2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.
അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.
പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.