കല്‍പറ്റ: ബി.ജെ.പിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ ഗാന്ധി.
‘വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്ടമായ വയനാട്ടുകാരുടെ ഇടയില്‍നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ എങ്ങിനെ അതിനെ അതിജീവിച്ചുവെന്നത് ഞാന്‍ കണ്ടറിഞ്ഞതാണ്’ രാഹുല്‍ വികാരനിര്‍ഭരനായി പറഞ്ഞു. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
‘നാലുവര്‍ഷംമുന്‍പ് ഇവിടെ വന്നപേപാള്‍ വ്യത്യസ്തമായ പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പിന് നടത്തിയത്. എന്റെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന പ്രതീതിയായിരുന്നു. നിങ്ങളുടെ സഹോദരന്‍, മകന്‍ എന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പരുക്കന്‍ സ്വഭാവം ഉപേക്ഷിച്ച് അങ്ങേയറ്റം ലാളിത്യത്തോടെ പെരുമാറണം. എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബി.ജെ.പിക്ക് എന്റെ ആ ടാഗും എന്റെ വീടും എടുത്തുമാറ്റാന്‍ കഴിഞ്ഞേക്കാം, എന്നെ ജയിലിലടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, വയനാടിന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് തടയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജ്, രാത്രിയാത്ര അനുമതി, ബഫര്‍ സോണ്‍ ഭീഷണി നീക്കല്‍ എന്നിവ വയനാടിന്റെ അടിയന്തിരാവശ്യമാണ്. അതിന് വേണ്ടി എന്നും ഞാന്‍ നിലയുറപ്പികകും.
രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും സമാധാനത്തോടെ താമസിക്കാനാവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അതിപ്രധാന ആവശ്യം. നാലോ അഞ്ചോ പേര്‍ മാത്രം ഈ മഹാരാജ്യത്തിന്റെ ഉടമകളാകുന്നത് ആരും ആഗ്രഹിക്കുന്നില്ല. ഞാന്‍ നിരവധി വര്‍ഷമായി ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണ്. അവര്‍ക്ക് അവരുടെ എതിരാളിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, ഒരുതരത്തിലും ഭയപ്പെടുന്നവനല്ല അവരുടെ എതിരാളി. എന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ പരിഭ്രാന്തനാകുമെന്നും എന്റെ വീട് പിടിച്ചെടുത്താല്‍ ഞാന്‍ അസ്വസ്ഥനാകുമെന്നുമാണ് അവര്‍ കരുതുന്നത്. എനിക്ക് അത്തരമൊരു വീട്ടില്‍ താമസിക്കണമെന്ന് ആഗ്രഹമില്ല. വയനാട്ടില്‍ പ്രളയത്തില്‍ നൂറുകണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടത് ഞാന്‍ നേരില്‍ കണ്ടതാണ്. അതിനെ എങ്ങിനെ നിങ്ങള്‍ അതിജീവിച്ചുവെന്നും കണ്ടു. അതിനാല്‍ അമ്ബത് തവണ ഐന്റ വീട് നഷ്ടമായാലും എനിക്ക് പ്രശ്‌നമില്ല.
ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്‌ബോള്‍ ഞാന്‍ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രാജ്യത്തെ എല്ലാ ജാതിക്കാരെയും മതക്കാരെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏത് പൈശാചികതയും ചെയ്‌തോളൂ, പക്ഷേ ഞാന്‍ എല്ലാവരോടും നിങ്ങളോട് പോലും കരുണയും ആര്‍ദ്രതയും ഉള്ളയാളായിരിക്കും. നിങ്ങളും ഞാനും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള രണ്ട് വീക്ഷണങ്ങളാണ്.
വയനാടിന് മെഡിക്കല്‍ കോളജ്, രാത്രിയാത്ര, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങളില്‍ ഞാന്‍ എം.പിയായാലും അല്ലെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കും. എന്നെ ജയിലിലടച്ചാലും അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം മുറിക്കില്ല. ആജീവനാന്തം വയാനാടിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ജയിലിടലടക്കുകയും അയോഗ്യനാക്കുകയുമല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?
പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ പാര്‍ലമെന്റില്‍ വെച്ച് ചോദിച്ചു. ലോക സമ്പന്നരില്‍ 609ാം സ്ഥാനത്തായിരുന്ന അദാനി എങ്ങനെയാണ് 2ാം സ്ഥാനത്തെത്തിയതെന്ന് ഞാന്‍ പാര്‍ലമെന്റില്‍ ചോദിച്ചു. അദാനിക്ക് വേണ്ടി ഇസ്രായേലുമായി ഉണ്ടാക്കിയ കാരാറുകളെ ചോദ്യം ചെയ്തു. അതിന്റെ പേരില്‍ എന്നെ അാവര്‍ പാര്‍ലമെന്റില്‍നിന്ന് തന്നെ പുറത്താക്കി രാഹുല്‍ പറഞ്ഞു.
വയനാട്ടുകാര്‍ക്ക് മറ്റാരെക്കാളും നന്നായി രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ സാധിച്ചെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്ക പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്ടറിലാണു രാഹുലും പ്രിയങ്കയും കല്‍പറ്റയിലെത്തിയത്. കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.