Connect with us

Views

രാഹുലും വയനാടും ചോദ്യങ്ങളും

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗം കൂടി വന്നതോടെ. രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടപ്പോള്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാടിവീണ് പ്രതികരിച്ചത് രാഹുല്‍ കേരളത്തില്‍വന്ന് മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം എന്താണെന്നാണ്. അതിനുമുമ്പുതന്നെ സന്ദേഹം ഒന്നുമില്ലാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത് ‘തോല്‍ക്കുമെന്നു പേടിച്ചാണ് രാഹുല്‍ വരുന്നതെ’ന്നാണ്. കഴിഞ്ഞ തവണ അമേഠിയില്‍ 1,08,000ത്തില്‍പരം വോട്ടുകളുടെ വ്യത്യാസത്തില്‍ തന്നെ തോല്‍പ്പിച്ച രാഹുല്‍ പേടിച്ചാണ് അമേഠി വിട്ട് ഓടുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞതുതന്നെയാണ് കോടിയേരിയുടെ നാവില്‍നിന്നും ഉതിര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എ.ഐ.സി.സി സ്ഥിരീകരിച്ചതോടെ പാര്‍ട്ടി മുഖപത്രം കഴുക്കോല്‍ നീളത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനുനേരെ നരേന്ദ്രമോദിയുടെ കോളാമ്പി ശൈലിയാണ് പ്രയോഗിച്ചത്.
മണ്ഡലം മാറിനില്‍ക്കുന്നതും രണ്ട് മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നതും മൊത്തം തെരഞ്ഞെടുപ്പു ലക്ഷ്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ രാഷ്ട്രീയ തീരുമാനമാണ്. രാഹുല്‍ ഗാന്ധിയെ ഭീരുവെന്ന് വിളിക്കുന്ന മോദി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ തന്റെ വഡോദര മണ്ഡലത്തിനുപുറമെ യു.പിയിലെ വാരാണസിയില്‍കൂടി മത്സരിച്ചത് തന്ത്രപരമായ നീക്കമായിരുന്നു. അതിന്റെ ഗുണം യു.പിയിലും ഹിന്ദി മേഖലയിലാകെയും ഓളമുണ്ടാക്കിയതുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. ഗുജറാത്ത് വര്‍ഗീയ കലാപങ്ങളുടെ തുടര്‍ച്ചയില്‍ വഡോദരയിലെ ന്യൂനപക്ഷ വോട്ടുകളെ ഭയന്ന് മോദി യു.പിയിലെ ഹിന്ദുത്വ വോട്ടുകളില്‍ അഭയം തേടിയെന്ന് വേണമെങ്കില്‍ പറയാമായിരുന്നു. വോട്ടെണ്ണിയപ്പോള്‍ വഡോദരയില്‍ 5,70,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷവും വാരാണസിയില്‍ 3,70,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷവും മോദിക്കു ലഭിച്ചു. അത്തരമൊരു പ്രചാരണത്തിന് ആ വോട്ടുകള്‍ എണ്ണിത്തീരുംവരെ തീര്‍ച്ചയായും ആയുസ് ഉണ്ടാകുമെന്ന് സമ്മതിക്കാമെങ്കിലും. രാഹുലിന്റെ അമേഠി പേടി ആരൊക്കെ ഏറ്റുപിടിച്ചാലും അതുപോലെതന്നെ.
സോണിയാഗാന്ധി എന്ന വിദേശിയെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കടത്തില്ലെന്ന് ശപഥം ചെയ്ത് ബല്ലാരിയില്‍ചെന്ന് നേരിട്ട സുഷമാ സ്വരാജിന്റെ മാതൃക സ്വീകരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വയനാട്ടിലും ഒരുകൈ മത്സരിച്ചു നോക്കാമായിരുന്നു. വെള്ളാപ്പള്ളി പ്രവചിച്ചതുപോലെ ഉറുമ്പിനുപകരം ആനയുടെ കുത്തേറ്റ് മരിക്കേണ്ട ദുരന്തത്തില്‍നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ സ്മൃതിക്ക് രക്ഷപെടുത്താമായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അല്ല എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിടുന്നതെന്ന ആരോപണം ഉയര്‍ത്താന്‍ പിണറായിയെ അമിത്ഷാ തന്ത്രപരമായി സഹായിക്കുകയായിരുന്നു.
