Connect with us

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഫെംഗല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകും. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഫെംഗല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

 

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

 

 

kerala

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ച ബാര്‍ബര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരിമ്പ സ്വദേശി കെ എം ബിനോജിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.

നടന്ന സംഭവങ്ങള്‍ കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് പുറംലോകമറിയുന്നത്. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Continue Reading

film

ബിജെപിയിലെ എമ്പുരാന്‍ ചര്‍ച്ച; വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ല: സെന്‍സര്‍ ബോര്‍ഡ് അംഗം

കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം. സെന്‍സര്‍ ബോര്‍ഡിന് നിയമപരമായി പരിമിതികളുണ്ടെന്നും വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് അംഗം ജി എം മഹേഷ് വ്യക്തമാക്കി. നിയമാവലി പാലിച്ചുകൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയൊള്ളെന്നും സിനിമയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നതിനും നിയന്ത്രണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു.

ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് കാരണമായത്.

 

Continue Reading

kerala

അവസാനിക്കാത്ത വിവേചനം

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍.

Published

on

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. ആ പ്രയോഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്ന എന്ന ചോദ്യത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്തുനിന്നും നാം ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഇനിയും സംസ്‌കരിക്കപ്പെടാത്ത നമ്മുടെ മനസ്സുകളിലേക്കുള്ള വിരല്‍ചൂണ്ടലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയും പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘നിറത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നിറമെന്ന നിലയില്‍ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധി പത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാര്‍ത്തല്‍. നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്.

എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പില്‍ ഞാന്‍ കണ്ടത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു’. ഇതായിരുന്നു ആ കുറിപ്പിന്റെ രത്‌നച്ചുരുക്കം. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ നിറഞ്ഞാടുന്നുണ്ടെങ്കിലും ഇത്രയും ഉന്നതയായ ഉദ്യോഗസ്ഥക്ക് ഇക്കാലത്ത് കേവലം നിറത്തിന്റെ പേരില്‍ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവരുന്നു എന്നത് നല്‍കുന്ന സന്ദേശമെന്താണ് എന്ന ചോദ്യമാണ് നമ്മു ടെ മസ്തിഷ്‌കത്തെ അസ്വസ്തമാക്കേണ്ടത്.

ജാതിയുടെയും നിറത്തിന്റെയുമൊന്നും പേരിലുള്ള വിവേചനങ്ങള്‍ ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ലെന്ന് സമ്മതിക്കുന്ന നിരവധി സംഭവവികാസങ്ങള്‍ക്ക് കേരളം വര്‍ത്തമാന കാലത്ത് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കറുത്ത നിറമുള്ളയാള്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു നര്‍ത്തകിതന്നെ നടത്തിയ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്തികഴിഞ്ഞത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്. പുതിയ തലമുറ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും സമ്പത്തിന്റയും സൗന്ദര്യത്തിന്റെയും പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കാന്‍ കഴിയാതെ യുവതികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നതും നമ്മുടെ നാട്ടില്‍ തന്നെയാണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. കറുപ്പിനെ മഹത്വവല്‍ക്കരിച്ചും വെളുപ്പിനെ ഇകഴ്ത്തിക്കാട്ടിയുമുള്ള സോഷ്യല്‍ മീഡിയാ വിപ്ലവങ്ങളുടെയെല്ലാം അപ്പുറത്താണ് യാഥാര്‍ത്ഥ്യങ്ങളെന്നത് പലരുടെയും ജീവിതാനു ഭവങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. അത്രയും ഉന്നതമായ പദ വിയിലിരിക്കുന്നതുകൊണ്ടും കുടുംബത്തിന്റെ പൂര്‍ണ പിന്തുണകൊണ്ടുമാണ് ശാരദാ മുരളീധരന് ഇങ്ങനെ മനസ്സ് തുറക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തരം വിവേചനങ്ങളുടെ പേരില്‍ പീഡന പര്‍വങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും ഒന്നുറക്കെ കരയാന്‍പോലും കഴിയാത്ത ഒറുപാട് മനുഷ്യര്‍ വേറെയുമുണ്ട്. ഈ പ്രാകൃതമായ മനോഭാവത്തിന് ഇന്നും വളരാനും വികസിക്കാനമുള്ള സാഹചര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അധികാര കേന്ദ്രങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കുമെല്ലാം നിരന്തരമായി ഈ വിവേചനത്തിനെതിരായി സംസാരിക്കേണ്ടിവരുന്നതിന് അറുതിയാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.

ഇങ്ങനെയുള്ള ഓരോ വെളിപ്പെടുത്തലുകളും ഓരോ ഓര്‍മപ്പെടുത്തലാണ്. നാം അഭിമാനംകൊള്ളുന്ന നമ്മുടെ സാമുഹ്യ ജീവിതത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുഴുക്കുത്തുകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ വിരാചിക്കുന്നവരായിട്ടുപോലും വിവധ മേഖല കളില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പലരും പങ്കുവെക്കുമ്പോള്‍ നമുക്ക് മുക്കത്തുവിരല്‍ വെക്കേണ്ടിവരികയാണ്. ഈ മനോഭാവം തിരുത്താന്‍ ഇനിയെന്താണ് നമ്മള്‍ നേടേണ്ടത് എന്ന ആലോചനയാണ് ഇവിടെ പ്രസക്തമാകുന്നത്.

Continue Reading

Trending