Connect with us

Video Stories

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നു

Published

on

 

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം ലേബര്‍ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിനു പുറത്തേക്കു പോകാനാകും. എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകും. ഖത്തറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിത്. തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിനു പുറത്തേക്കു താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല. ഖത്തര്‍ തൊഴില്‍നിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്‌കരിച്ചിരിക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണിത്. നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിനു പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍ നിന്നും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. ലേബര്‍കോഡിനു പുറത്തുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നതിനുള്ള ചടട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് ഇതിന്റെ തുടര്‍ച്ചയായുണ്ടാകും. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ പേരുകള്‍ രേഖപ്പെടുത്തിയ അപേക്ഷ തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴിലുടമ സമര്‍പ്പിക്കണമെന്നത് പുതിയ നിയമത്തിലും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ജീവനക്കാരുടെ തൊഴില്‍ പ്രകൃതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷ നല്‌കേണ്ടത്. എന്നാല്‍ ഇത്തരം ജീവനക്കാരുടെ എണ്ണം കമ്പനിയുടെ ആകെ ജോലിക്കാരുടെ എണ്ണത്തിന്റെ അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടുള്ളതുമല്ല. അതായത് ഒരു കമ്പനിയിലെ ആകെ തൊഴില്‍ശക്തിയുടെ അഞ്ചുശതമാനം തൊഴിലാളികള്‍ക്കു മാത്രമായിരിക്കും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിവരിക. ഖത്തറിന്റെ തീരുമാനത്തെ രാജ്യാന്തര തൊഴില്‍ സംഘടന സ്വാഗതം ചെയ്തു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ നേരിട്ട് ഗുണപരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ തീരുമാനമെന്നും ഐഎല്‍ഒ വ്യക്തമാക്കി. എക്‌സിറ്റ് പെര്‍മിറ്റുകള്‍ പൂര്‍ണമായി അടിച്ചമര്‍ത്തുന്നതിലേക്കുള്ള ഈ ആദ്യ ചുവടുവയ്പ്പ് തൊഴില്‍പരിഷ്‌കരണങ്ങളില്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ കൃത്യമായ അടയാളമാണ്. പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ ഐഎല്‍ഒ ഖത്തറുമായി തുടര്‍ന്നും അടുത്ത് സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് ഖത്തറിലെ ഐഎല്‍ഒ പ്രൊജക്റ്റ് ഓഫീസ് ഹെഡ് ഹൗട്ടന്‍ ഹുമയൂന്‍പുര്‍ പറഞ്ഞു. ഖത്തറിലെ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും മാന്യമായ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ചുവടുവെയ്പ്പാണ് ഈ നിയമമെന്ന് ഭരണ നിര്‍വഹണ തൊഴില്‍ സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി പറഞ്ഞു. വാണിജ്യരജിസ്ട്രി സംബന്ധിച്ച 2005ലെ 25ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ ഒന്‍പതാം നമ്പര്‍ നിയമം, കായിക ക്ലബ്ബുകളുടെ പ്രവര്‍ത്തന നിയന്ത്രണം സംബന്ധിച്ച 2016ലെ ഒന്നാം നമ്പര്‍ നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്തുള്ള 2018ലെ 12ാം നമ്പര്‍ നിയമം, രാഷ്ട്രീയ അഭയം നിയന്ത്രിക്കുന്നത് സംബന്ധിച്ച 2018ലെ 11ാം നമ്പര്‍ നിയമം എന്നിവയക്കും അമീര്‍ അംഗീകാരം നല്‍കി.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending