പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ (മാര്‍ച്ച് മൂന്നിന്) നടക്കും. മലപ്പുറം ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ടായിരത്തിന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.