സ്വന്തം ലേഖകന്‍
ദോഹ
ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് മികച്ച മുന്നേറ്റം. ഉന്നത നിലവാരത്തിലുള്ള ആരോഗ്യസംവിധാനങ്ങളുള്ള ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് ഖത്തര്‍. മിഡില്‍ഈസ്റ്റില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കാന്‍ ഖത്തറിനായി. ജിസിസി, അറബ് രാജ്യങ്ങളില്‍ ഖത്തറിന് മാത്രമാണ് ഈ പട്ടികയില്‍ ഇടംനേടാനായതെന്നതും ശ്രദ്ധേയം. മെന മേഖലയില്‍ മറ്റൊരു രാജ്യവും ആദ്യ ഇരുപതിലില്ല. സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും നൂതനമായ പദ്ധതികളും രോഗികേന്ദ്രീകൃത ആരോഗ്യപരിചരണവും മികച്ച സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളും ഖത്തറിന്റെ റാങ്കിങ് ഉയര്‍ത്താന്‍ സഹായകമായിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം ലക്‌സംബര്‍ഗിനാണ്.
സിംഗപ്പൂരാണ് രണ്ടാമത്. സ്വിറ്റ്‌സര്‍ലന്റ്, ജപ്പാന്‍, ഓസ്ട്രിയ, സ്വീഡന്‍, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, ഹോങ്കോങ്, ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മനി, ഖത്തര്‍, ഫിന്‍ലന്‍ഡ്, ദക്ഷിണകൊറിയ, സ്‌പെയിന്‍, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇരുപത് സ്ഥാനങ്ങളിലെത്തിയത്. 2017ലെ ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചികയിലാണ് ഖത്തര്‍ മികച്ച നേട്ടം കൈവരിച്ചത്. 149 രാജ്യങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യം വിലയിരുത്തുകയും സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചുമാണ് റാങ്കിങ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ആരോഗ്യ പരിചരണ സംവിധാനത്തിന്റെ നിലവാരം വിശദമായി പരിശോധിച്ചിരുന്നു.
സമഗ്രമായ വിലയിരുത്തല്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയത്. അടിസ്ഥാന മാനസിക- ശാരീരികാരോഗ്യം, ആരോഗ്യ അടിസ്ഥാന സൗകര്യവികസനം, പ്രതിരോധ പരിചരണത്തിന്റെ ലഭ്യത എന്നിവയാണ് പ്രധാനമായും വിലയിരുത്തിയത്. ലെഗാറ്റം പ്രോസ്‌പെരിറ്റി സൂചികയില്‍ ഖത്തര്‍ ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. 2008ല്‍ ആഗോളതലത്തില്‍ 27-ാം സ്ഥാനത്തായിരുന്നു ഖത്തര്‍. അവിടെനിന്നാണ് ഇപ്പോള്‍ 13-ാം സ്ഥാനത്തേക്കുള്ള കുതിച്ചുചാട്ടം.
ഖത്തറിന്റെ ആരോഗ്യസംവിധാനത്തിലൂടെ രോഗികള്‍ക്ക് എല്ലാ ദിവസവും ലഭ്യമാക്കുന്ന പരിചരണത്തിന്റെ ഉന്നത നിലവാരത്തിനുള്ള മനോഹരവും മികച്ചതുമായ അംഗീകാരമാണ് ആഗോളതലത്തിലെ 13-ാം സ്ഥാനമെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ പരിവര്‍ത്തനം അവിസ്മരണീയമായിരുന്നു.
പരിചരണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതിനൊപ്പം ശേഷി ഉയര്‍ത്താനും സാധിച്ചു. ക്രമാനുഗതമായ വളര്‍ച്ചയാണ് ഓരോ വര്‍ഷവുമുണ്ടായത്. 2011നുശേഷം ഏഴു പുതിയ ആസ്പത്രികളും വിവിധങ്ങളായ സ്‌പെഷ്യലിസ്റ്റ് സൗകര്യങ്ങളും തുടങ്ങാന്‍ എച്ച്എംസിക്കായി. അടിസ്ഥാനസൗകര്യങ്ങള്‍ വലിയതോതില്‍ വികസിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വിവിധങ്ങളായ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രം ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി ദോഹ ക്യാമ്പസില്‍ നാലു പുതിയ ആസ്പത്രികള്‍ തുറന്നു. കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ആംബുലേറ്ററി കെയര്‍ സെന്റര്‍, വുമണ്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവ. രോഗികള്‍ക്ക് മികച്ച പരിചരണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യമേഖലയിലെ നിക്ഷേപമെന്ന് എച്ച്എംസി ആക്ടിങ് ചീ്ഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്ല അല്‍അന്‍സാരി പറഞ്ഞു. ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ പരിചരണം ലഭ്യമാക്കുന്നതിനാണ് തങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്ത്രണ്ട് ആസ്പത്രികള്‍(ഒന്‍പത് സ്‌പെഷ്യലിസ്റ്റ് ആസ്പത്രികളും മൂന്നു കമ്യൂണിറ്റി ആസ്പത്രികളും), നാഷണല്‍ ആംബുലന്‍സ് സര്‍വീസ്, ഹോം ആന്റ് റസിഡന്‍ഷ്യല്‍ കെയര്‍ സേവനങ്ങള്‍ എന്നിവയാണ് എച്ച്്എംസിയുടെ നിയന്ത്രണത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഘടനകളില്‍നിന്നായി വിവിധ മേഖലകളില്‍ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. 2006ല്‍ ആദ്യമായി ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു. 2016ല്‍ വീണ്ടും ലഭിച്ചു. നിരവധി അംഗീകാരങ്ങളും സ്വന്തമാക്കാനായി