ന്യൂഡല്‍ഹി: വര്‍ഷകാല ലോക്‌സഭാ സെഷന്‍ രണ്ടാം ദിനം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തുടങ്ങുമ്പോള്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയില്‍ പ്രസ്താവന നടത്തുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രസംഗം ഉച്ചകഴിഞ്ഞ് 3 മണിയോടെ നടക്കും. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.
അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.
കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്‍ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഢാഖിലെ പാങ്‌ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് നടപടി.
ഇന്നലെയാരംഭിച്ച പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷംഅടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഗൗരവകരമായ സാഹചര്യം മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ലോക്സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് എംപിമാര്‍ ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തുനല്‍കി. മാസങ്ങളായി തുടരുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി , തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവരാണ് ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, കെ സുരേഷ് എന്നിവരും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.