മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ഒക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ച് 2022 നവംബറില്‍ ഖത്തറിലെ മൊബൈലുകളായിരുന്നു ഇന്റര്‍നെറ്റ് വേഗം കൂടുതല്‍.
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യത്ത് ഉയര്‍ന്ന മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 176.18 എം.ബി.പി.എസും അപ്‌ലോഡ് വേഗം 25.13 എം.ബി.പി.എസുമായിരുന്നു. ഫിഫ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായാണ് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഖത്തര്‍ റെക്കോര്‍ഡ് വേഗത്തിലെത്തിയത്.
ഒക്‌ല പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതില്‍ 100 രാജ്യങ്ങലുടെ പട്ടികയില്‍ പോലുമില്ല. 105-ാം സ്ഥാനത്താണ് ഇന്ത്യ നിക്കുന്നത്. 18.26 എംബിപിഎസ് ആണ് ഡൗണ്‍ലോഡ് സ്പീഡ്. 2022 ഒക്‌ടോബറില്‍ 16.50 എംബിപിഎസ് ആയിരുന്നു വേഗം. അന്ന് 113-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയുടെ ഏറ്റവും വേഗമേറിയ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് നവംബറില്‍ 139.41 എം.ബി.പി.എസായിരുന്നു. 2021 നവംബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന യു.എ.ഇയെ പിന്തള്ളിയാണ് ഇക്കുറി ഖത്തര്‍ മുകളിലെത്തിയത്. കഴിഞ്ഞ ലിസ്റ്റില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ആദ്യപത്തിലുള്ള രാജ്യങ്ങളെല്ലാം ശരാശരി 100 എം.ബി.പി.എസില്‍ കൂടുതല്‍ മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് ഉണ്ടായിരുന്നുവെന്ന് ഓക്‌ല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.