരുടെ ഫാൻസ്സിന് അത് അറിയണ്ട ആവശ്യവുമില്ല. ഇനി ഇവരോട് തങ്ങളുടെ ചികിത്സകൾ ഡോക്കുമെന്റ് ചെയ്യാൻ ആവശ്യപ്പെട്ട് നോക്കു. അപ്പ കാണാം അവരുടെ തനി നിറം. ഡോക്കുമെന്റ് ചെയ്ത് പണി പാളിയാൽ ഡോക്കുമെന്റേഷൻ തെളിവുകളാകും. പിന്നെ വീഢിയൊ ഇട്ട് മോങ്ങിയാലും, വെള്ള ജുബ്ബയിട്ട് നാലു ഡയലോഗ് വിട്ടാലൊ ഊരി പോരാൻ പറ്റില്ല. തെളിവായി. അവർ അകത്ത് പോകും.

കോമാളികളെ വിടൂ. ഇവിടെ ഹീറോസ് നിപ ഡയഗ്നോസ് ചെയ്ത ആ ഡോക്ടർമ്മാരാണ്. തങ്ങൾ പഠിച്ച സയൻസ്സ് നൽകുന്ന എല്ലാ സാദ്ധ്യതകളെയും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു വേള, “ഏയ്; അതായിരിക്കില്ല” എന്ന് ആ ഡോക്ടർ തീരുമാനിച്ചെങ്കിൽ ഇന്ന് 19 നൂറ്റാണ്ടിലെ കോളറയ്ക്ക് സമാനമായൊരു സാഹചര്യം കേരളത്തിലുണ്ടായേനെ. 1817 ൽ കോളറ പടർന്നതും ഇൻഡ്യയിൽ നിന്നായിരുന്നു എന്നത് ഒരു യാദൄശ്ചികതയാണ്. അന്ന് 1.3 മില്യണ് ആൾക്കാരാണ് മരിച്ചത്. അതിനൊപ്പം ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാവുന്ന ഒരു സാഹചര്യത്തിൽ നിന്ന് രക്ഷിച്ചത് ശാസ്ത്രമാണ്, ഡോക്ടർമ്മാരാണ്, ആരോഗ്യവകുപ്പാണ്. അഭിനന്ദനങ്ങൾ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: