പ്രൊഫ. പി.കെ.കെ തങ്ങള്‍
അനുകൂലവും പ്രതികൂലവുമായ പ്രാപഞ്ചികവും പദാര്‍ത്ഥപരവുമായ അറിവ് നേടുന്ന പ്രക്രിയയെയാണ് നവലോകം വിദ്യാഭ്യാസമെന്ന സാങ്കേതിക പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മാതാവിന്റെ ഗര്‍ഭാശയം തൊട്ട് ജനനത്തോടൊപ്പവും അതിനുശേഷമുള്ള തുടര്‍ച്ചയായ ജീവിത വളര്‍ച്ചയിലെ അനുനിമിഷ പ്രയാണങ്ങളിലുമെല്ലാം മനുഷ്യന് അറിവ് നേടാനുള്ള അവസരങ്ങളാണ് പ്രകൃത്യാ നിക്ഷിപ്തമായിട്ടുള്ളത്. സഹവാസത്തിലൂടെ ആദ്യസഹവാസം മാതാവും പിതാവും പിന്നെ അന്തരീക്ഷവും കുഞ്ഞില്‍ പകര്‍ന്നുകിട്ടുന്നതെന്തും അനുകൂലമോ പ്രതികൂലമോ ആയ അറിവുകളാണ്. അവിടുന്ന് മുന്നോട്ട്, മുന്‍കാലങ്ങളിലാണെങ്കില്‍ ഗുരുകുലത്തില്‍ നിന്നോ വ്യക്തിഗത ഗുരുക്കന്മാരില്‍ നിന്നോ അറിവ് നേടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇവയേതും കൂട്ടിയോചിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമെന്ന സാങ്കേതിക പേരിലുള്ള അഭിനവ രീതി മനുഷ്യവംശത്തിന്റെ മൊത്തത്തിലുള്ള അഭ്യുന്നതിയെ ലക്ഷ്യമാക്കി പില്‍ക്കാലത്ത് സംവിധാനിക്കപ്പെട്ടിട്ടുള്ളതും ഇന്നും തുടര്‍ന്നുപോരുന്നതുമാണ്. ഉപര്യുക്ത രീതികളിലേതൊന്നിന്റെയും ലക്ഷ്യം മനുഷ്യനില്‍ അറിവെന്ന സത്ത സന്നിവേശിപ്പിക്കുകയെന്നത് മാത്രമാണ്; അറിവുമാത്രമല്ല അതിനോടൊപ്പം പ്രായോഗികതയും. അറിവിന് പ്രാമുഖ്യം കല്പിക്കാത്ത ഒരു സമൂഹവും കടന്നുപോയിട്ടില്ല. ആനുപാതികമായിരിക്കാമെന്ന് മാത്രം. അന്ധകാരയുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട കാലത്ത് പോലും അക്ഷരവും അറിവും രൂഢമൂലമായിരുന്നുവെന്നതിന്റെ ഇന്നും നിലനില്‍ക്കുന്ന തെളിവുകളല്ലേ അന്ധകാരയുഗത്തിലെ സപ്തമഹാകാവ്യങ്ങള്‍! വിജ്ഞാനമെന്നത് ഒരു തുടര്‍ച്ചയാണ്. അത് കൊണ്ടായിരിക്കുമല്ലോ, ഫലിതോക്തിയെങ്കിലും ‘കുഞ്ഞിന്റച്ഛന്‍ വിദ്വാനെങ്കില്‍; കുഞ്ഞിനെ വിദ്യപഠിപ്പിക്കേണ്ട’യെന്ന ചൊല്ലുപോലും നിലനിന്നുപോരുന്നത്. അറിവ് അങ്ങേയറ്റം ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതുമായ പ്രപഞ്ചത്തിലെ ഏറ്റവും മൂല്യവത്തായ നിധിയാണെന്നതില്‍ ആര്‍ക്കാണ് സംശയം?
മാനവികത, ധാര്‍മികത എന്നിവക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയായിരുന്നു മുന്‍തലമുറകള്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്നത്. തലമുറകളെ വാര്‍ത്തെടുക്കേണ്ടത് അറിവെന്ന പോഷണം നല്‍കിക്കൊണ്ടായിരിക്കണം. ഏറെക്കുറെ മുന്‍കാലങ്ങളില്‍ അപ്രകാരം തന്നെ ആയിരുന്നു താനും. എന്നാല്‍ കാല പ്രയാണത്തില്‍ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും വ്യതിയാനങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. മൂല്യാധിഷ്ഠിതക്കു പകരം പണാധിഷ്ഠിത കാഴ്ചപ്പാടിലേക്ക് സമൂഹം ക്രമേണ കൂടു മാറി. ഇന്ന് തുടരുന്നതും അങ്ങനെത്തന്നെ. മൂല്യങ്ങളെ ബഹുഭൂരിഭാഗങ്ങളും അവജ്ഞയോടെ മാത്രം നോക്കിക്കാണുന്നു. എന്തിനേറെ പറയണം, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന ശിലകളായ അധ്യാപനം, പഠനം, പരീക്ഷ, ജയം, തോല്‍വി എന്നിവയോടുള്ള സമീപനം തന്നെനോക്കുക. തൊട്ടു മുമ്പ് കഴിഞ്ഞ അര നൂറ്റാണ്ടിന്റെ രീതികള്‍ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുന്നതേയുള്ളൂ. നമ്മുടെ വിദ്യാലയങ്ങളില്‍ നേരത്തെ നിലനിന്നിരുന്ന വ്യവസ്ഥകളനുസരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠ്യപദ്ധതിപ്രകാരം എല്ലാ വിഷയങ്ങളിലും നിശ്ചിത ശതമാനം മാര്‍ക്കുവാങ്ങുന്നവര്‍ക്കേ മേല്‍ഘട്ടത്തിലേക്ക് പഠനാനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഒരു പരിഷ്‌ക്കാരത്തിന്റെ പേരില്‍ വിഷയങ്ങള്‍ ഗ്രൂപ്പുകളാക്കിത്തിരിച്ച് ഗ്രൂപ്പ് വിജയപരാജയങ്ങള്‍ മാനദണ്ഡങ്ങളാക്കി മാറ്റി. അതും പിന്നിട്ട് ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഒരു വിഷയത്തില്‍ പത്ത് ശതമാനം മാര്‍ക്ക് മാത്രമാണ് കിട്ടിയതെങ്കില്‍ പോലും ഗ്രൂപ്പ് മഹിമയുടെ പേരില്‍ ക്ലാസ് കയറ്റം കൊടുക്കാമെന്നാക്കി. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് ഇത്തരം രീതികള്‍ കാരണം നിലവാരപ്രകാരം അര്‍ഹരല്ലാത്തവര്‍ മേല്‍ ഘട്ടങ്ങളിലേക്കെത്തിച്ചേരുന്നു എന്നതാണ്. അങ്ങിനെ ഘട്ടം ഘട്ടമായി അവര്‍ കടമ്പകള്‍ മറികടന്ന് ‘യോഗ്യത’ നേടിയവരുടെ കൂട്ടത്തിലേക്കെത്തിച്ചേരുന്നു. പൊതുനിലവാരത്തില്‍ വെള്ളംചേര്‍ക്കുന്ന എളുപ്പവഴിയാണിതെന്നാര്‍ക്കാണ് മനസ്സിലാവാത്തത്? ചുരുക്കത്തില്‍, വര്‍ഷങ്ങളെണ്ണിത്തീര്‍ത്താല്‍ കോഴ്‌സെന്ന കടമ്പ കഴിഞ്ഞു! യോഗ്യതയുടെ ആഴമോ പരപ്പോ ഉത്തരവാദപ്പെട്ടവര്‍ ഗൗനിക്കുന്നോ? പരിക്കേല്‍ക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിനും.
നമ്മുടെ, നിലവിലെ വിദ്യാഭ്യാസ മേഖല നയിക്കുന്നവര്‍ കണ്ണും മനവും തുറന്ന് ഉള്‍ക്കൊള്ളേണ്ടുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. കേരളം സാക്ഷരതാ രംഗത്ത് മുന്‍പന്തിയിലാണെന്നതു ന്യായീകരിച്ചാല്‍ തന്നെ തലയെണ്ണി അക്ഷരം തിരിയുമെന്ന് പ്രഖ്യാപിക്കുന്നതിലെന്താണ് പ്രയോജനം? അക്ഷര പരിചയത്തെ കുറച്ചു കാണുന്നില്ല. പക്ഷെ സാക്ഷരത എന്നതുകൊണ്ട് ആശയപരമായി നേടേണ്ടത് നേടുന്നുണ്ടോ? കേരളത്തിലെ പത്താം ക്ലാസ് പഠിച്ചവനും മറ്റു സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് പഠിച്ചവനും തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ? വിദ്യാലയ ജീവിത കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് കിട്ടേണ്ടുന്ന വ്യക്തിവികാസം ഉള്‍പ്പെടെയുള്ള മാനസിക മുന്നേറ്റം അവരില്‍ സാധിതമാകുന്നുണ്ടോ? തള്ളിവിടുന്നതിലും കടത്തിവിടുന്നതിലും മാത്രമല്ലേ സംവിധാനത്തിന്റെ ശുഷ്‌ക്കാന്തി? സ്‌കൂള്‍ പൊതുവിദ്യാലയ സംവിധാനത്തില്‍ സൗജന്യ വിദ്യാഭ്യാസമാണെന്നതിന്റെ പേരില്‍ ഭാവിതലമുറയെ കുരുതികൊടുക്കുന്ന വിധമല്ലേ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അവസ്ഥ. ‘വെറുതെ കിട്ടുന്നതല്ലേ അത്രയൊക്കെ മതി’ എന്നതാണോ ഭരണകൂടത്തിന്റെ നിലപാട്. കേരളത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയ കുട്ടികള്‍ ഇന്നത്തെ അവസ്ഥയില്‍ സംഭ്രാന്തരാണ്. എന്തുകൊണ്ടെന്നാല്‍ അഖിലേന്ത്യാ നിലവാരത്തിലേക്കുള്ള ഒന്നും അവരുടെ കൈകളിലില്ല. അഖിലേന്ത്യാതലത്തിലുള്ള വിദ്യാഭ്യാസരംഗത്തോ മറ്റു ഉന്നത വിദ്യഭ്യാസ തൊഴില്‍ മേഖലകളിലോ ഉന്നത പഠനത്തിനോ ജോലിക്കോ ശ്രമിക്കുന്നവര്‍ ഇതര സംസ്ഥാന അപേക്ഷകരുടെ മുന്നില്‍ നിഷ്പ്രഭരായി പോകുന്നു. കാരണമായി ഒരു വസ്തുത തറപ്പിച്ചു പറയട്ടെ, ഇവിടെ വിദ്യാഭ്യാസ നിലവാരം അളക്കുന്നത് തീര്‍ത്തും ശതമാനക്കണക്കില്‍ മാത്രമാണെങ്കില്‍ മറ്റെവിടെയും, ഇന്ത്യയിലും വിദേശങ്ങളിലും, ഗുണനിലവാരത്തെ ആശ്രയിച്ചാണ് ഉന്നത പഠന രംഗത്തും തൊഴില്‍ രംഗത്തും പരിഗണന. ടീനേജുകാരെയും യുവാക്കളെയും വഞ്ചിക്കുന്നതിലാണ് ഉത്തരവാദപ്പെട്ടവരുടെ നിലപാടുകള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. പഠന നിലവാരം അഥവാ ഗുണമേന്മ പഠിതാക്കളുടെ വ്യക്തി വികാസ മുറകള്‍ എന്നിവയില്‍ വിദ്യാഭ്യാസ സംവിധാനം വീഴ്ച വരുത്തുന്നത് തീര്‍ത്തും കുറ്റകരമാണ്.
ഉന്നത വിദ്യാഭ്യാസരംഗത്ത് വിശേഷിച്ചും ശാസ്ത്രസാങ്കേതിക പഠന മേഖലകളില്‍ ഒരു പ്രവേശനത്തിനായി പരിശ്രമിച്ചു പരാജയപ്പെട്ടവരും, അല്ലെങ്കില്‍ അതിനു തക്ക മികവില്ലാത്തവരുമായിരുന്നു, മുന്‍കാലങ്ങളിലെല്ലാം യു.കെയിലും യു.എസ്.എയിലും മറ്റും ഉന്നത പഠനത്തിനായി പോകാറുണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണെന്നോ? ഇവിടുത്തെ മിക്ക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളിലും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അനുദിനം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കെല്ലാം പഠനാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്. ബാങ്കുകളില്‍ നിന്നും കടമെടുത്തും, അല്ലാത്ത വിധത്തിലും പണം കണ്ടെത്തി അവര്‍ കേരളം വിടുകയാണ്. പഠനത്തോടൊപ്പം തൊഴില്‍ ചെയ്ത് ജീവസന്ധാരണത്തിനുള്ള വഴികണ്ടെത്താനും അവിടങ്ങളിലെല്ലാം അവസരങ്ങളുമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു യാഥാര്‍ഥ്യം കൂടിയുണ്ട്, അതായത് മാനുഷികത, ലോക മാനവികത. നമ്മുടെ ഭരണകൂടത്തിന് ഉദ്‌ഘോഷണം എന്ന ഉപാധിയല്ലാതെ പ്രായോഗികത എന്നൊരു കാഴ്ചപ്പാടുണ്ടോ? അധികാരത്വരയില്‍ കണ്ണ് മഞ്ഞളിച്ചതിനാല്‍ നമ്മുടെ അധികാരികള്‍ക്കിതൊന്നും കാണാനാവുന്നില്ല. ദൂരക്കാഴ്ചയും പ്രായോഗികതയുമില്ലാത്തവര്‍ അധികാരം കൈയാളിയാല്‍ വന്നുചേരുന്ന ദുരന്തമാണിത്. ആകയാല്‍ ഉത്തരവാദപ്പെട്ടവര്‍ നമ്മുടെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യഭ്യാസവും സര്‍വത്ര സ്വീകാര്യമായ ഉന്നത നിലവാരത്തിലേക്ക് മുന്‍കാലങ്ങളിലെ പോലെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതാണ്. ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ‘ഹബ്ബാ’യി കേരളത്തെ വീണ്ടും മാറ്റിയെടുക്കാന്‍ ദിശാബോധമുള്ളവര്‍ മുന്നോട്ടുവരുമെന്നാശിക്കുന്നു.