സ്വന്തം മണ്ഡലം മാറി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി കാസര്‍കോട് വിട്ട് പാലക്കാട്ടുപോയി മത്സരിക്കുകയുണ്ടായി. എതിരാളികള്‍ അന്ന് അങ്ങനെ കൂകിവിളിച്ചിരുന്നുതാനും. എ.കെ.ജിയെപോലുള്ള ഒരാളുടെ ലോക്‌സഭയിലെ സാന്നിധ്യം അനിവാര്യമാണെന്നതുകൊണ്ടാണ് സി.പി.എം അന്നങ്ങനെ തീരുമാനിച്ചത്. ഇത് എ.കെ.ജിയുടെ മണ്ഡലം പേടികൊണ്ടായിരുന്നു എന്ന് കോടിയേരിക്ക് പറയാനാവില്ല. ഇന്ദിരാഗാന്ധി റായ്ബറേലിയിലും മേദക്കിലും മത്സരിച്ചപ്പോഴും പിന്നീട് സോണിയാഗാന്ധി റായ്ബറേലിയിലും കര്‍ണാടകയിലെ ബല്ലാരിയിലും മത്സരിച്ചപ്പോഴും കോണ്‍ഗ്രസ് അനുവര്‍ത്തിച്ച തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയത്. പിണറായിയുടെ ചോദ്യത്തിന് കണ്ടെത്താനാകുന്ന മാന്യമായ രാഷ്ട്രീയ ഉത്തരം അതാണ്.
നരേന്ദ്രമോദിയുടെതന്നെ നേതാക്കളായിരുന്ന എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും ഇരട്ട മണ്ഡലങ്ങളില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത് തോല്‍വി ഭയന്നാണെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് പറയാനാവില്ല. മത്സരിക്കാതിരുന്ന പി.വി നരസിംഹറാവുവിനെയാണ് 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയത്. രണ്ടു മാസത്തിനകം ആന്ധ്രയിലെ നന്ദ്യാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന് ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നു. ടി.ഡി.പി സ്ഥാനാര്‍ത്ഥിയെ 1,86,000ല്‍പരം വോട്ടുകള്‍ക്ക് നന്ദ്യാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് എം.പി ജി പ്രതാപറെഡ്ഢിയെ രാജിവെപ്പിച്ചാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. പ്രധാനമന്ത്രി നരസിംഹറാവുവിനെ ലോക്‌സഭയിലെത്തിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തെലുങ്കുദേശം പാര്‍ട്ടി തടസമുണ്ടാക്കില്ലെന്ന് എന്‍.ടി റാമറാവു പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജാമ്യസംഖ്യ നഷ്ടപ്പെടുത്തി 89 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് നരസിംഹറാവു നന്ദ്യാലില്‍ ജയിച്ചത്. തെലുങ്കരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിനെതിരെ രാമറാവു രൂപീകരിച്ച പാര്‍ട്ടിയായിരുന്നു തെലുങ്കുദേശം. കോണ്‍ഗ്രസ് അധ്യക്ഷനും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വരുമ്പോള്‍ മാന്യതയുടെ അത്തരമൊരു മാതൃക ഇടതുപാര്‍ട്ടികള്‍ക്ക് കാണിക്കാനായില്ല.
വയനാട് കോണ്‍ഗ്രസിനുവേണ്ടി എം.ഐ ഷാനവാസ് നിലനിര്‍ത്തിപ്പോന്ന മണ്ഡലമാണ്. 2009ല്‍ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം. 2014ല്‍ 20,000നു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ വയനാട്ടിലുള്ളൂ. അത്ര സുരക്ഷിതമല്ല മനസുവെച്ചാല്‍ എന്ന് ബി.ജെ.പിക്കും ഇടതുപക്ഷത്തിനും ഈ കണക്കുകള്‍കൊണ്ട് തോന്നുന്നുണ്ടാകും. എന്നാല്‍ രാഹുല്‍ വരുന്നതോടെ കേരളത്തില്‍ പൊതുവെയും വയനാട്ടില്‍ വിശേഷിച്ചും തിളച്ചുതൂകാന്‍ പോകുന്ന ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം കേരളം കണ്ടറിയാന്‍ പോകുന്നു.
