Connect with us

india

‘വയനാടിനായി രാഹുല്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, ഇനി ആ ലക്ഷ്യങ്ങള്‍ എന്റേത്‌’

മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Published

on

വയനാട്ടിലെ മെഡിക്കല്‍ കോളജിനുവേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും താന്‍ ഇനി ആ ലക്ഷ്യത്തിനുവേണ്ടി പോരാടുമെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി.

വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യവും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല മറിച്ച് ഏതുവിധേനയും അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം.

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും തുറമുഖങ്ങളും വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. അതിസമ്പന്നരായ സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. കുട്ടികളെ പഠിപ്പിക്കാന്‍ നമ്മള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമായി മാറിയിരിക്കുകയാണ്.

വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്. തൊഴിലുറപ്പ് പദ്ധതി മൂലം ജനങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുടെ വിഹിതം കുറച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിലെല്ലാമുളള നിങ്ങളുടെ ശബ്ദം ലോക്സഭയിലും മറ്റിടങ്ങളിലും എത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

india

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.

Published

on

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനാവത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ബിരേണ്‍ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

അതേസമയം നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി ഭരണത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക.

രാഷ്ട്രപതി ഭരണം ആരംഭിച്ചാല്‍ രണ്ടുമാസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. 60 അംഗ നിയമസഭയിലെ 37 ബിജെപി എംഎല്‍എമാരില്‍ 17 എംഎല്‍എമാര്‍ ബിരേണ്‍ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എന്‍പിപിയിലെ ആറ് എംഎല്‍എമാരും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ബിരേണ്‍ സിങിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

 

Continue Reading

india

തമിഴ്നാട്ടില്‍ ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം; ബുള്ളറ്റ് ഓടിച്ചതിന് കൈ വെട്ടിമാറ്റിയതായി പരാതി

അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.

Published

on

തമിഴ്നാട്ടില്‍ ദലിത് യുവാവിന് നേരെ അതിക്രമം. ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ഇന്നലെ കോളജില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മൂന്നംഗ സംഘം യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേല്‍ജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരന്‍, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്.

അക്രമിസംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ് അയ്യസാമി. യുവാവിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 294 (ബി), 126, 118(1), 351 (3) വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

Continue Reading

india

കടല്‍ മണല്‍ ഖനനം, വന്യജീവി ആക്രമണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Published

on

ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി യുഡിഎഫ് എംപിമാര്‍. കടല്‍ മണല്‍ ഖനനം, വന്യജീവി ആക്രമണം എന്നീ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാടിറങ്ങുന്ന വന്യജീവികള്‍ ഓരോ ദിവസവും ആളുകളെ കൊന്നൊടുക്കുന്നു. വന്യജീവികളെ നിയന്ത്രിക്കാന്‍ വനനിയമങ്ങളില്‍ ഇളവ് വരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

മണല്‍ ഖനനം ചെയ്യാന്‍ കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു. മല്‍സ്യ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കുന്ന അവസ്ഥക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയതെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

Continue Reading

Trending