Connect with us

kerala

അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി; അദാനി വിഷയത്തില്‍ പാർലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

Published

on

അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണക്കാരെ ജയിലിലാക്കുന്ന സര്‍ക്കാര്‍, അദാനിയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.

സഭാനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വിവിധ വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. അദാനിക്ക് എതിരായ ആരോപണം, മണിപ്പൂര്‍ വിഷയം, സംഭാല്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ അദാനി വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിഷേധമിരമ്പി.അദാനി വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതോടെ പ്രതിഷേധം ശക്തമായി.

അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. നിര്‍ത്തിവെച്ച സഭ വീണ്ടും പുനരാരംഭിച്ചങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

kerala

ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ല; കെ.എം ഷാജി

നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ

Published

on

കോഴിക്കോട്: ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ധേഹം. മാന്യമായ രീതിയില്‍ ഒരു അറസ്റ്റ് ഒരു ജനപ്രധിനിധിക്ക് ആവശ്യമാണ്. എന്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോള്‍ ആണ് പ്രതികരിച്ചത്. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ. പൊതുമുതല്‍ നശിപ്പിക്കുകയാണെങ്കില്‍ ആദ്യം ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഷാജി ചോദിച്ചു.

അന്‍വര്‍ സിപിഎനൊപ്പം നിന്നപ്പോള്‍ വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. അയാള്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആണ് പ്രശ്‌നം. ഒന്നുകില്‍ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കില്‍ വീട്ടില്‍ പേരക്കുട്ടിയെ തൊട്ടിലാട്ടി കുത്തിരീക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറയുന്ന ഒരു തരം അപകടകരമായ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സിപിഎം ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ നടത്തിയ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്നു. അന്‍വറിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ അല്ല, ഭരണകൂടം അന്‍വറിനോട് കാണിച്ച ക്രൂരതകള്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത്.

അപകടകരമായ കമ്മ്യൂണിസ്റ്റ് രാജ് നമ്മുടെ നാട്ടില്‍ നടപ്പിലാക്കുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്. അന്‍വറിന് ലഭ്യമാകേണ്ട എല്ലാ ജനാധിപത്യ അവകാശങ്ങള്‍ക്കും ഒപ്പം ലീഗ് ഉണ്ട്. അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളുടെ കൂടെ തങ്ങളുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മെഗാ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടം; മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ മെഗാ നൃത്ത പരിപാടിക്കിടിയുമായി ബന്ധപ്പെട്ട് മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷന്‍ ഉടമ നിഘോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ശേഷം പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ ആണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ ഇവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ലെന്നും കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹരജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആശങ്കപ്പെടാന്‍ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ? അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണം .ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ? അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂ. അന്വേഷണത്തിന് സിബിഐ തയ്യാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.”കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. നവീനെതിരെ നല്‍കിയ പ്രശാന്തന്റെ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണ്. പ്രബലരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുമില്ല. തെളിവുകള്‍ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്” തുടങ്ങിയ വാദങ്ങളാണ് നവീന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ഉന്നയിച്ചത്.

പ്രതിയായ ദിവ്യയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Continue Reading

Trending