കോണ്‍ഗ്രസ് വിരുദ്ധ വികാരത്തില്‍ പിറന്നുവീണ തെലുങ്കുദേശം പാര്‍ട്ടി നന്ദ്യാലില്‍ കാണിച്ച രാഷ്ട്രീയ മാതൃക എല്‍.ഡി.എഫ് രാഹുലിനോട് കാണിച്ചിരുന്നെങ്കില്‍ മറ്റ് 19 മണ്ഡലങ്ങളിലും എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു വിഹിതം സ്വാഭാവികമായും വര്‍ധിക്കുമായിരുന്നു. എല്‍. ഡി.എഫ് ഇപ്പോള്‍ അവകാശപ്പെടുന്നതുപോലെ 2004ല്‍ ഒരു മത നിരപേക്ഷ ഗവണ്മെന്റിനെ കേന്ദ്രത്തില്‍ അവരോധിച്ച അതേ ലക്ഷ്യമാണ് ഇപ്പോഴും തങ്ങളുടേതെന്ന് പറയുന്നതിന് വിശ്വാസ്യത ലഭിക്കുമായിരുന്നു. മറിച്ച് തോറ്റോടി വരുന്നവന്‍, പപ്പുമോന്‍, അമുല്‍ബേബി എന്നുമൊക്കെ വയനാട്ടിലേക്കു നോക്കി ആക്ഷേപഹാസ്യം ചൊരിയുകയാണ് എല്‍.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍. ഇത് ഫലത്തില്‍ മോദിയേയും ബി.ജെ.പിയേയും ക്രൂരമായി സഹായിക്കലാണ്.
അമേഠിയിലെ ഹിന്ദു ഭൂരിപക്ഷത്തെ ഭയന്ന് വയനാട്ടില്‍ ഭൂരിപക്ഷമായ ന്യൂനപക്ഷത്തില്‍ അഭയം തേടിയിരിക്കുകയാണ് രാഹുല്‍ എന്ന് പ്രധാനമന്ത്രി മോദിയും അമിത്ഷായും അടക്കമുള്ളവര്‍ സത്യവിരുദ്ധമായും നീചമായും ആക്ഷേപിക്കുന്നു. രാജ്യത്തിന്റെ ചൗക്കീദാര്‍ കള്ളനാണെന്ന് ചൂണ്ടിക്കാട്ടി 540 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രധാനമന്ത്രി മോദിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാത്രമാണ്. അതുകൊണ്ടാണ് നരേന്ദ്രമോദി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ഭീകരവാദികളെ സംരക്ഷിക്കുന്നവരെന്നും സേനയെ അപമാനിക്കുന്നവരെന്നും ഹിന്ദുക്കളെ അപമാനിക്കുന്നവരെന്നും വ്യാജ ആരോപണങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. അവ നേരിടുന്ന കോണ്‍ഗ്രസ് അധ്യക്ഷനെ മതനിരപേക്ഷതയുടെ കാവല്‍ക്കാരെന്ന പേരില്‍ പ്രതിരോധിക്കേണ്ടവരാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍. പകരം ദുരൂഹമായ കാരണങ്ങള്‍ പറഞ്ഞ് ആക്രമിക്കുകയാണ്. ഇത് മതനിരപേക്ഷതയുടെ നിലനില്‍പ്പിനെ സഹായിക്കുമോ, ജനങ്ങള്‍ തള്ളിവീഴ്ത്താന്‍ ശ്രമിക്കുന്ന മോദി ഭരണത്തെ നിലനിര്‍ത്താന്‍ സഹായിക്കുമോ? പരിശോധിക്കേണ്ടത് ഇടതുപക്ഷ നേതാക്കളും അവരുടെ സംസ്ഥാനത്തെ പരമ്പരാഗത അണികളുമാണ്.
2004ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ ഗവണ്മെന്റ് (യു.പി.എ) ഉണ്ടാക്കിയ അതേ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന മട്ടിലാണ് ഇടതുപക്ഷ നേതാക്കള്‍ പ്രചാരണം നടത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് 18 സീറ്റില്‍ ജയിച്ചെങ്കില്‍ ഇത്തവണ 20 സീറ്റിലും (വയനാടടക്കം) ജയിക്കുമെന്ന് പറയുന്നത്. ഒന്നര പതിറ്റാണ്ട് കാലയളവില്‍ വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ വന്ന മാറ്റം ഇടതുപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ലെന്നുവന്നാല്‍ കഷ്ടംതന്നെ. 2004ല്‍ 61 അംഗങ്ങള്‍ ലോക്‌സഭയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന് നിലവില്‍ 12 എം.പിമാരേ ഉള്ളൂ. അതില്‍ സ്വതന്ത്രരടക്കം 8 പേരും കേരളത്തില്‍ നിന്നാണ്. ബംഗാളില്‍നിന്നും ത്രിപുരയില്‍നിന്നും ഈരണ്ട് എം.പിമാരും. ഇപ്പോള്‍ ത്രിപുരയില്‍ ബി.ജെ.പി ഭരിക്കുന്നു. 51 മുതല്‍ നിലനിര്‍ത്തിപ്പോന്ന രണ്ട് ലോക്‌സഭാസീറ്റുകള്‍ ഇത്തവണ അവിടെ കിട്ടുമോയെന്നത് കണ്ടറിയണം. വിവിധ സംസ്ഥാനങ്ങളില്‍ 2004ലേതുപോലെ ഇടതു പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ ഇത്തവണ പ്രാദേശിക പാര്‍ട്ടികള്‍ തയാറായിട്ടില്ല. തമിഴ്‌നാടും ആന്ധ്രയും ഒഴിച്ചാല്‍.
യു.പിയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മതനിരപേക്ഷ മുന്നണിയില്‍നിന്ന് പുറത്താകുന്നത് അവരുടെ ദൗര്‍ബല്യമായി കുറ്റപ്പെടുത്തുന്ന ഇടതുപാര്‍ട്ടികള്‍ രണ്ടു കാലിലും മന്തായാണ് ഈ തെരഞ്ഞെടുപ്പിനുമുമ്പില്‍ നില്‍ക്കുന്നതെന്ന് കണ്ണുതുറന്ന് കാണാത്തതെന്തേ. 2004ലും 2019 ലും ഒരേപോലെയാണോ ബി.ജെ.പി ഗവണ്മെന്റ്? മതനിരപേക്ഷ മുഖംമൂടിയുണ്ടായിരുന്നു വാജ്‌പേയി ഗവണ്മെന്റിന്. ഇപ്പോള്‍ തീവ്ര ഹിന്ദുത്വ- ഫാഷിസ്റ്റ് ഭരണ രൂപമാണ് മോദിയുടെ നേതൃത്വത്തില്‍ ഭീഷണമായി നിലനില്‍ക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതു സ്വത്തായ സൈന്യത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയാണ് തെരഞ്ഞെടുപ്പില്‍. ഭൂരിപക്ഷ ഹിന്ദുത്വത്തിന്റെ വൈകാരിതയും ഭയപ്പാടും പ്രസരിപ്പിച്ചാണ് മോദി തെരഞ്ഞെടുപ്പു നയിക്കുന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇനി ഇങ്ങനെ ഒരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ വിളിച്ചുപറയുന്നത്.
ജനാധിപത്യം നിലനില്‍ക്കണോ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്ക് രാജ്യം എന്നത്തേക്കുമായി പതിച്ചുകൊടുക്കണോ? ഇതാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. അത് അംഗീകരിക്കുമെങ്കില്‍ മോദി ഗവണ്മെന്റിനെ താഴെയിറക്കാന്‍ ഏതു മതനിരപേക്ഷ പാര്‍ട്ടികളെ ചേര്‍ത്താണ് ഇടതുപക്ഷം നാടിനെ രക്ഷിക്കുക. 2004ല്‍ കോണ്‍ഗ്രസിന്റെ 145 സീറ്റടക്കം യു.പി.എയുടെ 218 സീറ്റും ഇടതുപക്ഷത്തിന്റെയും മറ്റ് മതനിരപേക്ഷ കക്ഷികളുടെയും പിന്തുണയും ചേര്‍ന്നാണ് വാജ്‌പേയിയുടെ ബി. ജെ.പി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കിയത്. ആരെയൊക്കെ ചേര്‍ത്ത് മോദി ഗവണ്മെന്റിനെ താഴെയിറക്കുമെന്നാണ് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് ആണയിടുന്ന ഇടതുപക്ഷ നേതാക്കളോട് കണ്ണില്‍നോക്കി ചോദിക്കാനുള്ളത്. ഏതായാലും ഒരുമാസക്കാലം എല്‍. ഡി.എഫ് നടത്തിപ്പോന്ന പ്രചാരണത്തിന്റെ മൊത്തം കാറ്റ് രാഹുലിന്റെ വരവോടെ നഷ്ടമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ബി. ജെ. പിയില്‍ ചേരുമെന്നും കോ.ലീ.ബി സഖ്യം ബി. ജെ.പിക്ക് വോട്ടുമറിക്കുമെന്നുമുള്ള പ്രചാരണം.

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending