അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. ഗുജറാത്തില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്ന് താക്കറെ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടും. ഇപ്പോള്‍ ഉയരുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ബി.ജെ.പിക്ക് സീറ്റ് നേടാനായാല്‍ അത് വോട്ടിങ് മെഷീനിന്റെ കളിയായി മാത്രമേ കാണാനാവൂ എന്നും താക്കറെ പറഞ്ഞു. ഗുജറാത്തില്‍ മോദിയുടെ പ്രസംഗവേദിയില്‍ നിന്നും റായിയില്‍ നിന്നുമുള്ള ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് പരാജയ സൂചനയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധാരണമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കുകയായിരുന്നു. കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥയെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിരുന്ന നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഡിസംബര്‍ 14ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോഴാണ് വോട്ടിങ് മെഷീനിലെ തിരിമറി ആരോപണം ശക്തമായി പുറത്തുവരുന്നത്. തിരിമറി നടത്തിയെന്ന് ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിനെ തള്ളി ബി.ജെ.പിയും രംഗത്തെത്തി.
വോട്ടര്‍ക്ക് രശീതി കാണാന്‍ സൗകര്യമുള്ള വിവിപാറ്റ് യന്ത്രങ്ങളാവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഉപയോഗിക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി വ്യക്തമാക്കിയിരുന്നു.