X
    Categories: indiaNews

‘ഐറ്റം’ പരാമര്‍ശത്തെ തള്ളി രാഹുല്‍ ഗാന്ധി; വിശദീകരണവുമായി കമല്‍നാഥ്‌

കോഴിക്കോട്: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ ഐറ്റം പരാമര്‍ശത്തെ തള്ളി രാഹുല്‍ ഗാന്ധി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കമല്‍നാഥ് ജി എന്റെ പാര്‍ട്ടിയില്‍ നിന്നുളള ആളാണ്. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ഇമര്‍തി ദേവിയെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ കമല്‍നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.

പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ് തന്നെ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും അപമാനിക്കാന്‍ വേണ്ടിയല്ല ഞാന്‍ അങ്ങനെ പറഞ്ഞത്. ഞാന്‍ അവരുടെ പേര് മറന്നുപോയി. സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഐറ്റം നമ്പര്‍ 1, ഐറ്റം നമ്പര്‍ 2 എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അപമാനിക്കലാകുമോ’ കമല്‍നാഥ് ചോദിച്ചു. ‘ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, എന്നും കമല്‍നാഥ് പറഞ്ഞു.

അതേസമയം, രാഹുലിന്റെ പ്രതികരണത്തിന് ശേഷവും തന്റെ വിവാദ പരാമര്‍ശത്തില്‍ കമല്‍നാഥ് വിശദീകരണം നല്‍കി. സംഭവത്തില്‍ താന്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചതാണെന്നും രാഹുല്‍ പൊതുവായുള്ള കാര്യമാണ് പറഞ്ഞെതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഇമര്‍തി ദേവിയടക്കമുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ബി.ജെ.പി പാളയത്തിലേക്ക് മാറിയത്. നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം വരും. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്‍ക്കാരിന് നിര്‍ണായകമാണ്.

chandrika: