X

ഭീകരരുടെ പട്ടിക പുറത്തിറക്കി ഖത്തര്‍; ചതുര്‍രാഷ്ട്രങ്ങളുടെ നിലപാടിനെ ശരിവെക്കുന്നു: ഖര്‍ഖാഷ്

 

ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി നയതന്ത്രബന്ധ വിഛേദനവും കഴിഞ്ഞ് പത്തു മാസം കഴിഞ്ഞാണ് ഖത്തര്‍ സ്വയം ഭീകരരുടെ പട്ടിക പുറത്തിറക്കിയത്. ഭീകരവാദ ബന്ധം ആരോപിച്ച് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍ ജൂണ്‍ അഞ്ചിനു ഖത്തറുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു. ഖത്തര്‍ സംരക്ഷിക്കുകയോ ഖത്തറിന്റെ തണലില്‍ നിലനില്‍ക്കുകയോ ചെയ്യുന്ന ഭീകരരുടെ പട്ടിക ചതുര്‍രാഷ്ട്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അഭയം നല്‍കുന്നത് ഒഴിവാക്കുന്നതുള്‍പ്പെടെ 13 കാരണങ്ങള്‍ മുന്നോട്ടുവെച്ച് ഖത്തറുമായി സന്ധിയാകാമെന്ന് ഉപാധി വെച്ച് ചതുര്‍രാഷ്ട്രങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
അന്ന് ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന ഖത്തര്‍ ഇപ്പോള്‍ പുറത്തുവിട്ടവരില്‍ പത്തുപേര്‍ ചതുര്‍രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച പട്ടികയില്‍ ഉള്ളവര്‍ തന്നെയാണ്. ഖത്തറിന്റെ തീരുമാനം സഊദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും സ്വാഗതം ചെയ്തു. ഭീകര പട്ടിക വിഷയത്തില്‍ ചതുര്‍ രാഷ്ട്രങ്ങളുടെ നിലപാട് ശരിയെന്നു കാണിക്കുന്നതാണ് ഖത്തറിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഖര്‍ഖാഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഖത്തര്‍ അവര്‍ക്കെതിരെയും പ്രതിസന്ധിയുടെ കാതലായ ഭീകരതയെ പിന്തുണക്കുന്നു എന്നതിനും തെളിവ് ഉണ്ടെന്ന് സമ്മതിച്ചിരിക്കുന്നു – ഖര്‍ഖാഷ് ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ സമ്മര്‍ദത്തില്‍ ഖത്തര്‍ പ്രശ്‌ന പരിഹാരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
11 ഖത്തരികളും നാലു ഈജിപ്തുകാരും രണ്ടു സഊദികളും രണ്ടു ജോര്‍ദാനികളുമാണ് പട്ടികയിലുള്ള വ്യക്തികള്‍. ഖത്തറില്‍ നിന്നുള്ള ആറു സംരംഭങ്ങളും ദാഇഷ് സിനായി ശാഖ, യമനില്‍ നിന്നുള്ള ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുമാണ് വിലക്കപ്പെട്ട പ്രസ്്ഥാനങ്ങള്‍.
പട്ടികയിലുള്ള പ്രമുഖരില്‍ അബ്ദുറഹ്്മാന്‍ അല്‍ നുഐമിയും ഉണ്ട്. 2013 ഡിസംബറില്‍ യുഎസ് ഗവണ്‍മെന്റ് അദ്ദേഹത്തെ ഭീകരവാദി എന്ന് മുദ്രകുത്തിയിരുന്നു. 2014 സെപ്തംബറില്‍ യുഎന്നും ഭീകരവാദിയെന്ന് പ്രഖ്യാപിച്ചു. ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നതായിരുന്നു അബ്ദുറഹ്്മാനെതിരായ വാദം.
64കാരനായ അല്‍ നുഐമിയെക്കുറിച്ച് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദി ട്രഷറി പറഞ്ഞത്, ഇറാഖിലെ അല്‍ഖായിദക്ക് ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നുവെന്നാണ്. സിറിയയിലെ അല്‍ഖാഇദ അംഗങ്ങള്‍ക്കും സോമാലിയയിലെ അല്‍ ശബാബ് അംഗങ്ങള്‍ക്കും യമനിലെ ഒരു ചാരിറ്റി വഴി അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖാഇദക്കും ഇദ്ദേഹം ലക്ഷക്കണക്കിന് ഡോളറുകള്‍ സമ്മാനിച്ചതായും യുഎസ് ട്രഷറി വകുപ്പ് ആരോപിച്ചിരുന്നു. ഡിസംബര്‍ 2016ല്‍ ഐ.എസിനു വേണ്ടി അല്‍ നുഐമി ആയുധം, ആള്‍ബലം, ധനം എന്നിവക്കായി ആഹ്വാനം ചെയ്തതായും പറയപ്പെടുന്നു.

chandrika: