X
    Categories: keralaNews

വിവരക്കേട് പറയരുത്, അറിയില്ലെങ്കില്‍ ചോദിച്ചു മനസിലാക്കണം: വി. മുരളീധരനോട് ചെന്നിത്തല

കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം. വിവരക്കേട് വിളിച്ചു പറയരുത്. ഗോള്‍വാള്‍ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്‍ അനുവദിക്കില്ല. കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിര്‍ദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേരിടണം.’- ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി. കേന്ദ്രമന്ത്രി നടത്തിയത് പദവിക്ക് ചേരാത്ത പ്രസ്താവനയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് വി. മുരളീധരന്‍ വിവാദ പ്രസ്താവന നടത്തിയത്. ജവഹര്‍ലാല്‍ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് വിവാദത്തിന് കാരണമായത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: