Connect with us

india

രാഹുല്‍ഗാന്ധി ബുധനാഴ്ച വയനാട്ടിൽ പത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും അണിനിരക്കും.

Published

on

രാജ്യത്ത് ശ്രദ്ധേയമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചക്ക് 12 മണിക്ക് ആയിരിക്കും പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറും എംഎല്‍എയും ആയ എപി അനില്‍കുമാറും ടി സിദ്ദീഖ് എംഎല്‍എയും അറിയിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും അണിനിരക്കും.

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്ഷോക്ക് എത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

india

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്‍; 2025ലും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്

പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം

Published

on

2025ലും ലോകസന്തോഷ സൂചികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്‍നിരയിലെത്തുന്നത്. പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്‍ രാജ്യമായ പാകിസ്താനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്‍ 111ാമതും പാകിസ്താന്‍ 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രാഈല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Continue Reading

india

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്‍ ഹരജി

കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്

Published

on

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കി യുവാവ്. കേതന്‍ തിരോദ്കര്‍ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്‍ പറയുന്നു.

ദേശീയ സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നും ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്‍ 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.

ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്‍കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്‍ ചെങ്കിസ് ഖാന്‍, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയ വ്യക്തികള്‍ക്ക് സ്മാരകങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്‍ കര്‍സേവയിലൂടെ തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്‍ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

Continue Reading

india

യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തങ്ങള്‍ പണം കണ്ടിട്ടില്ല; റിപ്പോര്‍ട്ടുകളെ നിരാകരിച്ച് ഫയര്‍ഫോഴ്‌സ്

ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് തീരുമാനിച്ചിരുന്നു.

Published

on

ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ജസ്റ്റിസിന്റെ വീട്ടില്‍ തങ്ങള്‍ പണം കണ്ടിട്ടില്ലെന്നാണ് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറയുന്നത്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായെന്ന് അറിയിച്ച് രാവിലെ 11.35നാണ് ഫോണ്‍കോള്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തി 15 മിനിറ്റിനകം തീയണച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ച് അവിടെ നിന്നും മടങ്ങുകയും ചെയ്തുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി പറഞ്ഞു.

സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് തീരുമാനിച്ചിരുന്നു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക വസതിയില്‍ തീ അണക്കാന്‍ എത്തിയ അഗ്‌നിശമനസേന കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരം പ്രസ്താവനകളെ തള്ളികളയുന്നതാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ പ്രതികരണം.

Continue Reading

Trending