X
    Categories: MoreViews

പി.വി അന്‍വര്‍ എം.എല്‍.എയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും

മഞ്ചേരി: പി.വി അന്‍വര്‍ എം. എല്‍.എയുടെ സാമ്പത്തിക തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതോടെ ഇടത് സ്വതന്ത്രനായ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ മഞ്ചേരി പൊലീസ് ഒരുങ്ങുന്നു. 2012ല്‍ പ്രവാസി മലയാളിയെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. കര്‍ണാടകയില്‍ കൈമാറ്റാധികാരത്തിലുള്ള ഭൂമി ഉണ്ടെന്നു കാണിച്ച് വിശ്വസിപ്പിച്ച് 50ലക്ഷം തന്റെ പക്കല്‍ നിന്നും വാങ്ങിയെന്നാണ് പരാതി.

കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ കെ.ഇ സ്‌റ്റേണ്‍ എന്ന ക്രഷര്‍ യൂണിറ്റ് നടത്തുന്നുണ്ടെന്നാണ് തന്നെ വിശ്വസിപ്പിച്ചിരുന്നതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ പക്കല്‍ നിന്ന് 10ലക്ഷം രൂപ ചെക്കായും 40ലക്ഷം പണമായും കൈപറ്റി. 2012ലാണ് ഈ ഇടപാട് നടന്നത്. പിന്നീട് ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും പറയുന്നു.

കേസില്‍ അനേ്വഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് കര്‍ണാടകയിലെത്തി രേഖകള്‍ പരിശോധിച്ചതോടെ പി.വി അന്‍വര്‍ നിയമലംഘനം നടത്തിയതായി തെളിഞ്ഞു. 50 ലക്ഷം സലീമില്‍ നിന്നും സ്വന്തമാക്കിയ സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്. പ്രവാസി മലയാളിയായ സലീമുമായി ഉണ്ടാക്കിയ കരാറില്‍ അന്‍വര്‍ രേഖപ്പെടുത്തിയിരുന്നത് തനിക്ക് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റും 22 ഏക്കര്‍ സ്ഥലവും ഉണ്ടെന്നായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മംഗലാപുരത്തെത്തിയ മഞ്ചേരി പൊലീസ് ഇവയെല്ലാം വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തി. തന്റെ പേരിലുള്ള ഭൂമിക്ക് അഞ്ച് കോടി രൂപ വിലയുണ്ടെന്ന എം.എല്‍.എയുടെ വാദവും ഇതോടെ പൊളിഞ്ഞു. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ ഇടപാട് നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അന്‍വര്‍ ക്രഷര്‍ യൂണിറ്റ് വാങ്ങിയതെന്ന് രേഖകള്‍ തെളിയിക്കുന്നു. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എം.എല്‍.എയെ ഉടന്‍ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും അനുമതിക്കായി കാത്തുനില്‍ക്കുകയാണ് സംഘം. ചോദ്യം ചെയ്യുന്നതോടെ എം.എല്‍.എയുടെ അറസ്റ്റിലേക്കും പൊലീസ് നീങ്ങുമെന്ന സൂചനയുമുണ്ട്.

chandrika: