X

അലിഗഢില്‍ രണ്ടര വയസുകാരിയുടെ കൊലപാതകം; കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

അലിഗഢില്‍ രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു മനുഷ്യന് ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ച രാഹുല്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസ് എത്രയും പെട്ടെന്ന് കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. മനുഷ്യത്വമില്ലാത്തതും ക്രൂരവുമായ സംഭവമാണ് അലിഗഡിലെ പിഞ്ചു കുഞ്ഞിന് നേരെ ഉണ്ടായ അക്രമമെന്നും അത് തന്നെ ആകെ ഉലച്ചുകളഞ്ഞുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുറ്റക്കാര്‍ക്ക് അങ്ങേയറ്റം കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും പ്രിയങ്ക പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകത്തെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും പെണ്‍കുട്ടിയുടെ കുടുംബത്തോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. മെയ് 31 ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു

chandrika: