ലുഖ്മാന്‍ മമ്പാട്
”അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് പരാജയ ഭീതിയെന്ന് കുമ്മനം; രാഹുല്‍ഗാന്ധിക്ക് അമേഠിയില്‍ പരാജയഭീതിയെന്ന് കോടിയേരി” വെയിലേറ്റാല്‍ ഇരു കൊടിയും നിറം ഒരുപോലെയാകുന്ന ഇവരുടെ മനസ്സിലിരിപ്പും ഒന്നു തന്നെ. ഇരട്ട പെറ്റതാണെങ്കിലും പരസ്പരം മാറിപ്പോകാതിരിക്കാന്‍ തല്‍ക്കാലം ബാഹ്യ അടയാളങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ഒരാള്‍ക്ക് നരച്ച താടിയും മുടിയുമാണ്. മറ്റേ ആള്‍ക്ക്, വയസ് അല്‍പം കൂടുമെങ്കിലും കറുപ്പിച്ച മുടിയും ക്ലീന്‍ ഷേവുമാണ്.
”പുലിയെ പിടിക്കാന്‍ എലിമാളത്തിലെത്തിയ രാഹുല്‍ജി. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്. ശ്ശെടാ.. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ”. സംശയിക്കേണ്ട, പിണറായി വിജയന് പ്രസംഗം എഴുതിക്കൊടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി പദത്തിലെത്തിയ വ്യക്തിയുടേതാണ് നിലപാട്. ബി.ജെ.പിയെ പുലിയെന്നും സി.പി.എമ്മിനെ എലിയെന്നും മന്ത്രി കെ.ടി ജലീല്‍ സിദ്ധാന്തിക്കുമ്പോള്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത മഹാനാണ് അദ്ദേഹം എന്നത് മറക്കരുത്. മുഖ്യ ശത്രു ആരെന്ന് പറയില്ലെന്ന് ശഠിക്കുന്ന സി.പി.എമ്മുകാരെ രാഹുല്‍ ഗാന്ധിക്കുള്ള വോട്ടെത്തിക്കാനുള്ള പോസ്റ്റുമാനാക്കാന്‍ ചിലരെങ്കിലും ആലോചിക്കുമ്പോഴാണ് കമ്മിക്കുരു ഇങ്ങനെ പൊട്ടിയൊലിക്കുന്നത്.
പിണറായി, എസ്.ആര്‍.പി, കോടിയേരി മുതല്‍ ഷാഹിദ കമാലില്‍ വരെ ഒരു ശശികല കുടിയിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനായി. ഇവര്‍ ഓര്‍ക്കാത്ത ഒരു ചരിത്രമുണ്ട്. കുറച്ചുകാലം മുമ്പാണ്. പ്രതിപക്ഷത്തിന്റെ മുഖ്യ റോള്‍ കൈകാര്യം ചെയ്തിരുന്ന, സി.പി.എമ്മിന് പാര്‍ലമെന്റില്‍ നിലയും വിലയുമുണ്ടായിരുന്നൊരു കാലം. ലോക്‌സഭയിലെ സി.പി.എം പാര്‍ട്ടി ലീഡര്‍ എ.കെ.ജി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടൊരു വെല്ലുവിളി. കേരളത്തില്‍ വന്ന് ഞങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറുണ്ടോ. കാലചക്രം കറങ്ങിയപ്പോള്‍ നെഹ്‌റുവിന്റെ മകളുടെ പേരമകന്‍ കേരളത്തില്‍ വന്ന് മത്സരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ സമനില നഷ്ടപ്പെടുകയാണ്.
രാഹുല്‍ വയനാട്ടിലേക്ക് മത്സരിക്കാന്‍ എത്തുന്നു എന്ന വാര്‍ത്തയോട് ക്രിയാത്മകമായി പ്രതികരിക്കുമെന്ന് കരുതിയ സി.പി.എമ്മില്‍ നിന്നുണ്ടായ വെപ്രാളം അത്ര നിസാരമല്ല. പിണറായി വിജയന്‍, ”രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ബി.ജെ.പിയോട് മത്സരിക്കാനല്ല; ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തക്ക് ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്. ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് ഇതിലൂടെ രാജ്യത്തിന് നല്‍കുന്നത്” എന്ന് പറയുമ്പോള്‍ ബംഗാളില്‍ പോലും കോണ്‍ഗ്രസുമായി നീക്കു പോക്കുണ്ടാക്കാന്‍ കൂട്ടാക്കാത്ത കേരള നേതാക്കളുടെ രോദനം മാത്രമായേ അതു കാണാനാവൂ.
സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ വീണ്ടും എത്തിക്കാന്‍ കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്ന് വെച്ച് ശത്രുപക്ഷത്ത് നിര്‍ത്തിയ പിണറായി വിജയനാണ് ഇതു പറയുന്നത് എന്നത് കാവ്യനീതിയാണ്. തൊട്ടു തലേദിവസം യു.ഡി.എഫിനെതിരെ കോലീബി ആരോപിച്ചതും ഇതേ പിണറായിയായിരുന്നു. ”പല തരത്തിലുള്ള സഖ്യനീക്കങ്ങളാണ് നടക്കുന്നത്. ഒരു കച്ചവടത്തിലൂടെയും യു.ഡി.എഫ് രക്ഷപ്പെടില്ല. യു.ഡി.എഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്. ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും സഖ്യമാണെന്നാണ് വാര്‍ത്തകള്‍. രണ്ടു കക്ഷികളും ഉളളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തില്‍ പെടുത്താമെന്നാണ് യു.ഡി.എഫ് പക്ഷം.” എന്ന് നാലുദിവസം ആരോപിച്ച അതേ നുണ തന്നെ ആവര്‍ത്തിക്കുന്ന പിണറായിയെക്കാള്‍ ഒരു പടി കൂടി കടന്നാണ് കോടിയേരിയുടെ അട്ടഹാസം.
ശനിയാഴ്ച കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം എഫ്.ബിയില്‍ സാമാന്യം സുദീര്‍ഘമായി തന്നെ വയനാട്ടില്‍ രാഹുല്‍ വരുന്നതിനെ വിമര്‍ശിക്കുന്നുണ്ട്. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ് ”വയനാട് രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. അവിടെ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയാവുന്നത് എല്‍.ഡി.എഫില്‍ യാതൊരു വിഹ്വലതയും ഉണ്ടാക്കില്ല. എന്നാല്‍, വയനാട്ടിലേക്ക് രാഹുല്‍ മത്സരിക്കുവാനെത്തുന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. അമേഠി സുരക്ഷിതമല്ലെന്ന് രാഹുല്‍ മനസിലാക്കിയിരിക്കുന്നു. പരാജയഭീതിയില്‍ നിന്നുണ്ടായ തീരുമാനമാണ് വയനാട്ടിലേക്കുള്ള വരവ്. യു.പിയില്‍ തോല്‍വി സമ്മതിച്ചാണ് രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത്.”,
‘വേണുഗോപാലാണ് ഈ തീരുമാനത്തില്‍ സമ്മര്‍ദ്ദശക്തിയായത്. ഇതോടെ കോണ്‍ഗ്രസിലെ സംഘര്‍ഷം മൂര്‍ച്ചിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടില്‍ നല്ല നിലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും. ഇത്തവണ എല്‍.ഡി.എഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. അതേസമയം, യുഡിഎഫിന്റെ നില കൂടുതല്‍ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വയനാട്ടില്‍ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് നേതാക്കളും പ്രവര്‍ത്തകരും ഇല്ലാതാകും.
രാഹുല്‍ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയാണല്ലൊ ജയിച്ചാല്‍ ഇതില്‍ ഏതില്‍ നിന്ന് രാജിവെക്കുമെന്ന് ആദ്യമേ പ്രഖ്യാപിക്കാന്‍ തയ്യാറാവണം. ഇവിടെ നിന്ന് ജയിക്കുകയാണെങ്കില്‍ വയനാട്ടിലെ വോട്ടര്‍മാരോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കാന്‍ രാഹുലിന് കഴിയുമോ?. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പരാജയപ്പെട്ടാല്‍ അതോടെ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും രാഷ്ട്രീയ അന്ത്യമാകുമെന്നതില്‍ സംശയം വേണ്ട.”കോടിയേരി പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇതാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതോടെ മറ്റൂള്ള 19 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പ്രചരണത്തെ പോലും നേരിടാതെ ജയിക്കും. വയനാടും ജയിക്കും. അഥവാ, രാഹുല്‍ വന്നാല്‍ 20ല്‍ 20 സീറ്റും എല്‍.ഡി.എഫ് നേടും. അപ്പോള്‍, ”ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്” എന്ന പിണറായി പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്.
പക്ഷെ, ‘രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ബി.ജെ.പിയോട് മത്സരിക്കാനല്ല; ഇടതുപക്ഷത്തോട് മത്സരിക്കാനാണ്” എന്ന ആരോപണമാണ് കൗതുകം. കേരളത്തിലെ മറ്റേതൊരു മണ്ഡലവും പോലെ പത്തു ശതമാനത്തോളം വോട്ട് നേടാന്‍ ബി.ജെ.പിക്ക് കഴിയുന്ന മണ്ഡലമാണ് വയനാടും. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ വയനാട്ടില്‍ നാലു ശതമാനം വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഒമ്പതു ശതമാനത്തോളം വോട്ടാണ് (80752) ബി.ജെ.പി നേടിയത് എന്നത് വിസ്മരിക്കരുത്. രാഹുല്‍ഗാന്ധി വന്നാല്‍ വയനാട്ടില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഇറക്കുന്നത് പരിഗണിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനവും കൂട്ടിവായിക്കണം.
ദേശീയ തലത്തില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ ‘കോലീബി’ നുണക്കഥ പറഞ്ഞ് യു.ഡി.എഫിനെ തളക്കാമെന്ന അധാര്‍മ്മിക നീക്കത്തിന് ലഭിച്ച പ്രഹരം കൂടിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് സി.പി.എം സ്വീകരിച്ച നിലപാടിലൂടെ മറനീക്കിയത്. 1977ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ആര്‍.എസ്.എസുമായി വേദി പങ്കിട്ട് പരസ്യബാന്ധവത്തിലൂടെയാണ് മത്സരിച്ചതെന്ന സത്യത്തെ ചില ഊഹാപോഹങ്ങളുടെ ഇല്ലാക്കഥ കൊണ്ട് മറച്ചുപിടിക്കുന്നതാണ് (1991ലെ വടകര മോഡല്‍ കോലീബി) മുപ്പതു കൊല്ലത്തിലേറെയായി സി.പി.എം ചെയ്യുന്നത്. സ്വയം എലിയായും ബി.ജെ.പിയെ പുലിയായും തിരിച്ചറിഞ്ഞ് വെട്ടിത്തുറന്നു പറയുന്ന സ്വന്തം ഉന്നത വിദ്യാഭ്യാസ മന്ത്രിയെയെങ്കിലും സി.പി.എം മുഖവിലക്കെടുക്കണം.
കഴിഞ്ഞ രണ്ടു ശനിയാഴ്ചയും കോലീബി ആരോപിച്ച് എഡിറ്റോറിയല്‍ എഴുതിയ ‘ദേശാഭിമാനി’ കണ്ടാലറിയാം സി.പി.എമ്മിന്റെ ആശയ ദാരിദ്ര്യം. ”ലീഗ് മത്സരിക്കുന്നത് രണ്ടു സീറ്റിലാണ്. ആ രണ്ടിടത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ വേണം എന്നാണോ, അതല്ല, സംസ്ഥാനത്താകെ സഖ്യം വേണം എന്നാണോ രാത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത യു.ഡി.എഫ് നേതൃത്വത്തിന് തന്നെയാണ്. ”എന്നു പറയുന്ന ദേശാഭിമാനി മലപ്പുറത്ത് എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റും പൊന്നാനിയില്‍ സംസ്ഥാന സെക്രട്ടറിയും മത്സരിക്കുന്നുണ്ട് എന്നതെങ്കിലും അറിയാത്തവരല്ല.
കഴിഞ്ഞ 21ന് കോടിയേരി എഴുതിയത് ഇങ്ങനെയാണ്. ”ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നത്. അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി യു.ഡിഎഫിനെ സഹായിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി വടകര, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത്. പകരം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണ.”
ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അഞ്ചിടത്ത് ദുര്‍ബല സ്ഥാനാര്‍ത്ഥികളാവുമെന്നും ഇതു യു.ഡി.എഫിനെ സഹായിക്കാനാണെന്നും പ്രവചിക്കുന്ന കോടിയേരി ബി.ജെ.പിക്ക് ശക്തമായ സ്ഥാനാര്‍ത്ഥികള്‍ വരാത്തതില്‍ സങ്കടപ്പെടുകയും ചെയ്യുന്നതിന്റെ താല്‍പര്യമെന്താണ്. വടകര, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ബി.ജെ.പി ദുര്‍ബലരെ നിര്‍ത്തുമെന്ന് പറഞ്ഞ കോടിയേരി, കോഴിക്കോട്ട് മത്സരിക്കുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബുവിനെയും എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയുമെല്ലാം ദുര്‍ബലരാക്കുന്നത് നാക്കില്‍ പിഴയാവില്ല. മലപ്പുറത്ത് മാറു തുറക്കല്‍ വത്തക്ക സമരം നടത്തിയ എസ്.എഫ്.ഐയുടെ നേതാവിന് സീറ്റു കൊടുത്ത സി.പി.എം, വടകരയില്‍ പി ജയരാജന്റെ വിജയത്തിനായി ബി.ജെ.പിയെ സമീപിച്ചതായ മാധ്യമവാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്നു കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച മുമ്പാണ് വി.ടി ബല്‍റാമും തുടര്‍ന്ന് കെ.എം ഷാജിയും രാഹുലിനെ വയനാട്ടിലേക്ക് പരസ്യമായി ക്ഷണിച്ചത്. യു.ഡി.എഫില്‍ അടക്കിപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. കോഴിക്കോട്ട് യു.ഡി.എഫ് സമ്മേളനത്തിന് എത്തിയ രാഹുല്‍ ഗാന്ധിയെ മലപ്പുറം ജില്ലയിലേക്ക് ക്ഷണിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് പുഞ്ചിരിച്ച് തലയാട്ടിയ വാര്‍ത്ത കഴിഞ്ഞ 15ലെ ചന്ദ്രിക ഒന്നാം പേജില്‍ വാര്‍ത്തയാക്കിയിരുന്നു. രാഹുല്‍ ഗാന്ധി വരുന്നതിനോട് പൊതുവെ യു.ഡി.എഫിന് അനുകൂല സമീപനമാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് അന്തിമം.
രാജ്യത്താകെ മോദി വിരുദ്ധ തരംഗമാണെന്നും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും യു.പി.എ മുന്നണി നായകന്‍ മത്സരിച്ച് സാധ്യത വര്‍ധിപ്പിക്കണമെന്നും പറയുമ്പോള്‍ കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ലെന്നാണ് ഇന്നലെ ദേശാഭിമാനി അവരുടെ മോഹം തുറന്നെഴുതിയത്. കോണ്‍ഗ്രസ് വിരോധം മാത്രം മുഖമുദ്രയാക്കിയവര്‍ക്ക് മാത്രമെ ഇങ്ങനെ പ്രവചിക്കാനാവൂ. ഒടുവില്‍ നടന്ന, ഹിന്ദി ഹൃദയഭൂമിയിലെ അഞ്ചു സംസ്ഥാനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാലിടറിയിരുന്നു. മോദി അധികാരത്തിലേറുമ്പോള്‍ ബി.ജെ.പി കൈവശം വെച്ച ആറു സീറ്റുകളാണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഉത്തര്‍പ്രദേശില്‍ സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി യോഗിയുടെ ലോക്‌സഭാ സീറ്റില്‍ വരെ ബി.ജെ.പി തോറ്റു. മോദിതരംഗം ആഞ്ഞു വീശിയ 2014ല്‍ പോലും എസ്.പിയും ബി.എസ്.പിയും എതിര്‍ത്തിട്ടു പോലും രാഹുല്‍ഗാന്ധി ഒന്നേ മുക്കാല്‍ ലക്ഷം വോട്ടിന് സ്മൃതി ഇറാനിയെ തോല്‍പ്പിച്ച അമേഠിയില്‍ നിന്ന് തോല്‍വി പേടിച്ച് ഓടിയെന്ന് സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ വരെ പറയുമ്പോള്‍ ഉള്ളിലെ സംഘിസമല്ലാതെ മറ്റെന്താണ് പുറത്തു ചാടുന്നത്.